X

“പ്രിയപ്പെട്ട ഗഡ്കരിജി, മാപ്പ്”…..കേജ്രിവാളിന്റെ മാപ്പുകള്‍ തുടരുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കോടതികളില്‍ ഇത്തരം മാനനഷ്ട കേസുകളടക്കമുള്ളവ നേരിടേണ്ടി വരുന്നത് മൂലം വലിയ തോതില്‍ സമയ നഷ്ടവും പണ നഷ്ടവും ഉണ്ടാവുന്നതും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇത്തരം കേസുകള്‍ ക്ഷമ ചോദിച്ച് ഒത്തുതീര്‍പ്പാക്കുന്നത് എന്നാണ് എഎപി നേതൃത്വത്തിന്റെ വിശദീകരണം

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാള്‍ ഇപ്പോള്‍ മാപ്പ് പറയുന്ന തിരക്കിലാണ്. പഞ്ചാബിലെ ശിരോമണി അകാലി ദള്‍ നേതാവും എംപിയുമായ ബിക്രം സിംഗ് മജീതിയയോട് മാപ്പ് പറഞ്ഞ് വിവാദമുണ്ടാക്കിയ കേജ്രിവാള്‍ ഇപ്പോള്‍ മാപ്പപേക്ഷിച്ചിരിക്കുന്നത് കേന്ദ്ര ഗതാഗത മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിയോടാണ്. കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെടാതെ ഞാന്‍ താങ്കള്‍ക്കെതിരെ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത് താങ്കളെ വേദനിപ്പിച്ചതിനെ തുടര്‍ന്നാണ് താങ്കള്‍ എനിക്കെതിരെ മാനനഷ്ട കേസ് നല്‍കിയത് എന്ന് ഞാന്‍ അറിയുന്നു. എനിക്ക് താങ്കളോട് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഖേദിക്കുന്നു. ഈ പ്രശ്‌നത്തിലെ കോടതി നടപടികള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാം. നമ്മുടെ ഊര്‍ജ്ജം ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനായി ഉപയോഗിക്കാം – മാര്‍ച്ച് 16ന് ഗഡ്കരിക്കയച്ച കത്തില്‍ കേജ്രിവാള്‍ പറയുന്നു. ഗഡ്കരിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിലാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നത്.

പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണത്തിലാണ് അകാലദി ദള്‍ നേതാവും പഞ്ചാബ് മുന് മന്ത്രിയുമായ ബിക്രം സിംഗ് മജീതിയയോട് കേജ്രിവാള്‍ കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ചത്. ഇതില്‍ പ്രതിഷേധിച്ച് എഎപി പഞ്ചാബ് സംസ്ഥാന അധ്യക്ഷ പദവി, പാര്‍ട്ടി എംപിയായ ഭഗവത് സിംഗ് മന്‍ രാജി വച്ചിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കോടതികളില്‍ ഇത്തരം മാനനഷ്ട കേസുകളടക്കമുള്ളവ നേരിടേണ്ടി വരുന്നത് മൂലം വലിയ തോതില്‍ സമയ നഷ്ടവും പണ നഷ്ടവും ഉണ്ടാവുന്നതും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇത്തരം കേസുകള്‍ ക്ഷമ ചോദിച്ച് ഒത്തുതീര്‍പ്പാക്കുന്നത് എന്നാണ് എഎപി നേതൃത്വത്തിന്റെ വിശദീകരണം. ഡല്‍ഹി ക്രിക്കറ്റ് അസോസിഷനുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസിന്റെ നടപടികള്‍ തുടരുകയാണ്. 33 മാനനഷ്ട കേസുകളാണ് അരവിന്ദ് കേജ്രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരെയുള്ളത്.

This post was last modified on March 20, 2018 10:18 am