X

ബുള്ളറ്റ് ട്രെയിന്‍ അല്ല, ഇതു മുംബൈയിലെ ‘വാട്ടര്‍ ട്രെയിന്‍’/ വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് മെയ്‌റോണ്‍ അന്തോണി എന്നയാള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത 42 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ വൈറലാകുന്നത്. മുംബൈയിലെ ഒരു സബര്‍ബന്‍ സ്റ്റേഷനിലേക്ക് എത്തുന്ന ട്രെയിന്‍ ആണ് വീഡിയോയില്‍ ഉള്ളത്. അതിലെന്താ ഇത്ര വൈറല്‍ ആകാന്‍ ഉള്ളത് എന്നാണോ! ആ കാഴ്ച കണ്ടാല്‍ നിങ്ങള്‍ രണ്ടു തരത്തില്‍ പ്രതികരിക്കും. ഒന്ന്, പുതിയ ട്രോളുകള്‍ക്ക് വിഷയമായെന്നോര്‍ത്ത് ആഹ്ലാദിക്കും, രണ്ട്, മനുഷ്യജീവനെക്കുറിച്ചോര്‍ത്ത് ഭയപ്പെടും.

ഇനി കാര്യത്തിലേക്ക് വരാം. മുംബൈയില്‍ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. നഗരം പലയിടങ്ങളിലും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ പലതും ഇതേ ഗതിയിലാണ്. വെള്ളമായതുുകൊണ്ട് ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാമെന്നു കരുതിയാല്‍ അതിലും വലിയ ദുരിതമാകും. മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകള്‍ ഒരു ദിവസം കയറ്റിക്കൊണ്ടു പോകുന്നത് ഏതാണ്ട് 70 ലക്ഷം പേരെയാണ്. ട്രെയിനുകള്‍ റദ്ദ് ചെയ്താല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് എത്രത്തോളമായിരിക്കുമെന്ന് ഈ കണക്ക് തന്നെ വ്യക്തമാക്കും. അതൊഴിവാക്കാനാണ് പല ട്രെയിനുകളും ഓടാന്‍ തയ്യാറാകുന്നത്.

ഈ സാഹചര്യത്തിലാണ് നല്‍സോപാര സബര്‍ബന്‍ സ്റ്റേഷനില്‍ നിന്നുള്ള ഈ കാഴ്ച വൈറല്‍ ആകുന്നത്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ട്രാക്കിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് വെള്ളം ചീറ്റിച്ചുകൊണ്ട് സ്‌റ്റേഷനിലേക്കു വരുന്ന ട്രെയിനാണ് വീഡിയോയില്‍. അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വാട്ടര്‍ ട്രെയിന്‍ പോലെയാണ് അതിന്റെ വരവ്.

ഈ വീഡിയോ വൈറലായതിനു പിന്നാലെ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ചിലരിതനെ ഒരു തമാശയോടെ കാണുമ്പോള്‍ മറ്റുള്ളവര്‍ വലിയൊരു അപകടസാാധ്യതയാണ് ഇതില്‍ കാണുന്നത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നവരെ അപകടത്തില്‍ പെടുത്താന്‍ ഇടയാക്കിയേക്കാവുന്നതാണ് ഇത്തരം സാഹചര്യങ്ങളെന്നും മുന്‍കരുതല്‍ എടുക്കണമെന്നും പറയുന്നു.