X

മമതയെ മുടിക്കു കുത്തി പിടിച്ചു പുറത്തു തള്ളാന്‍ അറിയാഞ്ഞിട്ടല്ല; ബംഗാള്‍ ബിജെപി അധ്യക്ഷന്‍

ബംഗാള്‍ മുഖ്യമന്ത്രിക്കെതിരേയുള്ള ബിജെപിയുടെ ഭീഷണി അവരുടെ സംസ്‌കാരത്തെ കാണിക്കുന്നൂവെന്നു തൃണമൂല്‍

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ അതിരുകടന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. നോട്ടുനിരോധനത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കാനായി ഡല്‍ഹിയില്‍ നാടകം ആടുന്ന മമതയെ മുടിക്കു കുത്തിപ്പിടിച്ചു പുറത്തു തള്ളാമായിരുന്നു. നമ്മുടെ പൊലീസ് അവിടെയുണ്ട്. പക്ഷേ നമ്മളത് ചെയ്തില്ല. ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെതിരേ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് മമത ഉപയോഗിക്കുന്നതെന്നും ഞായറാഴ്ച നടന്ന റാലിയില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്തു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

ഘോഷിന്റെ പ്രസ്താവനയ്‌ക്കെതിരേ തൃണമൂല്‍ പാര്‍ട്ടി വന്‍ പ്രതിഷേധം ഉയര്‍ത്തി കഴിഞ്ഞു. പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണു ബിജെപി ശ്രമിക്കുന്നത്. നയങ്ങളുടെയും ഭരണനിപുണതയുടെയും പേരില്‍ മമതയോട് എതിരിടാന്‍ ബിജെപിക്ക് ഒരിക്കലും കഴിയില്ല. രാജ്യത്തെ ദശലക്ഷകണക്കിനു ആളുകളെ മോശമായി ബാധിച്ച നോട്ടുപിന്‍വലിക്കലില്‍ മമതയുടെ നിലപാടിനെയും എതിര്‍ക്കാന്‍ ബിജെപിക്ക് കഴിയില്ല. അതുകൊണ്ടവര്‍ ഭീഷണിയുടെയും അധിക്ഷേപത്തിന്റെയും ഭാഷയില്‍ മമതയെ നേരിടുന്നു. മുഖ്യമന്ത്രിക്കെതിരേ ഇത്തരത്തില്‍ പറയാന്‍ കഴിഞ്ഞയാളുടെ മാനസിക നില ശരിയല്ലായിരിക്കും. പക്ഷെ ഞങ്ങളിതു നിസാരമായി കാണുന്നില്ല, ശക്തമായി തന്നെ പ്രതിഷേധിക്കും; തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ പേരില്‍ അതിശക്തമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും പ്രതിപക്ഷനിരയില്‍ നിന്നും ഉയര്‍ത്തുന്ന നേതാവാണ് മമത ബാനര്‍ജിയും. ഡിസംബര്‍ 14 മുതല്‍ 16 വരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം നോട്ട് നിരോധനത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളില്‍ സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം ഇന്നലെ വൈകുന്നേരം തന്റെ ട്വിറ്ററിലൂടെ വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരേ മമത ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഡെമോണിറ്റിസേഷന്‍ എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കല്‍ ആണെന്നായിരുന്നു അവരുടെ ഒരു ട്വീറ്റ്. കൊടുകുത്തിയ അഴിമതിക്കാരാണു ഇപ്പോള്‍ അഴിമതിയില്ലാതാക്കുന്നതിനെ കുറിച്ചു സംസാരിക്കുന്നതെന്നായിരുന്നു മറ്റൊരു ട്വീറ്റിലൂടെയുള്ള മമതയുടെ പരിഹാസം.

This post was last modified on December 13, 2016 6:29 am