X

ലോ അക്കാഡമി ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; വിദ്യാര്‍ഥിസമരത്തിന് ഐക്യദാര്‍ഢ്യവുമായി വിഎസ്

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് വിഎസ് പറഞ്ഞു. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി അക്കാഡമി അനധികൃതമായി കൈവശം വയ്ക്കുന്നുണ്ടെന്നും ഇത് തിരിച്ചെടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പാളിന്റേയും മാനേജ്‌മെന്റിന്റേയും വിദ്യാര്‍ത്ഥി പീഡന നടപടികള്‍ക്കെതിരെ എതിരെ സമരം നടത്തുന്ന തിരുവനന്തപുരം കേരള ലോ അക്കാഡമി വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് വിഎസ് അച്യുതാനന്ദന്‍. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് വിഎസ് ആവശ്യപെട്ടു. കേരള ലോ അക്കാഡമി ലോ കോളേജില്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു വിഎസ്. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി അക്കാഡമി അനധികൃതമായി കൈവശം വയ്ക്കുന്നുണ്ടെന്നും ഇത് തിരിച്ചെടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്, ബിജെപി നേതാക്കളെല്ലാം ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചിരുന്നങ്കിലും സിപിഎമ്മില്‍ നിന്ന് ആദ്യമായാണ് ഒരു നേതാവ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോ അക്കാഡമിയിലെത്തുന്നത്. തുടക്കത്തില്‍ സമരത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന എസ്എഫ്‌ഐ ഒറ്റയ്ക്കും കെ എസ് യു, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി എന്നീ സംഘടനകള്‍ സംയുക്ത സമരസമിതിയുമായാണ് നിലവില്‍ മാനേജ്‌മെന്റിനെതിരെ സമര രംഗത്തുള്ളത്. വിഎസ് എത്തിയതോടെ സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ഥി പീഡനം, ഇന്റേണല്‍ മാര്‍ക്കിലെയും അറ്റന്‍ഡന്‍സിലെയും വിവേചനം, ജാതി അധിക്ഷേപം, സദാചാര പൊലീസിംഗ് തുടങ്ങിയ വിഷയങ്ങളിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രിന്‍സിപ്പാള്‍ ഡോ.ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. ഇന്ന് വൈകീട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

This post was last modified on January 25, 2017 11:45 am