X

ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍; ഇമ്മിണി ബല്യ പദവിയോ?

അഴിമുഖം പ്രതിനിധി

ഒടുവില്‍ വി എസ്സിന്റെ കാര്യത്തില്‍ ഒരു തീരുമാനമായെന്നാണ് ഇക്കഴിഞ്ഞ ദിവസം സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. തീരുമാനം എന്താണെന്നു കാരാട്ട് വ്യക്തമാക്കിയില്ലെങ്കിലും മാധ്യമങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തിയിരിക്കുന്നു. വി എസ്സിനെ കാബിനറ്റ് റാങ്കോടുകൂടി ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ ആക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍.

ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഇമ്മിണി ബല്യ പദവിയാണെന്നു തോന്നും. പദവിയുടെ പേരില്‍ തന്നെയുണ്ട് വല്ലാത്തൊരു കനം. ഇതാദ്യമായി സൃഷ്ടിക്കപ്പെടാന്‍ പോകുന്ന ഭരണപരിഷ്‌കരണ കമ്മീമ്മിഷന്റെ യഥാര്‍ത്ഥ കോലം എന്തായിരിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് വി എസ്സിനെ കൊണ്ട് അത്യദ്ധ്വാനം ചെയ്യിപ്പിച്ചവര്‍ തിളക്കമാര്‍ന്ന വിജയത്തോടെ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രായത്തിന്റെയും ആരോഗ്യത്തിന്റെയുമൊക്കെ പേരു പറഞ്ഞ് വി എസ്സിനെ നിര്‍ദാക്ഷണ്യം തഴയുകയായിരുന്നു.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടയില്‍ വി എസ് യെച്ചൂരിക്ക് നല്‍കിയെന്നു പറയപ്പെടുന്ന കുറിപ്പ് അദ്ദേഹത്തിനുണ്ടാക്കിയ ക്ഷീണം ചില്ലറയൊന്നും അല്ല. പരസ്യപ്രതികരണത്തിന് മുതിര്‍ന്നില്ലെങ്കിലും തന്നെ സമൂഹമധ്യത്തില്‍ ഇടിച്ചു താഴ്ത്താന്‍ ചിലര്‍ (മാധ്യമങ്ങള്‍ ഉള്‍പ്പെടെ) നടത്തുന്ന കുത്സിതശ്രമമായി കുറിപ്പ് വിവാദത്തെ ചിത്രീകരിക്കുന്ന തരത്തിലുള്ള ഒരു കത്ത് ജനറല്‍ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കുമൊക്കെ വി എസ് അയച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

സത്യം എന്തു തന്നെയായാലും വി എസ്സിന്റെ പദവി സംബന്ധിച്ച തീരുമാനം അനന്തമായി നീണ്ടുപോകാന്‍ ഇടയില്ല. എന്നാല്‍ ഈ പറയപ്പെടുന്ന ഭരണപരിഷ്‌കരണ കമ്മിഷന് പല്ലും നഖവും ഉണ്ടാകുമോ ആ പദവി കൊണ്ട് കേരള കാസ്‌ട്രോയ്‌ക്കോ പുതിയ സര്‍ക്കാരിനോ എന്തെങ്കിലും ഗുണം ഉണ്ടാകുമോ എന്നതൊക്കെ കണ്ടു തന്നെ അറിയേണ്ടതുണ്ട്.

വി എസ്സിന് അധികാരം കിട്ടേണ്ടത് അദ്ദേഹത്തിനും അധികാരമുള്ള വി എസ് ഉണ്ടാവാതെയിരിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ഇപ്പോള്‍ ഭരണത്തിലുമിരിക്കുന്നവര്‍ക്കും ആവശ്യമാണ്. തെരഞ്ഞെടുപ്പ് കാലം വരെ കേരളരാഷ്ട്രീയത്തില്‍ ഏറ്റവും അഗ്രസ്സീവായി നിന്ന രാഷ്ട്രീയക്കാരനായിരുന്നു വി എസ് എന്ന തൊണ്ണൂറ്റി രണ്ടുകാരന്‍. ദേശീയ-വിദേശീയ മാധ്യമങ്ങള്‍ വരെ വി എസ് എന്ന വീര്യത്തെ മനസ്സിലാക്കാന്‍ കേരളത്തിലെത്തിയത് അന്താരാഷ്ട്രതലത്തില്‍ തന്നെ അദ്ദേഹത്തിന്റെ പ്രാധാന്യം എത്തുന്നതിന് കാരണമായി. സ്വാഭാവികമായും അധികാരത്തിലെത്തി അവിടെയും തന്റെ പ്രായം കൊണ്ട് ചരിത്രമെഴുതും വി എസ് എന്ന് സാധാരണജനങ്ങളെങ്കിലും വിശ്വസിച്ചിരുന്നു. സംഭവിച്ചത് അങ്ങനെയല്ല. സമൂഹമാധ്യമങ്ങളിലൂടെ വി എസ് നടത്തിയ ആക്രമണങ്ങളില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ യുഡിഎഫ് തകര്‍ന്നുപോകുന്നത് കണ്ടതാണ്. എന്നാല്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ വി എസ് നിശബ്ദനാവുകയും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് വരെ അപ്രത്യക്ഷമാവുന്നതുമാണ് ഉണ്ടായത്. വി എസിനെ പാര്‍ട്ടി നിശബ്ദനാക്കി എന്നു പറയാനാവില്ല, സ്വയം അണിഞ്ഞ മൗനം തന്നെയായിരിക്കണം അദ്ദേഹം കൊണ്ടു നടക്കുന്നത്. പക്ഷെ അച്യുതാനന്ദന്റെ ഈ ഭാവം കേരള രാഷ്ട്രീയത്തിന് പരിചിതമല്ല, അദ്ദേഹത്തിനും.

എതിരാളികളും വി എസിനെ അറിയുന്നവരും സ്വാഭാവികമായി പ്രതീക്ഷിച്ച ചില പ്രകോപനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായില്ല എന്നതാണ് അത്ഭുതം. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആശംസകളും ചെറിയ ഉപദേശങ്ങളും മാത്രം നല്‍കി അദ്ദേഹം ഒഴിഞ്ഞു നില്‍ക്കുകയാണ്. ഈ മാറ്റം ചില കണക്കുകൂട്ടലുകളോടെയാവാം. അതില്‍ ഒന്ന് സര്‍ക്കാരില്‍ ഇടപെടാനുള്ള ഒരവകാശം നേടിയെടുക്കുക എന്നതാണ്. അതിനുള്ള പരിശ്രമമാണ് അദ്ദേഹം തുടരുന്ന സംയമനം. പക്ഷേ വി എസ് എത്രമേല്‍ അപകടകാരിയാണന്ന് അറിയാവുന്നത് എതിരാളികള്‍ക്കല്ല, വി എസ്സിന്റെ പാര്‍ട്ടിക്കാര്‍ക്ക് തന്നെയാണ്. അതുകൊണ്ട് വി എസിന് എന്ത് പദവി നല്‍കിയാലും അത് ഏറ്റവും സൂക്ഷ്മതയോടുകൂടി വിശകലനം ചെയ്‌തെടുത്ത തീരുമാനത്തില്‍ നിന്നുണ്ടായതായിരിക്കും, കൊടുക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് കൊടുക്കുന്നതും.

This post was last modified on June 29, 2016 10:41 am