കുറ്റിപ്പുറം പാലത്തിനു ചുവട്ടില്‍ നിന്നും സൈന്യത്തിന്റെ ക്‌ളേമോര്‍ ഉള്‍പ്പടെ വെടിക്കോപ്പുകള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. തിരൂര്‍ ഡിെൈവഎസ്പി ജലീല്‍ തോട്ടത്തിലില്‍ നിന്ന് കേസിന്റെ രേഖകള്‍ സിബിഐ കൈപ്പറ്റി. വെള്ളിയാഴ്ചയാണ് ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ തിരുവനന്തപുരത്തെ പ്രത്യേക കുറ്റകൃത്യങ്ങള്‍ അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
2018 ജനുവരി അഞ്ചിനാണ് കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിന്റെ പടിഞ്ഞാറെ അറ്റത്തു നിന്നുള്ള അഞ്ചാം തൂണിനു സമാപത്തായി വെടിക്കോപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് ക്ലേമോര്‍ മൈനുകള്‍, മൈനുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ആറു പള്‍സ് ജനറേറ്ററുകള്‍, ഇവ ബന്ധിപ്പിക്കുന്ന നാല് കേബിളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ളവ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ട്യൂബ് ലോഞ്ചറുകള്‍, അനുബന്ധമായി ഉപയോഗിക്കുന്ന ലോഹനിര്‍മിത വളയം, ചതുപ്പുനിലത്ത് വാഹനങ്ങളുടെ ചക്രങ്ങള്‍ താഴ്ന്നു പോകാതിരിക്കാനായി സ്ഥാപിക്കുന്ന ലോഹഷീറ്റ്, സെല്‍ഫ് ലോഡിങ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന തിരകള്‍, 45 കാലി ഉറകള്‍ എന്നിങ്ങനെ അന്‍പതിനം വെടിക്കോപ്പുകളാണ് കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ചന്ദ്രാപൂര്‍ വെടിക്കോപ്പ് നിര്‍മ്മാണ ശാലയില്‍ 2001 ല്‍ നിര്‍മ്മിച്ചവയാണ് ഇവയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും വാര്‍ധയിലെ പുല്‍ഗാവ് വെടിക്കോപ്പ് സംഭരണശാലയ്ക്കും പൂണെ വെടിക്കോപ്പ് സംഭരണശാലയ്ക്കും കൈമാറിയ മൈലുകളാണിവ. അവിടെ നിന്നും ഇവ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ചാണ് ദേശീയ ഏജന്‍സിക്ക് അന്വേഷിക്കാനുള്ളത്.
ശബരിമല തീര്‍ത്ഥാടനകാലത്താണ് ദേശീയപാത-66 ന്റെ ഭാഗമായ കുറ്റിപ്പുറം പാലത്തിന്റെ ചുവട്ടില്‍ നിന്നും ഇവ കണ്ടെത്തിയത്. ഇത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ച് അജ്ഞാതനാണ് പാലത്തിനടിയില്‍ ദുരൂഹസ്വഭാവമുള്ള ചില വസ്തുക്കളുണ്ടെന്ന് അറിയിച്ചത്. വിഷയത്തില്‍ ദേശീയ-അന്തര്‍ ദേശീയ തലത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിയോ, സിബിഐയോ അന്വേഷിക്കണമെന്ന് കേരള പോലീസ് ആവശ്യപ്പെട്ടതു പ്രകാരമാണ് പുതിയ നടപടി. തിരൂര്‍ ഡിവൈ.എസ്.പി. വി.എ. ഉല്ലാസ്, മലപ്പുറം ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. ജെയ്‌സണ്‍ പി. അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തേ കേസന്വേഷിച്ചിരുന്നത്.
Read More : എച്ച്‌ഐവി ചികിത്സ; ഗവേഷണ സംഘത്തില്‍ മലയാളിയും
Leave a Comment