X

ബിജെപിയുടെ മുദ്രാവാക്യം ‘ബേട്ടാ ബച്ചാവോ’: അമിത് ഷായുടെ മകനെതിരെ രാഹുല്‍ ഗാന്ധി

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി മോദി സര്‍ക്കാരിന്റെ കാലത്ത് നേടിയ വളര്‍ച്ചയെ ന്യായീകരിച്ച കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്.

ബിജെപിയുടെ മുദ്രാവാക്യം “ബേട്ടി ബച്ചാവോ” (പെണ്‍കുട്ടികളെ രക്ഷിക്കൂ) എന്നതില്‍ നിന്ന് “ബേട്ടാ ബച്ചാവോ” (ആണ്‍കുട്ടികളെ രക്ഷിക്കൂ) എന്നായി മാറിയത് അദ്ഭുതകരമാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി മോദി സര്‍ക്കാരിന്റെ കാലത്ത് നേടിയ വളര്‍ച്ചയെ ന്യായീകരിച്ച കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള മോദി സര്‍ക്കാരിന്റെ പദ്ധതിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ. നഷ്ടത്തിലായിരുന്ന ജയ് ഷായുടെ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഒരു വര്‍ഷം കൊണ്ട് 16000 മടങ്ങ് ലാഭമുണ്ടാക്കിയതാണ് വിവാദമായിരിക്കുന്നത്. 2014–15 സാമ്പത്തിക വർഷത്തിൽ ഈ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നു. എന്നാൽ, 2015–16 സാമ്പത്തിക വർഷത്തിൽ ഇത് 80.5 കോടി രൂപയായി ഉയർന്നതായാണ് റിപ്പോർട്ട്.

റജിസ്ട്രാർ ഓഫ് കമ്പനീസിന് ജയ് ഷാ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഈ ദ വയര്‍ (thewire.in) ആണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖയനുസരിച്ച് കാർഷിക ഉൽപന്നങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയാണ് ‘ടെംപിൾ എന്റർപ്രൈസസ്’. രാജേഷ് ഖാണ്ഡ്‌വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിൽനിന്ന് ജയ് ഷായുടെ കമ്പനിക്ക് 15.78 കോടി രൂപയുടെ ‘അനധികൃത വായ്പ’ ലഭിച്ച അതേ വർഷമാണ് കമ്പനി അസ്വാഭാവിക വരുമാനം നേടിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപി പിന്തുണയുള്ള രാജ്യസഭാ എംപിയും റിലയൻസ് ഇൻഡസ്ട്രീസിൽ സീനിയർ എക്സിക്യൂട്ടീവുമായ പരിമാൾ നാഥ്‌വാനിയുടെ ബന്ധുവാണ് രാജേഷ് ഖാണ്ഡ്‌വാല. വെറും ഏഴു കോടി മാത്രം വരുമാനമുള്ള സമയത്താണ് ഖാണ്ഡ്‌വാലയുടെ ധനകാര്യ സ്ഥാപനമായ കിഫ്സ് (കെഐഎഫ്എസ്) ടെംപിൾ എന്റർപ്രൈസസിന് 15.78 കോടി രൂപ വായ്പ നൽകിയത്. ടെംപിൾ എന്റർപ്രസൈസ് സമർപ്പിച്ച രേഖകളെക്കുറിച്ച് കിഫ്സിന്റെ വാർഷിക റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും, ജയ് ഷായുടെ കമ്പനിക്കു നൽകിയ വായ്പയെക്കുറിച്ച് ഒന്നും പറയുന്നില്ല.

റജിസ്ട്രാർക്ക് സമർപ്പിച്ച രേഖകളനുസരിച്ച് വിവിധ കാർഷിക ഉൽപന്നങ്ങളുടെ വിൽപനയിലൂടെയാണ് കമ്പനി ഇത്രവലിയ വരുമാന വർധന സാധ്യമാക്കിയത്. 80.5 കോടി രൂപയുടെ വരുമാനം ലഭിച്ചതിൽ 51 കോടിയും വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ നേടിയതാണ്. തൊട്ടുമുൻപുള്ള വർഷം കയറ്റുമതി ഉണ്ടായിരുന്നില്ല. എന്നാൽ, 2016 ഒക്ടോബറിൽ ടെംപിൾ ഇൻഡസ്ട്രീസ് പ്രവർത്തനം നിർത്തിവച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിക്ക് നഷ്ടം സംഭവിച്ചതിനെ തുടർന്നായിരുന്നു ഇത്.

This post was last modified on October 10, 2017 1:17 pm