X

ഞങ്ങള്‍ക്ക് ഇത്‌ ഈ വസ്ത്രമണിഞ്ഞും ചെയ്യാം; ജാപ്പനീസ് ബുദ്ധ സന്ന്യാസിമാരുടെ ഈ വെല്ലുവിളി വീഡിയോകളുടെ പിന്നിലൊരു കാര്യമുണ്ട്

വീഡിയോകള്‍ വൈറലാകാന്‍ തുടങ്ങിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് പല ഭാഗത്തു നിന്നുമുണ്ടായത്

കുറച്ചു ദിവസങ്ങളായി ട്വിറ്റര്‍ ലോകത്ത് ഒരുകൂട്ടം ജാപ്പനീസ് ബുദ്ധ സന്ന്യാസിമാരുടെ വീഡിയോകള്‍ വൈറലാണ്. തിരുവസ്ത്രമണിഞ്ഞുകൊണ്ട് സന്ന്യാസിമാര്‍ സ്‌കിപ്പിംഗും സ്‌കേറ്റിങ്ങും പോലുള്ള കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വീഡിയോകളാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. സന്ന്യാസിമാര്‍ ഈ വീഡിയോകള്‍ വെറുതെ പോസ്റ്റ് ചെയ്യുന്നതല്ല. ‘ഐ കാന്‍ ഡൂ ദിസ് ഇന്‍ മോങ്ക്‌സ് റോബ്‌സ്’ എന്ന ഹാഷ് ടാഗിലൂടെ അനേകം വീഡിയോകള്‍ ബന്ധിക്കപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനു പിന്നില്‍ ഒരു ഉദ്ദേശമുണ്ട്.

പരമ്പരാഗത തിരുവസ്ത്രമണിഞ്ഞുകൊണ്ട് തങ്ങള്‍ക്ക് ഏതൊരു പ്രവര്‍ത്തിയും ചെയ്യാനാകുമെന്നും, കായികവൃത്തികള്‍ക്ക് തിരുവസ്ത്രം തടസമാണെന്ന ധാരണ തെറ്റാണെന്നുമാണ് ഓരോ വീഡിയോയിലൂടെയും ഈ സന്യാസിമാര്‍ വിളിച്ചു പറയുന്നത്. അങ്ങനെ അവര്‍ക്ക് എടുത്തുപറയേണ്ടി വന്നതിനു പിന്നില്‍ ഒരു സംഭവമുണ്ട്. പേര് പറയാനാഗ്രഹിക്കാത്ത ഒരു ബുദ്ധ സന്ന്യാസിയോട് കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവസ്ത്രമണിഞ്ഞ് വാഹനം ഓടിക്കുന്നത് സുരക്ഷിതമല്ല എന്ന പേരില്‍ പോലീസ് ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ പരമ്പരാഗത തിരുവസ്ത്രം വാഹനമോടിക്കുന്നതിനു തടസമല്ലെന്നും കഴിഞ്ഞ 20 വര്‍ഷങ്ങളായി തിരുവസ്ത്രമണിഞ്ഞുകൊണ്ടു തന്നെയാണ് താന്‍ സുരക്ഷിതമായി െ്രെഡവ് ചെയ്യുന്നതെന്നും സന്ന്യാസി അറിയിച്ചു. പിഴയടക്കാന്‍ വിസമ്മതിക്കുകയും സുരക്ഷ കാര്യത്തില്‍ തന്‍ ഒരു വിട്ടു വീഴ്ചയും വരുത്തുന്നില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാകും എന്നും സന്ന്യാസി തറപ്പിച്ചു തന്നെ പറഞ്ഞു. പിന്നീട് അങ്ങോട്ട് ഈ വിഷയത്തില്‍ ലേഖനങ്ങള്‍ വന്നതോടെയാണ് സംഭവം ആളുകള്‍ അറിഞ്ഞു തുടങ്ങുന്നത്. അപ്പോള്‍ത്തന്നെ നിരവധി ബുദ്ധമത വിശ്വാസികള്‍ സന്ന്യാസിയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. തിരുവസ്ത്രത്തെക്കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ മാറുവാനാനായി തനിക്ക് തിരുവസ്ത്രമണിഞ്ഞ് പലതും ചെയ്യാനാകുമെന്ന് തെളിയിക്കുന്ന സ്വന്തം വീഡിയോ നിരവധി സന്ന്യാസിമാര്‍ ഹാഷ്ടാഗോടെ ട്വിറ്ററിലിട്ടു.

വീഡിയോകള്‍ വൈറലാകാന്‍ തുടങ്ങിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് പല ഭാഗത്തു നിന്നുമുണ്ടായത്. ഭൂരിഭാഗം പേരും ഈ സന്യാസിമാരുടെ ധീരതയെയും വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള ഇച്ഛാശക്തിയെയും അഭിനന്ദിക്കുന്നു. ചിലര്‍ ഇതിനെ സന്ന്യാസിമാര്‍ക്ക് ചേരാത്ത പ്രവര്‍ത്തി എന്ന് പരിഹസിച്ചു. എന്തായാലും സന്യാസിമാരോട് ഐക്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിനാളുകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും വിഡീയോ പങ്കിടുന്നത്.