X

എം ഐ ഷാനവാസ് എം പി അന്തരിച്ചു

കരൾ മാറ്റ ശസ്ത്രക്രിയയ്‌ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ഗുരുതരാവസ്ഥയിലായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം

വയനാട് എം.പിയും  കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എംഐ  ഷാനവാസ് (67) അന്തരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയ്‌ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ഗുരുതരാവസ്ഥയിലായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.  ഒക്ടോബർ 31-നാണ് ഷാനവാസിനെ ക്രോംപേട്ടിലെ ഡോ. റേല മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനായിരുന്നു ശസ്ത്രക്രിയ. എന്നാൽ കടുത്ത  അണുബാധയെത്തുടർന്ന് അഞ്ചിന് ആരോഗ്യനില വഷളാവുകയായിരുന്നു.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി. ഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി  1951 സെപ്‌തംബർ 22 ന് കോട്ടയത്തായിരുന്നു ഷാനവാസിന്‍റെ ജനനം.  കെ.എസ്‌.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും എറണാകുളം ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടി. യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളുടെയും ചുമതല വഹിച്ചു. കോൺഗ്രസിൽ കരുണാകരപക്ഷത്തു നിന്ന് തന്നെ തിരുത്തൽ ഘടകമായി  രംഗത്തുവന്ന മൂന്നു നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

1972ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983ൽ കെ.പി.സി.സി ജോയിന്റ് സെക്രട്ടറി, 1985ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് വയനാട്ടിൽ നിന്ന് ഷാനവാസ് വിജയിച്ചത്. 2014 തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സത്യൻ മൊകേരിയെ തോൽപ്പിച്ചു. ഭാര്യ : ജുബൈരി. മക്കൾ : അമിന, ഹസീബ്.

This post was last modified on November 21, 2018 5:35 pm