പത്ത് വര്‍ഷത്തിന് ശേഷം തന്നെ വീട്ടിലെത്തി കണ്ട വിഎസ് അച്യുതാനന്ദനോട് കെആര്‍ ഗൗരിയമ്മയ്ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത് പാര്‍ട്ടിയിലെ ആദ്യകാല പ്രവര്‍ത്തനാനുഭവങ്ങള്‍ മുതല്‍ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രചാരണം നടത്തി അവസാനം മുഖ്യമന്ത്രി ആക്കാതിരുന്നത് വരെയുള്ള കാര്യങ്ങള്‍. 100ാം പിറന്നാളിന് നേരിട്ടെത്തി ആശംസ അറിയിക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണ് ഇപ്പോള്‍ വന്നത് എന്ന് വിഎസ് പറഞ്ഞു. മകന്‍ അരുണ്‍ കുമാറിനൊപ്പമാണ് വിഎസ് ചാത്തനാട്ടെ വീട്ടിലെത്തിയത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ മൂലം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം യാത്ര ഒഴിവാക്കിയതുകൊണ്ടാണ് പിറന്നാളിനെത്താന്‍ കഴിഞ്ഞാതെന്ന് വിഎസ് വിശദീകരിച്ചു.
നമ്മളിലാര്‍ക്കാണ് പ്രായം കൂടുതല്‍ എന്ന് ഗൗരിയമ്മ ചോദിച്ചപ്പോള്‍ വിഎസ് ചിരിച്ചുകൊണ്ട് പറഞ്ഞു – അത് ഗൗരിയമ്മയ്ക്ക് തന്നെ. ഗൗരിയമ്മ വിഎസിന് ലഡു കൊടുത്തു. തനിക്ക് ഷുഗര്‍ ഉണ്ടെന്ന് വിഎസ്. തന്റെ കല്യാണം നടത്തിയത് ഞാനാണ്. ഇത് കഴിക്കണമെന്ന് ഗൗരയമ്മ. വിഎസ് ലഡു കഴിച്ചു. വസുമതിയെക്കൊണ്ട് വിഎസിനെ കല്യാണം കഴിപ്പിച്ചത് ഞാനാണ് – ഗൗരിയമ്മ പറഞ്ഞു.
തന്റെ തറവാടായിരുന്ന കളത്തിപ്പറമ്പില്‍ വീട്ടില്‍ വിഎസ് സ്ഥിരമായി വന്നിരുന്ന കാര്യം ഗൗരിയമ്മ ഓര്‍ത്തു. വ്യക്തിപരമായ വിശേഷങ്ങളും പാര്‍ട്ടിയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച കാലവും ഇരുവരും ഓര്‍ത്തെടുത്തു.
1987ല്‍ തന്നെ മുഖ്യമന്ത്രിയാക്കാം എന്ന് വിഎസ് അടക്കമുള്ളവര്‍ പറഞ്ഞുനടന്ന് അവസാനം മുഖ്യമന്ത്രിയാക്കിയില്ല എന്ന് ഗൗരിയമ്മ വിഎസിനോട് പരിഭവം പങ്കുവച്ചു. അതുകേട്ട് വിഎസ് ചിരിച്ചു.
This post was last modified on July 7, 2019 11:49 am
Leave a Comment