X

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റിനെ പരിചയപ്പെടാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതികള്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഏറെ പ്രത്യേകതകളാണ് ഇത്തവണത്തെ മേയര്‍മാര്‍ക്കും നഗരസഭാദ്ധ്യക്ഷന്‍മാര്‍ക്കും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉള്ളത്. അവരില്‍ ചിലരേയും അവരുടെ കാഴ്ചപ്പാടുകളേയും അഴിമുഖം പരിചയപ്പെടുത്തുന്നു.

ജീവിതത്തിന്റെ ചെറുപ്രായത്തില്‍ തന്നെ വിഷ്ണു ഏറ്റെടുത്തിരിക്കുന്നത് വലിയൊരു ഉത്തരവാദിത്വമാണ്. ഒരു പഞ്ചായത്തിന്റെ ഭരണം. തിരുവനന്തപുരം ജില്ലിയിലെ പുളിമാത്ത് പഞ്ചായത്തിന്റെ നിയുക്ത പ്രസിഡന്റായി വിഷ്ണു എന്ന ബിരുദാന്തരബിരുദ വിദ്യാര്‍ത്ഥി ചുമതലയേല്‍ക്കുമ്പോള്‍ അതിന് ഒരു ചരിത്രമുഹൂര്‍ത്തിന്റെതായ പ്രസക്തിയുണ്ട്.

കര്‍ഷക തൊഴിലാളി ബാബുവിന്റെയും ശോഭനയുടെയും മകനായ ഈ ഇരുപത്തിനാലുകാരനാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്.

രണ്ടാം വര്‍ഷ ചരിത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ വിഷ്ണു സമരപാതയില്‍ ഡി വൈ എഫ് ഐ യെ നയിച്ചതിന്റെ ഉള്‍ക്കരുത്തുമായാണ് പഞ്ചായത്ത് ഭരണത്തിനെത്തുന്നത്.

പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലേക്കു സഞ്ചാരയോഗ്യമായ റോഡുകള്‍, മുഴുവന്‍ സമയവും പ്രവര്‍ത്തനക്ഷമമായ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, മാലിന്യ പ്രശ്‌നം രൂക്ഷമായ പുളിമാത്ത് പഞ്ചായത്തില്‍ മാലിന്യസംസ്‌കാരണ പ്ലാന്റ് എന്നിങ്ങനെ നടപ്പിലാക്കാന്‍ നിരവധി സ്വപ്‌നങ്ങളുണ്ട് ഈ ചെറുപ്പക്കാരന്.

പുളിമാത്ത് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിഷ്ണുവിന് നേരിടേണ്ടി വന്നത് സിപിഎം വിമതന്‍ ഉള്‍പ്പെടെ കരുത്തരായ നാലു സ്ഥാനാര്‍ത്ഥികളെ. എന്നിട്ടും വിജയിച്ചുകയറിയത് 220 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍.

രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വിഷ്ണുവിനെ ഒരു കുട്ടിയാണെന്നു കരുതി തള്ളിക്കളയാന്‍ പറ്റില്ലെന്നു ഈ ചെറുപ്പക്കാരനോട് അടുത്തിടപഴകുമ്പോള്‍ മനസ്സിലാകും. പരന്ന വായനയും സാമൂഹിക നിരീക്ഷണവും വിഷ്ണുവിനുണ്ട്. വായന കുട്ടിക്കാലം മുതലെ തുടര്‍ന്നുവരുന്നതാണ്. എസ് എഫ് ഐ ജീവിതമാണ് തന്നിലെ മനുഷ്യനെ പരുവപ്പെടുത്തിയെടുത്തതെന്നും വിഷ്ണു പറയുന്നു.

അതോടൊപ്പം പ്രസ്ഥാനത്തിനെതിരെ ആരോഗ്യകരമായ വിമര്‍ശനം നടത്താനും വിഷ്ണു തയ്യാറാകുന്നുണ്ട്. മുഖ്യധാര ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരാജയമാണ് അരാഷ്ട്രീയ, മത തീവ്രവാദ സംഘടനകളുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് കാരണമെന്നു വിഷ്ണു തറപ്പിച്ചു പറയുന്നു. സദാചാര പോലീസിംഗിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ആദ്യം ശക്തമായ നിലപാട് എടുക്കാന്‍ കഴിയാതെ പോയതിന്റെ പരിഭവവും വിഷ്ണുവിനുണ്ട്.
മതമൗലികവാദികളെ തടയാന്‍ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂ എന്നും സാമൂഹിക ബോധവത്കരണ പരിപാടികള്‍ നിരന്തരം സംഘടിപ്പിക്കണമെന്നും ഒരു മുഹമ്മദ് അഖ്‌ലാഖിനെപ്പോലും സംഘപരിവാറിന് കേരളത്തില്‍ നിന്ന് ഇരയായി ലഭിക്കുകയില്ലെന്നും ഈ യുവാവ് ശക്തമായി പറയുന്നു.

മാര്‍ക്‌സിനേയും ഹോചിമിനെയും ഹ്യൂഗോ ചാവേസിനെയും ആരാധിക്കുന്ന വിഷ്ണുവിന് കേരളത്തിലെ രാഷ്ട്രീയ മോഡല്‍ വി എസ് അച്യുതാനന്ദന്‍ ആണ്.

നൂതനമായ ആശയങ്ങളും അവ പ്രാവര്‍ത്തികമാക്കാനുള്ള സന്നദ്ധതയുമാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്നു വിഷ്ണു പറയുന്നു. പുരോഗതിയുടെ പാതയിലൂടെ ജനകീയ മുന്നേറ്റം സാധ്യമാക്കാന്‍ തയ്യാറെടുക്കുന്ന ഈ യുവാവ് തെളിയിക്കുന്നത് കേരളത്തിന് ഇനിയാവശ്യം ഇങ്ങനെയുള്ള ചെറുപ്പക്കാരെയാണെന്നു തന്നെയാണ്.

(തയ്യാറാക്കിയത് വിഷ്ണു എസ് വിജയന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on November 24, 2015 8:04 am