X

റഷ്യന്‍ സൈബര്‍ ആക്രമണ സാധ്യത: ജാഗ്രത ശക്തമാക്കി ബ്രിട്ടന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനായ വ്യവസായി നിക്കോളായ് ഗ്‌ളൂഷ്‌കോവിന്റേയും മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രൈപലിന്റേയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണ് എന്നാണ് ബ്രിട്ടന്റെ ആരോപണം.

റഷ്യ സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത ശക്തമാക്കിയതായി ബ്രിട്ടന്‍. ബാങ്കുകള്‍, ഊര്‍ജ്ജ, ജലവിഭവകമ്പനികള്‍ തുടങ്ങിയവയോടെല്ലാം ജാഗ്രത പാലിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നു. ദ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ലോയ്ഡ്‌സ് പോലുള്ള പ്രധാന ഫിനാന്‍സ് കമ്പനികള്‍, വാട്ടര്‍ യുകെ, ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി ജിസിഎച്ച്ക്യു, ചാര സംഘടനകളായ എംഐ5, എംഐ6 എന്നിവയെല്ലാം ജാഗ്രതയിലാണ്. വൈദ്യുതി, ആണവ മേഖലകളിലും ആക്രമണ സാധ്യത ബ്രിട്ടന്‍ കാണുന്നുണ്ട്. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ യുകെ പുറത്താക്കിയപ്പോള്‍ തിരിച്ച് അതുപോലെ 23 ബ്രിട്ടീഷ് പ്രതിനിധികളെ റഷ്യയും പുറത്താക്കിയിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനായ വ്യവസായി നിക്കോളായ് ഗ്‌ളൂഷ്‌കോവിന്റേയും മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രൈപലിന്റേയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണ് എന്നാണ് ബ്രിട്ടന്റെ ആരോപണം. നാഡീവിഷ പ്രയോഗത്തിലാണ് സര്‍ജി സ്‌ക്രൈപല്‍ കൊല്ലപ്പെട്ടത്. റഷ്യ വിട്ട് ബ്രിട്ടനില്‍ അഭയം തേടിയവരോട് ജാഗ്രത പാലിക്കാന്‍ യുകെ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി ഓരോ സ്ഥലത്തും റഷ്യക്കാര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

This post was last modified on March 30, 2018 10:29 am