X

പിണറായിയുടെ പ്രതിച്ഛായ പരസ്യം; 3 കോടി 56 ലക്ഷം രൂപ വെള്ളത്തില്‍!

അഴിമുഖം പ്രതിനിധി 

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്യത്തെ പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ ചെലവാക്കിയത് 3 കോടി 56 ലക്ഷം രൂപ എന്ന് വി ടി ബല്‍റാം എംഎല്‍എ. നിയമ സഭാ ചോദ്യത്തിന്റെ രേഖകള്‍ സഹിതം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് തൃത്താല എംഎല്‍എ ഇതേക്കുറിച്ച് സൂചിപ്പിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം .

“അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരായ ജനവിധിയുടെ പ്രതീകമായതും, അങ്ങേയറ്റം ദുർബലരും പാർശ്വവൽക്കരിക്കപ്പെടുന്നതുമായ പൗരന്റെ അവകാശങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നതുമായ ഒരു പുതിയ സർക്കാർ അധികാരമേറ്റതുവഴി കേരള സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായ സംബന്ധിച്ച്‌ ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളിലും അവിടത്തെ മലയാളികളിലും അവബോധം സൃഷ്ടിക്കാനും അതുവഴി സംസ്ഥാനത്തിന്‌ നേട്ടങ്ങൾ ഉണ്ടാക്കാനുമാണ്‌ ഈ പരസ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌”

അറിഞ്ഞിരുന്നില്ല സർ, അറിഞ്ഞിരുന്നില്ല.

നിങ്ങളിത്രയും ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്നവരാണെന്ന് അറിഞ്ഞിരുന്നതേയില്ല. മാപ്പാക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങളിലൂടെ എന്റെ തല എന്റെ ഫുൾ ഫിഗർ മോഡലിലുള്ള ഈ ഒരൊറ്റ പരസ്യത്തിനായി 3 കോടി 56 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കാനുള്ള അനുവാദം കൂടി ഗവർണ്ണർ നിങ്ങൾക്ക്‌ നൽകിയിട്ടുണ്ടെങ്കിൽ, ആ സാങ്കേതികത്വമാണ്‌ ധൂർത്തിന്റെ പിന്നിലെ ധാർമ്മികതയേക്കാൾ നിങ്ങൾക്കുള്ള പിടിവള്ളി എങ്കിൽ, പിന്നെ എനിക്കൊന്നും പറയാനില്ല സർ.

ഏതായാലും സംസ്ഥാന മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഒരു കൊടും സാമ്പത്തിക കുറ്റവാളിയുടെ വക്കാലത്തുമായി നടക്കുമ്പോൾ സർക്കാരിന്റെ പ്രോസിക്യൂഷൻ തലവൻ സ്വയം ഒരു ക്രിമിനൽ കേസിൽ പ്രതിയായി നിൽക്കുമ്പോൾ, അക്കാര്യങ്ങളിലൊക്കെയുള്ള പ്രകടമായ അനൗചിത്യവും കോൺഫ്ലിക്റ്റ്‌ ഓഫ്‌ ഇന്ററസ്റ്റും തീർത്തും നിസ്സാരമാക്കി മുഖ്യമന്ത്രി തന്നെ നിയമസഭാവേദിയിൽ ന്യായീകരിക്കുമ്പോൾ, അങ്ങേയറ്റം ദുർബലരും പാർശ്വവൽക്കരിക്കപ്പെടുന്നവരുമായ ട്രാൻസ്‌ പൗരന്മാരുടെ അവകാശങ്ങൾക്ക് നേരിയ പരിഗണനപോലും നൽകാതെ അവരെ കള്ളക്കേസിൽ കുടുക്കി കൂട്ടത്തോടെ ജയിലിലടക്കുമ്പോൾ, ഇത്ര കുറഞ്ഞകാലം കൊണ്ടുതന്നെ ഈ പരസ്യത്തുക മുഴുവൻ വെള്ളത്തിലായോ എന്ന് ഒരു സംശയം തോന്നിത്തുടങ്ങുന്നുണ്ട്‌, സർ.

ഒരു ചെറിയ സംശയം കൂടി: കേരളത്തിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായ സംബന്ധിച്ച്‌” താത്പര്യമുള്ള ആരും ബംഗാളിൽ അവശേഷിക്കുന്നില്ലായെന്ന തിരിച്ചറിവുകൊണ്ടാണോ കൊൽക്കത്തയിലെ പത്രങ്ങളിലൊന്നും പരസ്യം കൊടുക്കാതിരുന്നത്‌ സർ?


This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment