X

എംഎല്‍എമാര്‍ എവിടെയെന്ന് ഹൈക്കോടതി: ബദല്‍ പദ്ധതികളുമായി ശശികല

വിശ്വസ്തനായ ഇടപ്പടി പളനിസ്വാമിയെ പകരം മുഖ്യമന്ത്രിയാക്കാനാണ് ശശികലയുടെ നീക്കം

തമിഴ്‌നാട്ടിലെ 130 എംഎല്‍എമാര്‍ എവിടെയെന്ന് ഹൈക്കോടതി. അണ്ണാ ഡിഎംകെ എംഎല്‍എമാരെ പാര്‍ട്ടി ജനറല്‍ സെക്രട്ടരി ശശികല നടരാജന്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് കോടതി എംഎല്‍എമാര്‍ എവിടെയാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

എത്രയും വേഗം സര്‍ക്കാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും കോടതി ആശങ്ക അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയുടെ പരാതിയിന്മേലാണ് കോടതി ഉത്തരവ്. ഇതിനിടെ തനിക്ക് മുഖ്യമന്ത്രിയാകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട ബദല്‍ പദ്ധതികളുമായി ശശികല തയ്യാറാക്കിയതായാണ് അറിയുന്നത്. വിശ്വസ്തനായ ഇടപ്പടി പളനിസ്വാമിയെ പകരം മുഖ്യമന്ത്രിയാക്കാനാണ് നീക്കം. ശശികലയുടെ സഹോദരനെ മുഖ്യമന്ത്രിയാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ജനരോഷം ഭയന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു.

ഇതിനിടെ തങ്ങളുടെ അനുമതിയില്ലാതെ തടങ്കലിന് സമാനമായ അവസ്ഥ സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് 30 എംഎല്‍എമാര്‍ നിരാഹാര സമരം അനുഷ്ഠിക്കുകയാണെന്നാണ് അറിയുന്നത്. കൂവത്തരൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് ഇവര്‍ ഇപ്പോഴുള്ളത്. റിസോര്‍ട്ടില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചതായും വൈഫൈ കട്ടാക്കിയതായുമാണ് റിപ്പോര്‍ട്ട്. ഇതിനിടെ പനീര്‍സെല്‍വം ക്യാംപ് ശശികല ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരോട് പരസ്യമായി പിന്തുണ അഭ്യര്‍ത്ഥിച്ചു. ആരെയും ഭയപ്പെടരുതെന്നും ഒപിഎസ് ക്യാംപ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടിനെ രക്ഷിക്കാന്‍ പനീര്‍സെല്‍വത്തിനേ സാധിക്കൂവെന്നാണ് ഇവര്‍ പറയുന്നത്.

This post was last modified on February 10, 2017 12:59 pm