X

അലെപ്പോയും മൊസൂളും; ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ദുരന്ത ചരിത്രങ്ങള്‍

പോരാട്ടത്തിന്റെ പുകയടങ്ങുമ്പോള്‍ പശ്ചിമേഷ്യയിലെ ചരിത്രപ്രധാനമായ രണ്ടു നഗരങ്ങളുടെ നാശാവശിഷ്ടങ്ങളാണ് നാം കാണുന്നത്

തമ്മില്‍ വെറും 300 മൈലുകള്‍ മാത്രം അകലെയുള്ള നഗരങ്ങളായ ഇറാഖിലെ മൊസൂളും സിറിയയിലെ അലെപ്പോയും കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരന്തരം വാര്‍ത്തകളിലാണ്. രണ്ടിടത്തും സര്‍ക്കാര്‍ സേന കലാപകാരികളില്‍ നിന്നും അവയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സൈനികനീക്കം നടത്തുകയാണ്.

ഇറാഖ് സേനയും യു.എസ് പിന്തുണയുള്ള കുര്‍ദ് സായുധ വിഭാഗവും ചേര്‍ന്ന സഖ്യം ഒക്ടോബര്‍ പകുതിയോടെ തുടങ്ങിയ ആക്രമണത്തില്‍ മൊസൂളിന് ചുറ്റുമുള്ള പട്ടണങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തു. 2014 വേനല്‍ക്കാലം മുതല്‍ ഇവ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമായിരുന്നു. ഇപ്പോള്‍ നഗരത്തിന്റെ അയല്‍പ്രദേശങ്ങളില്‍ ശത്രുവിന്റെ ശക്തി ക്ഷയിപ്പിക്കാനുള്ള യുദ്ധത്തിലാണവര്‍. അലെപ്പോയില്‍, റഷ്യന്‍ വ്യോമാക്രമണത്തിന്റെയും  ഇറാന്‍ സഹായമുള്ള സായുധ വിഭാഗങ്ങളുടെയും പിന്‍ബലത്തോടെ, സിറിയന്‍ സേന വിമത കേന്ദ്രങ്ങളെ വളയുകയും ജനവാസ കേന്ദ്രങ്ങളിലടക്കം  വിവേചനരഹിതമായ ബോംബാക്രമണം നടത്തുകയും ചെയ്തതിന് ശേഷം ഒടുവില്‍ നഗരം ഏതാണ്ട് മുഴുവനായും വീണ്ടെടുത്തു എന്നു പറയാം.

രണ്ടിടത്തെയും കഥകള്‍ വ്യത്യസ്തമാണ്. ഇസ്ലാമിക് സ്റ്റേറ്റിന് നേരെയുള്ള ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് അപായം നേരിടാതിരിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, തന്റെ രാജ്യത്തെ നഗരങ്ങളെ തകര്‍ക്കുന്ന ആറാം വര്‍ഷത്തിലേക്ക് കടന്ന രക്തരൂഷിതമായ ആഭ്യന്തരയുദ്ധം നടത്തുന്ന , സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍-അസദിനോടു കൂറുപുലര്‍ത്തുന്ന സൈന്യത്തിന്റെ കാര്യം അങ്ങനെയല്ല.

പക്ഷേ മൊസൂളിന്റെയും അലെപ്പോയുടെയും വിധികളെ ബന്ധിപ്പിക്കുന്ന പലതുമുണ്ട്. പോരാട്ടത്തിന്റെ പുകയടങ്ങുമ്പോള്‍ പശ്ചിമേഷ്യയിലെ ചരിത്രപ്രധാനമായ രണ്ടു നഗരങ്ങളുടെ നാശാവശിഷ്ടങ്ങളാണ് നാം കാണുന്നത്. മൊസൂളിന് സമീപത്തുള്ള ടൈഗ്രിസ് നദീതീരത്തെ ഇസ്ലാമിന് മുമ്പുണ്ടായിരുന്ന നിംറൂദ് നഗരത്തിന്റെ ശേഷിപ്പുകള്‍ ഇസ്ളാമിക തീവ്രവാദികള്‍ ഒന്നൊന്നായി നശിപ്പിച്ചു. മൊസൂളിലെ ബൈബിളില്‍ പറഞ്ഞ ഇടങ്ങളെല്ലാം തകര്‍ത്തു. അങ്ങാടികള്‍ക്കും മധ്യകാല കോട്ടകള്‍ക്കും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്ന അലെപ്പോയിലെ പഴയ നഗരം ഇപ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാത്രമുള്ള ഒരു പ്രേതനഗരമാണ്.

ചരിത്രമെടുത്താല്‍ ഞെട്ടിപ്പിക്കുന്ന വിനാശമാണ് ഇത്തവണ ഉണ്ടായത്. നൂറ്റാണ്ടുകളുടെ യുദ്ധങ്ങളും അധിനിവേശവും ഉപരോധങ്ങളും കീഴടങ്ങലുകളും ഈ നഗരങ്ങള്‍ അതിജീവിച്ചിരുന്നു.

“എത്ര പോരാട്ടങ്ങളെ അത് പ്രകോപിപ്പിച്ചു, എത്ര വാള്‍ത്തലപ്പുകള്‍ അതിനെതിരെ വീശി,” അലെപ്പോയെക്കുറിച്ച് 12-ആം നൂറ്റാണ്ടിലെ ആന്റലൂഷ്യന്‍ യാത്രികന്‍  ഇബന്‍ ജൂബായിര്‍ എഴുതി. പക്ഷേ അപ്പോഴും കുരിശുദ്ധങ്ങളുടെ മുന്‍നിരയില്‍ ഒരു കോട്ടനഗരമായ അലെപ്പോയില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ഗുണം അദ്ദേഹം കണ്ടു: “നഗരം അനന്തകാലത്തോളം പുരാതനമാണ് എന്നിട്ടും ഒരിയ്ക്കലും തീരാത്തപോലെ പുതിയതും… ഓ വിസ്മയങ്ങളുടെ നഗരമേ! അത് നിലനില്‍ക്കുന്നു, പക്ഷേ അതിന്റെ രാജാക്കന്മാര്‍ വിടവാങ്ങുന്നു; അവര്‍ ഇല്ലാതാകുന്നു, പക്ഷേ അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കീഴടക്കപ്പെട്ടിട്ടില്ല.”


നാഗരികതകളുടെ കളിത്തൊട്ടില്‍ എന്നു വിളിക്കപ്പെടുന്ന ഒരു മേഖലയില്‍ മൊസൂളിനും അലെപ്പോക്കും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മത കേന്ദ്രങ്ങളെന്ന നിലയില്‍ ഉയര്‍ന്നുവന്നവയും-ജെറുസലേം പോലെ-, അധികാര കേന്ദ്രങ്ങളെന്ന നിലയിലുള്ള നഗരങ്ങളില്‍ നിന്നും-ഡമാസ്കസ്, ബാഗ്ദാദ്-  വ്യത്യസ്തമായി മൊസൂളും അലെപ്പോയും വാണിജ്യത്തിന്റെ ആദ്യ വമ്പന്‍ കേന്ദ്രങ്ങളായാണ് വികസിച്ചത്.

എന്നാല്‍ അവ സംഘര്‍ഷങ്ങളില്‍ നിന്നും മുക്തമായിരുന്നു എന്നല്ല ഇതിനര്‍ത്ഥം. ആദ്യ കുരിശുയുദ്ധത്തില്‍ മുസ്ലീം പക്ഷത്തെ നയിച്ച ഒരു തുര്‍ക്കി രാജകുടുംബത്തിന് കീഴില്‍ ഈ രണ്ടു നഗരങ്ങളും കുറച്ചുകാലം ഒന്നിച്ചിരുന്നു. മംഗോള്‍ അക്രമികളുടെ കണ്ണും മൂക്കുമില്ലാത്ത അധിനിവേശവും പിന്നെ നടന്നു. 13-ആം നൂറ്റാണ്ടില്‍ മംഗോള്‍ അധിനിവേശക്കാര്‍ക്കെതിരെ മൊസൂളില്‍ നടന്ന കലാപത്തെ അടിച്ചമര്‍ത്തിയ യുദ്ധപ്രഭു ഹുലാഗു ഖാന്‍ കനത്ത ശിക്ഷയാണ് കാത്തുവെച്ചത്: കലാപത്തിന്റെ നേതാവിനെ ഒരു ആട്ടിന്‍തോലില്‍  പൊതിഞ്ഞുകെട്ടി , കൊടുംചൂടില്‍ അക്ഷരാര്‍ത്ഥത്തില്‍ അളിഞ്ഞുചീയാനിട്ടു, പുഴുക്കള്‍ അയാളെ ജീവനോടെ തിന്നു.

1400-ല്‍ മംഗോള്‍ രാജാവ് തിമൂര്‍ അലെപ്പോ കീഴടക്കി. “മുടിയില്‍ കത്തി പോലെയും,” “വിളകളില്‍ വെട്ടുകിളി പോലെയും” എന്നാണ് തുടര്‍ന്നുള്ള ക്രൂരതയെ ഒരു ചരിത്രകാരന്‍ രേഖപ്പെടുത്തിയത്. സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. പള്ളികളില്‍ ഒളിച്ചിരുന്ന സ്ത്രീകളെ നിര്‍ദയം ബലാത്സംഗം ചെയ്തു. തെരുവുകളില്‍  “മൃതദേഹങ്ങളുടെ ദുര്‍ഗന്ധം” നിറഞ്ഞു. അലെപ്പോയുടെ കവാടങ്ങളില്‍ തിമൂര്‍ ആയിരക്കണക്കിന് തലയോട്ടികളുടെ കൂമ്പാരം കൂട്ടിയിട്ടു.

എന്നിട്ടും ഈ നഗരങ്ങളും അതിലെ ചരിത്രപ്രധാനമായ കേന്ദ്രങ്ങളും അതിജീവിക്കുകയും വളരുകയും ചെയ്തു. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കാലത്ത് പട്ട് പാതയുടെ അവസാന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ അവ പ്രസിദ്ധിയുടെ പാരമ്യത്തിലെത്തി. പടിഞ്ഞാറന്‍ നാടുകളില്‍ കിഴക്കന്‍ ചരക്കുകളുടെയും, പട്ടിന്റെയും അവസാന വാക്കായിരുന്നു മൊസൂള്‍. മസ്ലിന്‍ എന്ന വാക്ക് തന്നെ അതില്‍ നിന്നാണ് ഉണ്ടായത്. അലെപ്പോയുടെ പ്രസിദ്ധി ഷേക്സ്പിയറില്‍ കേള്‍ക്കാം. മാക്ബെത്തില്‍ ഒരു മന്ത്രവാദിനി നാവികന്റെ ഭാര്യയെക്കുറിച്ച്പറയുന്നു- “- “Her husband’s to Aleppo gone, master o’ th’ Tiger” –കാണികള്‍ക്ക് ഈ വിദൂരനഗരത്തിന്റെ സമ്പദ് സമൃദ്ധി അറിയാമായിരിക്കും. ഒഥല്ലോയില്‍ ലോകത്തെ സംസ്കാരത്തിന്റെയും ജനങ്ങളുടെയും സംഗമ കേന്ദ്രമായാണ് അലെപ്പോയെ വിശേഷിപ്പിക്കുന്നത്.

ഇരുനഗരങ്ങളിലും സുന്നികളാണ് ഭൂരിപക്ഷം. ഗണ്യമായ ക്രിസ്ത്യന്‍, ജൂത ജനസംഖ്യയുമുണ്ട്. അറബ്, തുര്‍ക്മെന്‍, കുര്‍ദ്, അര്‍മീനിയന്‍ തുടങ്ങിയ വംശീയതകളുടെ സങ്കരകേന്ദ്രവുമാണ്. ഈ വൈവിധ്യമാണ് അവയുടെ സ്വഭാവത്തെയും നിശ്ചയിച്ചത്. സഹവര്‍ത്തിത്വമാണ്, വിഭാഗീയ സംഘര്‍ഷമല്ല അവരുടെ ചരിത്രത്തിലെ മാനദണ്ഡം.


“അത് ശരിക്കുമൊരു ഒട്ടോമന്‍ നഗരമായിരുന്നു, നല്ല പരസ്പര ബന്ധമുള്ള അവസാനത്തെ മിശ്രിത നഗരം,” “Aleppo: The Rise and Fall of Syria’s Great Merchant City”എന്ന പുസ്തകമെഴുതിയ ഫിലിപ് മാന്‍സെല്‍ പറയുന്നു. ഒട്ടോമന്‍ കാലത്ത് അലെപ്പോയില്‍ വിഭാഗീയ സംഘര്‍ഷം ഉണ്ടായിരുന്നില്ല. “എന്റെ ഗവേഷണത്തില്‍ 1850-ലും 1919-ലും ഓരോ വംശീയ സംഘര്‍ഷങ്ങള്‍ മാത്രമാണു എനിക്കു കാണാന്‍ കഴിഞ്ഞത്. അതും വളരെ ചെറിയ കലാപങ്ങള്‍.”

ഒന്നാം ലോകമഹായുദ്ധത്തിനൊടുവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഓട്ടോമന്‍ സാമ്രാജ്യത്തെ കാര്‍ന്നുതിന്നപ്പോള്‍ അലെപ്പോയും മൊസൂളും ഫ്രാന്‍സിന്റെ കയ്യിലായി. പക്ഷേ എണ്ണയുടെ മേലുള്ള കണ്ണും മേഖലയിലെ രാഷ്ട്രീയ അധികാരവും ചേര്‍ന്ന് ബ്രിട്ടന്‍ മൊസൂള്‍ കയ്യടക്കുകയും പഴയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പ്രവിശ്യകളായ ബസ്രയ്ക്കും ബാഗ്ദാദിനും ഒപ്പം ചേര്‍ത്ത് ഇപ്പോള്‍ ഇറാഖ് എന്നറിയപ്പെടുന്ന രാജ്യമുണ്ടാക്കുകയും ചെയ്തു. ഫ്രാന്‍സ് അലെപ്പോയെ ഡമാസ്കസിനോട് ഒപ്പം ചേര്‍ത്തു. അതെല്ലായ്പ്പോഴും രാഷ്ട്രീയ അധികാരകേന്ദ്രത്തിന്റെ പുറത്തുനിന്നു.

ഇറാഖിലും സിറിയയിലും ഈ സമൂഹങ്ങളുടെ തകര്‍ച്ച ആധുനിക രാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങളാണ്. അസ്ഥിരപ്പെടുത്തുന്ന യുദ്ധങ്ങളും പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഭരണവും ഈ മേഖലയില്‍ സുരക്ഷാശൂന്യത സൃഷ്ടിക്കുകയും ഇപ്പോഴുള്ള തീവ്രവാദ കലാപങ്ങള്‍ അവയെ വേട്ടയാടാന്‍ തുടങ്ങുകയും ചെയ്തു. ബാഗ്ദാദിലും ഡമാസ്കസിലും നിന്നുള്ള സങ്കുചിതമായ ഭരണരീതികളാണ് ഈ പ്രദേശങ്ങളെ കലാപത്തിലേക്ക് നയിക്കാനുള്ള അടിത്തറയിട്ടത്. അവ ഇവിടുത്തെ ജനതകളെയാണ് അഭയാര്‍ത്ഥികളാക്കിയത്. മൊസൂളിലും അലെപ്പോയിലും പോരാട്ടം അവസാനിക്കുമ്പോള്‍ നഷ്ടപ്പെട്ടതെല്ലാം കെട്ടിപ്പടുക്കല്‍ ഒട്ടും എളുപ്പമാക്കില്ല.

ഇഷാന്‍ തരൂര്‍

വാഷിംഗ്ടണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ടര്‍, ശശി തരൂരിന്റെ മകന്‍

More Posts

This post was last modified on December 20, 2016 10:22 am