X

‘പി ബി’ അഥവാ ‘പൊട്ടിത്തെറിക്കാത്ത ബുദ്ധി’

യാതൊരു അതിവൈകാരികതയും കൂടാതെ, ഒന്നും സംഭവിക്കാത്ത മട്ടില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ യെച്ചൂരിയെ കുറിച്ചാണ് ആ സമയത്ത് അവിടെയുണ്ടായിരുന്ന സെബി പറയുന്നത്.

പി ബി എന്ന് മലയാള മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോയെ ഉദ്ദേശിച്ചാണ്. പിബി യോഗം എന്നാല്‍ അത് ഏത് പാര്‍ട്ടിയുടേതാണെന്ന് വാര്‍ത്ത വായിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാം. എന്നാല്‍ പിബി എന്നാല്‍ പൊളിറ്റ് ബ്യൂറോ എന്ന് മാത്രമല്ല അര്‍ത്ഥമെന്നും പൊട്ടിത്തെറിക്കാത്ത ബുദ്ധി എന്ന് കൂടിയാണെന്നും ഒരു വിലയിരുത്തലുണ്ട്. ഡല്‍ഹിയിലെ മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സെബി മാത്യുവാണ് ഫേസ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. സെബി മാത്യു പറയുന്നു:

സമയം നാലുമണി. എകെജി ഭവന്റെ ഒന്നാം നിലയിലെ ഹാളില്‍ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള ചോദ്യങ്ങളുമായി മാധ്യപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു. പെട്ടെന്നാണ് വാതില്‍ നിന്ന് ഒരു ബഹളം. സിപിഎം മൂര്‍ധാബാദ്, ഭാരതീയ ഹിന്ദു സേന കീ ജയ്. എല്ലാവരും വാതില്‍ക്കലേക്കു പാഞ്ഞു. അര്‍ഹിക്കുന്ന കൈകാര്യങ്ങളേറ്റു വാങ്ങിയ സേനക്കാരെ പോലീസ് ഏറ്റുവാങ്ങി.
അഞ്ചു മിനിട്ടിനുള്ളില്‍ ചിരിച്ചു കൊണ്ട് യെച്ചൂരി ഹാളിനകത്തേക്കു വരുന്നു. അതിഭീകര വൈകാരിക പ്രതികരണങ്ങളുടെ പ്രതീക്ഷകള്‍ക്കു മീതെ ഒന്നും സംഭവിക്കാത്തതു പോലെ എന്നാല്‍, തുടങ്ങുകയല്ലേ എന്ന മട്ടില്‍ അദ്ദേഹം പതിവ് പത്ര സമ്മേളനത്തിനൊരുങ്ങി. ഇതിനിടെ എന്തെങ്കിലും പറ്റിയോ എന്നാരാഞ്ഞ് ഓടിയെത്തിയ വൃന്ദ കാരാട്ടിനെ ഒന്നുമില്ലെന്നു പറഞ്ഞു മടക്കി. ഇതൊക്കെ അവരുടെ ആഘോഷത്തിന്റെ ഭാഗമല്ലേയെന്നു പറഞ്ഞ് ചിരിച്ചു കൊണ്ടു തന്നെ ആദ്യ പ്രതികരണം.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ, പിബി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന് മുമ്പ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസായ ന്യൂഡല്‍ഹി എകെജി ഭവനില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. എന്നാല്‍ യാതൊരു അതിവൈകാരികതയും കൂടാതെ, ഒന്നും സംഭവിക്കാത്ത മട്ടില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ യെച്ചൂരിയെ കുറിച്ചാണ് ആ സമയത്ത് അവിടെയുണ്ടായിരുന്ന സെബി പറയുന്നത്. ഒരു ചാര്‍മിനാര്‍ വലിച്ചു പുകയൂതുന്ന ലാഘവത്തോടെയായിരുന്നു യെച്ചൂരിയുടെ പക്വമായ രാഷ്ട്രീയ പ്രതികരണമെന്ന് സെബി പറയുന്നു. “എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ എന്ന രീതിയിലേക്ക് ഒരു മിനിട്ട് കൊണ്ട് മാറ്റി മറിക്കാമായിരുന്ന മാധ്യമ ശ്രദ്ധയെ ബോധ പൂര്‍വം അതിലേറെ പക്വതയോടെ യെച്ചൂരി നേരിട്ടു. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊക്കെ ഞാനെന്ന ഭാവമില്ലാതെ രാഷ്ട്രീയമായ മറുപടികള്‍ പറഞ്ഞു”.

സെബി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

This post was last modified on June 9, 2017 5:31 pm