X

ലൈംഗികദാരിദ്ര്യം പിടിച്ച മലയാളികളേ, നിങ്ങളെ കാത്ത് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍

ഉത്സവ സീസണിലെ പതിവു തെറ്റിക്കാതെ ഇത്തവണയും ഒരു ദിലീപ് സിനിമ തിയേറ്ററുകളില്‍ എത്തി. അതാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. ജനപ്രിയ ചേരുവകള്‍ (?) സമാസമം ചേര്‍ത്തു തന്നെയാണ്, സുന്ദര്‍ദാസ് ഒരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയുന്ന ഈ സിനിമ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.

ഉണ്ണിക്കുട്ടന്‍ (ദിലീപ്) കൈയബദ്ധത്തിലൂടെ ഒരാളെ കൊന്ന അച്ഛന്റെയും അമ്മയുടെയും മകന്‍ ആണ്. ജയിലില്‍ വച്ചാണ് അവനെ അമ്മ പ്രസവിച്ചത്. അവിടെയാണ് അവന്‍ വളര്‍ന്നതും. അച്ഛന്റെയും അമ്മയുടെയും അകാലമരണ ശേഷം അവന്‍ അനാഥലയത്തിലായി. ജീവിതത്തില്‍ കൂടെയുള്ള അനാഥത്വം വല്ലാത്ത ഭാരമാകുമ്പോള്‍ ഉണ്ണിക്കുട്ടന്‍ രണ്ടും മൂന്നും കൊല്ലം തടവ് കിട്ടാന്‍ പാകത്തിലുള്ള കുറ്റങ്ങള്‍ ചെയ്‌തോ മറ്റുള്ളവരുടെ കുറ്റങ്ങള്‍ ഏറ്റെടുത്തോ ജയിലില്‍ എത്തും. അവിടെയുള്ള സഹതടവുകാരും പോലീസുകാരുമൊക്കെയായി വല്ലാത്ത ആത്മബന്ധം അയാള്‍ക്കുണ്ട്. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകും പോലെയാണ് അയാള്‍ ജയിലില്‍ പോകുന്നത്. കാലാവധി കഴിഞ്ഞാല്‍ അടുത്ത ക്രൈം ചെയ്യാനുള്ള സാധ്യതകള്‍ തേടലാണ് ഉണ്ണിക്കുട്ടന്റെ പ്രധാന പരിപാടി. ഇങ്ങനെ ഒരു ഇടവേളയില്‍ നാട്ടില്‍ എത്തിയ അയാള്‍ രാധിക (വേദിക)യെ കാണുന്നു. അനാഥയായ രാധിക ഒരു ഫോട്ടോഗ്രാഫറാണ്. നഗരത്തില്‍ സ്റ്റുഡിയോ നടത്തുന്നുണ്ട്. ഇവളോട് ആദ്യ കാഴ്ചയില്‍ തന്നെ ഉണ്ണിക്കുട്ടന് പ്രണയം തോന്നുന്നു. ഒരുപാട് ദുരൂഹതകള്‍ ആ പെണ്‍കുട്ടിയെ ചുറ്റിയുണ്ട്. രാധികയെ പിന്തുടരുമ്പോള്‍ ഉണ്ണിക്കുട്ടനു വിചിത്രമായ കുറെ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നു; സിനിമയുടെ കഥ വികസിക്കുന്നതെങ്ങനെയാണ്.

ദിലീപ് ഹിറ്റുകളില്‍ പൊതുവെ കാണാറുള്ള, ലൈംഗിക ബന്ധത്തിന്റെ വിവിധ ഘട്ടങ്ങളെപ്പറ്റിയുള്ള ആര്‍ത്തി നിറഞ്ഞ പരാമര്‍ശങ്ങള്‍, സ്ത്രീ ശരീരത്തിന്റെ അളവെടുക്കലുകള്‍ തുടങ്ങിയവ കൊണ്ട് സമൃദ്ധമായിരുന്നു വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലും. ഉദയകൃഷ്ണ-സിബി കെ തോമസ് ടീമിനു പകരം ബെന്നി പി നായരമ്പലം ആണ് തിരക്കഥ എഴുതിയത് എന്ന വ്യതാസം മാത്രമേ മൊത്തത്തില്‍ ഉള്ളു. സെക്‌സ്, ബലാത്സംഗം,സ്ത്രീശരീരം തുടങ്ങിയവയെ പറ്റി പറയുന്നതിനിടയില്‍ എന്തൊക്കെയോ കഥയോ സംഭവങ്ങളോ കുത്തി തിരുകുന്നു എന്നേയുള്ളു. 

യുക്തിയുടെ ചെറു കണിക പോലും കഥാഗതിക്കില്ല. വെടി, പടക്കം, കയറ്റുക, ഇറക്കുക, കമ്പി തുടങ്ങി സ്ഥിരം വാക്കുകള്‍ ഈ സിനിമയിലും സമായാസമയങ്ങളില്‍ കടന്നു വരുന്നുണ്ട്. ദിലീപ് സിനിമയില്‍ അല്ലെങ്കില്‍ ‘ജനപ്രിയ’ സിനിമയില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഒന്നാണ് ഇത് എന്ന് പ്രേക്ഷകരും അംഗീകരിച്ചു കഴിഞ്ഞല്ലോ! പതിവുപോലെ അജാനബാഹുവായ വില്ലനെ ദിലീപ് പറന്നു ചാടി ഒറ്റക്കു ചവിട്ടുന്നതും കണ്ടു. കൊലപാതകങ്ങളൊക്കെ നടുറോട്ടില്‍ പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യുന്നുണ്ട്. മന്ത്രിയെ സെന്‍ട്രല്‍ ജയിലിന്റെ മുന്നില്‍ വച്ചാണ് കണ്ടം തുണ്ടമായി വെട്ടി മുറിക്കുന്നത്. ലൈംഗിക ദാരിദ്ര്യത്തിന്റെ മാത്രമല്ല അതിക്രൂരമായ വയലന്‍സിന്റെയും അതിപ്രസരം ഉണ്ട് വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലില്‍.

ആരൊക്കെ എങ്ങനെയൊക്കെ കളിയാക്കിയാലും വിമര്‍ശിച്ചാലും ഈ സിനിമകളില്‍ പലതും വലിയ ഹിറ്റുകള്‍ ആവാറുണ്ട്. നല്ല കയ്യടി കിട്ടാറുണ്ട്. ഈ സിനിമയും അങ്ങനെ ആയാല്‍ അത്ഭുതം ഒന്നുമില്ല. പക്ഷെ ദിലീപ് സിനിമകളിലെ ലൈംഗിക ദാരിദ്ര്യ പരാമര്‍ശങ്ങള്‍ക്ക് കയ്യടിക്കുന്ന അതെ മനോഭാവമാണ് അദ്ദേഹത്തിന്റെ വ്യാജ കല്യാണ വാര്‍ത്ത പ്രചരിപ്പിക്കുന്നതും അത് വായിച്ചു അശ്ലീല ചിരിയോടെ അഭിപ്രായം പറയുന്നതും രോഷം കൊള്ളുന്നതും എല്ലാം. അതേ ആനന്ദത്തിന്റെ ക്രൂരതകള്‍ക്കെതിരെയാണ് മകളെ വരെ വലിച്ചിഴക്കുന്ന ക്രൂരത എന്ന് ഇക്കഴിഞ്ഞ ദിവസം അദ്ദേഹം കുറിപ്പിട്ടതും രോഷം കൊണ്ടതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on December 14, 2016 12:47 pm