തെരഞ്ഞെടുപ്പ് കാലത്ത് വ്യാജവാര്‍ത്തകള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനമുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ കമ്പനികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാജവാര്‍ത്തകളും അസത്യപ്രസ്താവനകളും വീഡിയോകളും ലക്ഷക്കണക്കിനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ വന്ന വീഡിയോകളിലൊന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ഇറ്റലിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വൈറലായ ഈ വീഡിയോയ്ക്ക് പിന്നിലുള്ള വാസ്തവം എന്താണ് എന്നു ചൂണ്ടിക്കാട്ടുകയാണ് ആള്‍ട്ട് ന്യൂസ്.
ഒരു മിനിറ്റ് നീളമുള്ള വീഡിയോയില്‍ ഇറ്റലിയിലെ യൂറോപ്യന്‍ മാതൃകയിലുള്ള വമ്പന്‍ കെട്ടിടത്തിനു മുന്നില്‍ നിന്ന് ഗുജറാത്തി ഭാഷയില്‍ ഒരാള്‍ സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. “ഇത് രാജീവ് ഗാന്ധിയുടെ മകന്‍ പപ്പുവിന്റെ കെട്ടിടങ്ങളാണ്. ഒരു രാജ്യത്തെ മുഴുവന്‍ കൊള്ളയടിച്ചിട്ടാണ് അയാള്‍ ഈ കെട്ടിടങ്ങള്‍ വാങ്ങിയിരിക്കുന്നത്. ഞാനിപ്പോള്‍ ഇറ്റലിയിലാണ്. ഇത് രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും കെട്ടിടമാണ്. പപ്പു ഇന്ത്യയിലിരുന്നു കൊണ്ട് ഈ കെട്ടിടങ്ങളില്‍ കൂടി പൈസ സമ്പാദിക്കുകയാണ്. ഈ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുകയാണ് അയാളുടെ ജോലി. അയാള്‍ ഇന്ത്യയെ കൊള്ളയടിച്ചു. പപ്പുവിനെ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് പുറത്തെറിയുക. ജയ് ശ്രീകൃഷ്ണ, ഞാന്‍ ഇറ്റലിയിലാണ്” എന്ന് വീഡിയോയിലുള്ളയാള്‍ കെട്ടിടത്തിലേക്ക് കൈ ചൂണ്ടി പറയുന്നു.
ഫേസ്ബുക്കിലെ മേരാ ഭാരത് മഹാന്‍ എന്ന പേജില്‍ ശനിയാഴ്ച അപ്‌ലോഡ് ചെയ്ത ഈ വീഡിയോ രണ്ടു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. 15,000 പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ ഇത് റീട്വീറ്റ് ചെയ്തവരില്‍ ആര്‍എസ്എസ് സഹയാത്രികനും റിസര്‍വ് ബാങ്ക് ഡയറക്ടറുമായ എസ്. ഗുരുമൂര്‍ത്തി ഉള്‍പ്പെടെയുള്ളവരുണ്ട്.
എന്നാല്‍ ഈ കെട്ടിടങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? ഇറ്റലിയിലെ ടൂറിനിലുള്ള Piazza Castello ആണ് ഈ കെട്ടിടങ്ങള്‍. 16-ാം നൂറ്റാണ്ടില്‍ പണിതിട്ടുള്ള റോയല്‍ പാലസ് ഓഫ് ടൂറിന്‍, മ്യൂസിയങ്ങള്‍, തിയേറ്ററുകള്‍ ഉള്‍പ്പെടുന്ന ചതുരാകൃതിയിലുള്ള കെട്ടിടമാണിത്. ഇതിലെ മിക്ക കെട്ടിടങ്ങളും ലോകപൈതൃകങ്ങളുടെ പട്ടികയില്‍ പെടുത്തി യുനെസ്‌കോ സംരക്ഷിക്കുന്നതും. ഈ കെട്ടിടങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളതായി ചിത്രീകരിച്ചിരിക്കുന്നതും രാഹുല്‍ ഇത് വാടകയ്ക്ക് കൊടുത്തിരിക്കുന്നതായി പ്രചരിപ്പിക്കുന്നതും.
യുട്യുബിലടക്കം ഈ അതിപ്രശസ്തമായ കെട്ടിട സമുച്ചയങ്ങളുടെ നിരവധി ചിത്രങ്ങള്‍ ലഭ്യമാണങ്കിലും നുണപ്രചരണം വിശ്വസിച്ച് അത് പ്രചരിപ്പിക്കുന്നത് നിരവധി പേരാണ്. ചിലരുടെയെങ്കിലും മനസില്‍ സംശയമുണ്ടാക്കാനും ഈ വീഡിയോകള്‍ക്കാകുന്നുവെന്ന് ആള്‍ട്ട്‌ന്യൂസ് ചൂണ്ടിക്കാട്ടുന്നു.
Leave a Comment