X

കേന്ദ്ര ബജറ്റ്: കേരളത്തിന് നിരാശ മാത്രം ബാക്കി

ഏറെ കാലമായുള്ള നമ്മുടെ ആവശ്യമായ എയിംസ് ഇത്തവണയും നിരാകരിച്ചു

കേരളത്തെ സംബന്ധിച്ച് ഏറെ നിരാശാജനകമായ ബജറ്റാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. ഏറെ കാലമായുള്ള നമ്മുടെ ആവശ്യമായ എയിംസ് ഇത്തവണയും നിരാകരിച്ചു. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലും ഝാര്‍ഖണ്ഡിലും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന്റെ പേര് പരാമര്‍ശിക്കുക കൂടി ചെയ്തില്ല.

എയിംസിനായി കോഴിക്കോട് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിരുന്നു നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. തുടര്‍ന്ന് 2014 ജൂലൈ 16ന് തന്നെ കേരളം നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. ദീര്‍ഘകാലം നടപടിയുണ്ടാകിതിരുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തില്‍ കേരള സംഘം സന്ദര്‍ശനം നടത്തിയപ്പോള്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതും കേരളം പാലിച്ചെങ്കിലും പൂര്‍ണായും കേരളത്തെ ഇതില്‍ നിന്നും തഴയുകയാണെന്ന് ഈ ബജറ്റിലൂടെ വ്യക്തമായിരിക്കുകയാണ്.

റബര്‍ ബോര്‍ഡിന് 142.60 കോടി രൂപ അനുവദിച്ചതാണ് കേരളത്തിന് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്ന പ്രഖ്യാപനം. കോഫീ ബോര്‍ഡിന് 140.10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സുഗന്ധവ്യഞ്ജന ബോര്‍ഡിന് 82.10 കോടിയും കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന് നാല് കോടി രൂപയും മത്സ്യബന്ധന മേഖലയ്ക്ക് 105 കോടി രൂപയും പ്രഖ്യാപിച്ചതാണ് കേരളത്തിനുള്ള മറ്റ് പ്രഖ്യാപനങ്ങള്‍.