X

പ്രധാനമന്ത്രി സ്വര ഭാസ്‌കര്‍ രാജി വയ്ക്കണം: ട്വിറ്ററിലെ പുതിയ ആവശ്യം

മോദിയുടെ നയങ്ങളെയും പ്രവൃത്തികളെയും വിമര്‍ശിച്ചുകൊണ്ടുള്ള ന്യൂസ് റിപ്പോര്‍ട്ടുകളില്‍ മോദിയുടെ പേരിനും ചിത്രത്തിനും പകരം സ്വര ഭാസ്‌കറിന്റെത് ചേര്‍ത്താണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടി സ്വര ഭാസ്‌കറിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി ട്വിറ്റര്‍, പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം. ബോളിവുഡ് നടി സ്വരഭാസ്‌കര്‍ ഒരിക്കല്‍ കൂടി ട്വിറ്ററില്‍ ട്രോള്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്, എന്നാല്‍ ഇത്തവണ അവര്‍ ഇരയുടെ സ്ഥാനത്തല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ട്രോളുകളാണ് സ്വര ഭാസ്‌കറിന്റെ ട്വിറ്റര്‍ പേജില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല നടി സ്വര ഭാസ്‌കറാണെന്ന തരത്തില്‍ അവരുടെ റിയലി സ്വര എന്ന അക്കൗണ്ടിലേക്ക് ചിലര്‍ സന്ദേശങ്ങള്‍ അയച്ചത് തരംഗമായിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്ത് നടിക്ക് അയക്കുന്ന ട്വീറ്റുകള്‍ രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെടുന്നു. അധികാരത്തില്‍ നാല് വര്‍ഷം തികച്ചത് മോദിയല്ല, പകരം സ്വര ഭാസ്‌കര്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും ആളുകള്‍ക്ക് ചോദിക്കാനുണ്ടാവുക എന്നറിയാനാകാം ആഗസ്ത് 5ന് തുടങ്ങിയ ട്വീറ്റുകള്‍ക്ക് പിന്നിലുള്ളവര്‍ ഉദ്ദേശിക്കുന്നത്.

സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിക്കുന്നതിന്റെ ഫലമായി ഓണ്‍ലൈനില്‍ സ്വര ഭാസ്‌കറിന് കിട്ടാറുള്ള വെറുപ്പിനെയും ഭീഷണികളെയും തന്ത്രപരമായി പരിഹസിച്ചുകൊണ്ടുള്ളതാണ് ഈ ട്വീറ്റുകള്‍. ബിജെപിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് നിരവധി തവണ ട്രോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് അവര്‍. ചിലരുടെ ആവശ്യം അവര്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നതായിരുന്നു. പുതിയ പ്രധാനമന്ത്രിക്കായി പുതിയ അക്കൗണ്ടും ട്വിറ്ററില്‍ തുടങ്ങിയിട്ടുണ്ട്.

മോദിയുടെ നയങ്ങളെയും പ്രവൃത്തികളെയും വിമര്‍ശിച്ചുകൊണ്ടുള്ള ന്യൂസ് റിപ്പോര്‍ട്ടുകളില്‍ മോദിയുടെ പേരിനും ചിത്രത്തിനും പകരം സ്വര ഭാസ്‌കറിന്റെത് ചേര്‍ത്താണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്വര ഭാസ്‌കറിനെ ഉടനെ രാജിവെപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞ ട്വീറ്റുകളും ഉണ്ട്. തന്റെ പേരില്‍ നടക്കുന്ന ഈ പരിപാടി സ്വര ഭാസ്‌കറും ആസ്വദിക്കുന്നുണ്ട്. എന്നാല്‍ സ്വര ഭാസ്‌കറിന് അവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ കൂടുതല്‍ സമയം കൊടുക്കണമെന്ന് ആവശ്യപ്പെടുന്നവരും കൂട്ടത്തില്‍ ഉണ്ട്.

This post was last modified on August 7, 2018 11:12 am