X

രക്തം ചീന്തിയ മുത്തങ്ങ സമരത്തിന് 14 വയസ്; പക്ഷേ ആദിവാസി ഭൂമി പ്രശ്നം ഇന്നും തുടങ്ങിയിടത്തു തന്നെ

മുത്തങ്ങയും ചെങ്ങറയുമെല്ലാം ഇനിയും ആവര്‍ത്തിക്കപ്പെടും.

പരിഷ്‌കൃത സമൂഹത്തിന് വേണ്ടി ഓരോ കാലഘട്ടത്തിലും ആട്ടിയോടിക്കപ്പെട്ട ആദിവാസികള്‍ കേരളത്തില്‍ ആദ്യമായി തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിക്ക് വേണ്ടി സമരം ചെയ്തത് ഇവിടുത്തെ പൊതുസമൂഹത്തിന് വലിയൊരു അമ്പരപ്പായിരുന്നു. മുത്തങ്ങയിലെ സമരം കേരളത്തില്‍ അടയാളപ്പെടുന്നത് ആ വിധത്തില്‍ തന്നെയാണ്. അതോടൊപ്പം സികെ ജാനു എന്ന ഒരു സമര നായികയും ഉയര്‍ന്നു വന്നു.

മുത്തങ്ങയിലെ സമരവും വെടിവയ്പ്പും നടന്നിട്ട് ഇന്നലെ പതിനാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും മുത്തങ്ങ സമരത്തിന്റെയും ആദിവാസികളുടെയും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതിലാണ് ആ സമരത്തിന്റെ പ്രാധാന്യം നിലനില്‍ക്കുന്നത്. നിരവധി ആദിവാസികള്‍ പട്ടിണി മൂലം മരിച്ചതോടെ 2001ലാണ് ആദിവാസികള്‍ സ്വന്തമായി ഭൂമിയെന്ന ആവശ്യം ഉന്നയിച്ച് സമരപ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഭൂപരിഷ്‌കരണം നടപ്പാക്കി അമ്പത് വര്‍ഷം പിന്നിട്ടിട്ടും ഏഴ് ലക്ഷത്തിലധികം ഭൂരഹിതര്‍ കേരളത്തിലുണ്ടെന്ന് മനസിലാക്കുമ്പോള്‍ തന്നെ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളുടെ ആവശ്യത്തിന്റെ വ്യാപ്തി മനസിലാക്കാം. ഔദ്യോഗികമായി രണ്ടര ലക്ഷം ഭൂരഹിത കുടുംബങ്ങളും അനൗദ്യോഗികമായി അഞ്ചര ലക്ഷം ഭൂരഹിത കുടുംബങ്ങളും കേരളത്തിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ വീടിന് മുന്നില്‍ ആദിവാസികള്‍ നടത്തിയ കുടില്‍കെട്ടി സമരത്തോടെയായിരുന്നു സമരം ആരംഭിച്ചത്. 48 ദിവസമാണ് ഈ സമരം നീണ്ടുനിന്നത്. ഇതോടെ കേരളത്തിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാമെന്നും മറ്റ് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാമെന്നും സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്യേണ്ടി വന്നു.

അതേസമയം നാളുകള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് വന്നതോടെ 2002 അവസാനത്തോടെ ആദിവാസികള്‍ തങ്ങളുടെ സമരം തുടരാന്‍ നിര്‍ബന്ധിതരായി. ആദിവാസി ഗോത്രമഹാസഭയുടെ കീഴില്‍ അണിനിരന്ന ആദിവാസികള്‍ മുത്തങ്ങ വനത്തില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ 1960ലും യൂക്കാലിപ്റ്റസ് പ്ലാന്റേഷന്‍ ആരംഭിക്കാനായി 1980ലും ആദിവാസികളെ മുത്തങ്ങ വനത്തില്‍ നിന്നും കുടിയിറക്കിയതാണ്. അതോടെ തങ്ങളുടെ സാമൂഹിക പരിതസ്ഥിതികളില്‍ നിന്നും വിഭിന്നമായ ഇടങ്ങളില്‍ ജീവിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. കാടും കാട്ടിനുള്ളിലെ വിഭവങ്ങളും ഉപജീവനമാക്കി മാറ്റിയ ആദിവാസികളെ തങ്ങളുടെ സാമൂഹികാവസ്ഥയിലുണ്ടായ മാറ്റം കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കുമാണ് തള്ളിയിട്ടത്.

മുത്തങ്ങയില്‍ തങ്ങളുടെ ഊര് പുനസ്ഥാപിക്കുകയായിരുന്നു ആദിവാസികളുടെ ലക്ഷ്യം. ഈയൊരു ലക്ഷ്യബോധത്തിലേക്ക് അവരെ എത്തിക്കുന്നതില്‍ ആദിവാസികളില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്ന നേതാവായ സികെ ജാനുവിനും എം ഗീതാനന്ദനും സാധിച്ചു. എന്നാല്‍ ഏത് വിധേനയും ആദിവാസികളെ മുത്തങ്ങയില്‍ നിന്നും പുറത്താക്കുകയെന്നതായിരുന്നു വനംവകുപ്പിന്റെ നിലപാട്. അതിനായി അവര്‍ ആദിവാസികള്‍ കെട്ടിയ കുടിലിന് തീവയ്ക്കുകയും ഇണങ്ങിയ ആനകളെ മദ്യം നല്‍കി ഊരുകളിലേക്ക് ഇറക്കിവിടുകയും ചെയ്തു. 2003 ഫെബ്രുവരി 17ന് ആദിവാസി കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന കുടിലിന് സമീപം തീപിടിത്തമുണ്ടായതോടെ മുത്തങ്ങ സമരത്തിന്റെ സ്വഭാവം മാറുകയായിരുന്നു. തീകത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് ആദിവാസികള്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി.

ജില്ലാ കളക്ടര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ബന്ദികളെ മോചിപ്പിച്ചെങ്കിലും സമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും പുറത്താക്കാന്‍ പോലീസ് തീരുമാനിച്ചതോടെ മുത്തങ്ങ കൂടുതല്‍ സംഘര്‍ഷഭരിതമായി. ഫെബ്രുവരി 19ന് അന്നത്തെ കല്‍പ്പറ്റ ഡിവൈഎസ്പി ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് കാട് വളഞ്ഞു. പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ആദിവാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും കുടിലുകള്‍ കത്തിക്കുകയും ചെയ്തതോടെ ആദിവാസികള്‍ ഉള്‍വനങ്ങളിലേക്ക് പിന്‍വലിഞ്ഞു.

പോലീസ് ഉള്‍ക്കാടുകളില്‍ നടത്തിയ തിരച്ചിലില്‍ ആദിവാസികളുടെ ഷെഡ് കണ്ടെത്തിയെങ്കിലും തിരച്ചിലിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ വിനോദിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദികളാക്കി ആദിവാസികള്‍ പ്രതിരോധം തീര്‍ത്തു. അതോടെ പോലീസ് സേന 200 മീറ്റര്‍ പിന്‍വാങ്ങി നിലയുറപ്പിച്ചു. പരിക്കേറ്റ ആദിവാസികള്‍ക്കും ചികിത്സ ലഭ്യമാക്കിയാല്‍ ബന്ദികളായ ഉദ്യോഗസ്ഥര്‍ക്കും ചികിത്സ അനുവദിക്കാമെന്ന് ആദിവാസികള്‍ നിലപാടെടുത്തു. എന്നാല്‍ ഉദ്യോഗസ്ഥരെ നിരുപാധികം വിട്ടുതരണമെന്നാണ് പോലീസും തഹസീല്‍ദാരും ആവശ്യപ്പെട്ടത്.

സി കെ ജാനുവും ഗീതാനന്ദനും അറസ്റ്റിലായപ്പോള്‍

സന്ധിസംഭാഷണങ്ങള്‍ തുടരുന്നതിനിടെ കൂടുതല്‍ സായുധ പോലീസ് വനത്തിലെത്തുകയും മിന്നല്‍ വേഗത്തില്‍ സമരപ്പന്തല്‍ വളയുകയും ചെയ്തു. തീപ്പന്തവുമായി സമരപ്പന്തലിന് കാവല്‍ നിന്ന ജോഗിയെ വെടിവച്ച് വീഴ്ത്തിയാണ് അവര്‍ സമരപ്പന്തലില്‍ പ്രവേശിച്ചത്. പതിനെട്ട് റൗണ്ടാണ് പോലീസ് വെടിവച്ചത്. വെടിവയ്പ്പ് തുടങ്ങിയതോടെ ആദിവാസികള്‍ ചിതറിയോടി. ഇതിനിടെ രക്തം വാര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിനോദ് മരിക്കുകയും ചെയ്തു.

സംഭവത്തില്‍ ഏഴ് പോലീസ് കേസുകളും ആറ് വനംവകുപ്പ് കേസുകളും രജിസ്റ്റര്‍ ചെയ്തു. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദനും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജാനുവുമായിരുന്നു ഒന്നാം പ്രതികള്‍. ഫെബ്രുവരി 21ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ നിന്നും ഇരുവരും അറസ്റ്റിലാകുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 132 പേരെയാണ് കേസില്‍ റിമാന്‍ഡ് ചെയ്തത്.

തന്റേതായ ഇടമുണ്ടെങ്കില്‍ മാത്രമേ തന്റേടമുണ്ടാകൂവെന്ന തിരിച്ചറിവാണ് ആദിവാസി ഗോത്രമഹാസഭയെ ഭൂമിയ്ക്ക് വേണ്ടിയുള്ള സമരത്തിലേക്ക് നയിച്ചത്. മുത്തങ്ങ സമരം കേരളത്തിലെ ആദിവാസികളെ സംബന്ധിച്ച് ഒരു തുടക്കമായിരുന്നു. നീതിക്ക് വേണ്ടി പോരാടാനുള്ള തുടക്കം. കേരളത്തിലെ ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തില്‍ രക്തക്കറ പുരണ്ട ഏടായിരുന്നു മുത്തങ്ങ സമരം. ഈ സമരം ആദിവാസികളുടെ ശബ്ദമുയര്‍ത്തുന്ന കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഭയന്ന് സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞെങ്കിലും ആദിവാസികളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് പിന്നീടുണ്ടായത്.

നില്‍പ്പ് സമരത്തില്‍ നിന്നും

ചെങ്ങറ സമരത്തിനും അരിപ്പ സമരത്തിനും ആറളം സമരത്തിനും നില്‍പ്പുസമരത്തിനുമെല്ലാം പ്രചോദനമായതും മുത്തങ്ങ സമരമായിരുന്നു. തലചായ്ക്കാനുള്ള ഇടത്തിനായും ഭരണഘടന ഉറപ്പുനല്‍കിയ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയാണ് ഈ ഭൂസമരങ്ങളെല്ലാം നടന്നത്. ഇവരുടെ ആവശ്യങ്ങള്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ മുത്തങ്ങയും ചെങ്ങറയുമെല്ലാം ആവര്‍ത്തിക്കപ്പെടും.

(അഴിമുഖം സ്റ്റാഫ് ജേർണലിസ്റ്റാണ് അരുൺ)

 

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on February 20, 2017 9:57 am