X

ആര്‍എസ്എസ് ശാഖയില്‍ വരാത്തതിന് ചെങ്ങന്നൂരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

അനന്ദുവിനെ സ്വഭാവദൂഷ്യം മൂലം സംഘത്തില്‍ നിന്നും പുറത്താക്കിയെന്നാണ് ആര്‍എസ്എസ് പ്രദേശിക നേതൃത്വം പ്രചരിപ്പിക്കുന്നത്

ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയതിന്റെ പേരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂര്‍ പുലിയൂരില്‍ അനന്ദു എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇക്കാര്യം വെളിപ്പെടുത്തുന്ന അനന്ദുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കഴിഞ്ഞ എട്ട് വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നും എന്നാല്‍ ജോലി സംബന്ധമായ തിരക്കുകള്‍ മൂലം കഴിഞ്ഞ മൂന്ന് മാസക്കാലമായി ശാഖയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നും അനന്ദു തന്റെ വീഡിയോയില്‍ പറയുന്നു. താന്‍ സംഘത്തില്‍ നിന്നും മാറി വേറെ സംഘടനയില്‍ ചേരുന്നുവെന്നും കരുതി പരസ്യമായി കുറ്റപ്പെടുത്തുകയും സംഘംത്തിലേക്ക് തിരികെയെത്താന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇത്തരത്തില്‍ ഭീഷണി മുഴക്കിയത് എന്നാല്‍ ഇതേക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.

എന്നാല്‍ സംഘപരിവാര്‍ നേതാവായ കൃഷ്ണകുമാര്‍ പാലച്ചുവട് ജംഗ്ഷനില്‍ വച്ച് തന്നെ തടഞ്ഞു നിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. അനന്ദു കാരണം മറ്റ് ചെറുപ്പക്കാരും ശാഖയ്ക്ക് എത്തുന്നില്ലെന്നും അന്ന് വൈകിട്ട് തന്നെ ശാഖയ്ക്ക് എത്തണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ തന്റെ അവസ്ഥ ഇയാളെ മനസാക്കിക്കാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അനന്ദു പറയുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ ഇയാള്‍ പിന്‍വാങ്ങിയെങ്കിലും അന്നേ ദിവസം ആറ്, ഏഴ് വണ്ടികളായി എത്തിയ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അനന്ദുവിനെ വീട് കയറി ആക്രമിച്ചതായും വീഡിയോയില്‍ പറയുന്നു. വീട്ടില്‍ നിന്നും വലിച്ചിഴച്ച തന്നെ നിലത്തിട്ട് ചവിട്ടുകയും തടയാന്‍ വന്ന അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു.

പിറ്റേദിവസം തന്നെ ചെങ്ങന്നൂര്‍ പോലീസില്‍ അനന്ദു പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അനന്ദുവിനെ സ്വഭാവദൂഷ്യം മൂലം സംഘത്തില്‍ നിന്നും പുറത്താക്കിയെന്നാണ് ആര്‍എസ്എസ് പ്രദേശിക നേതൃത്വം പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് താന്‍ വീഡിയോയുമായി രംഗത്തെത്താന്‍ കാരണമെന്നും അനന്ദു പറയുന്നു. അനന്ദുവിനെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് ആര്‍എസ്എസ് നേതൃത്വം പറയുന്നത്. എന്നാല്‍ ഇവര്‍ ചവിട്ടിയതിന്റെ പാടുകള്‍ ഇപ്പേഴും തന്റെ ശരീരത്തിലുണ്ടെന്ന് അനന്ദു വെളിപ്പെടുത്തി. നാട്ടുകാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ആര്‍എസ്എസുകാര്‍ തന്നെ അവിടെവച്ച് തന്നെ തല്ലിക്കൊല്ലുമായിരുന്നെന്നാണ് അനന്ദു പറയുന്നത്.

This post was last modified on March 18, 2018 4:05 pm