X

ട്രംപിന്റെ ജെറുസലെം നയം: ഇന്ത്യയുടെ മൗനത്തില്‍ അറബ് നേതാക്കള്‍ക്ക് അതൃപ്തി

യുകെയും ഫ്രാന്‍സും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ മുഴുവന്‍ ട്രംപിന്റെ നടപടിയെ വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാട് സംശയാധിഷ്ടിതമാവുകയാണ്. ഏതൊരു ഏകപക്ഷീയ തീരുമാനവും പലസ്തീനും ഇസ്രായേലും തമ്മിലുള്ള സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

ഇസ്രായേല്‍ തലസ്ഥാനമായി ജെറുസലെമിനെ ഔദ്ധ്യോഗികമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കാത്ത ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാടില്‍ അതൃപ്തി വ്യാപകമാകുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ ഉള്‍പ്പെടുയുള്ള പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ അറബ് രാജ്യങ്ങളിലെ ഇന്ത്യയുടെ സ്ഥാനപതിമാര്‍ അഭിപ്രായം രേഖപ്പെടുത്തി.

ടെല്‍ അവീവിന് പകരം ജെറുസലേമിലേക്ക് സ്ഥാനപതികാര്യാലയം മാറ്റാനുള്ള ഡിസംബര്‍ ആറിലെ ട്രംപിന്റെ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കാന്‍ ഇന്ത്യ തയ്യാറാവണം എന്നാണ് അറബ് സ്ഥാനപതികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മൂന്നാമത് ഒരു രാഷ്ട്രം എടുക്കുന്ന നടപടികളില്‍ നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന് വിദേശകാര്യ സഹമന്ത്രി പ്രതിനിധി സംഘത്തെ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും നല്‍കിയ ഉറപ്പുകള്‍ പാലിച്ചുകൊണ്ട് വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ‘നയതന്ത്രമാര്‍ഗ്ഗങ്ങളിലൂടെ’ പലസ്തീന്‍ ഇന്ത്യയോട് ആവശ്യുപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പലസ്തീനെ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സുസ്ഥിരവുമാണെന്നാണ് പ്രതിരോധ വക്താവ് രാവീഷ് കുമാര്‍ പ്രതികരിച്ചത്. അത് ഇന്ത്യയുടെ കാഴ്ച്ചപ്പാടിന്റെയും താല്‍പര്യങ്ങളുടെയും പുറത്ത് രൂപീകരിക്കപ്പെട്ടതാണെന്നും ഏതെങ്കിലും മൂന്നാം കക്ഷി നിര്‍മ്മിച്ചതല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ‘കിഴക്കന്‍ ജെറുസലെം എന്ന വാക്ക് പ്രയോഗിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവത്തത് കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമായ നവംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയിലും കിഴക്കന്‍ ജെറുസലേം പലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനമാണെന്ന് പരാമര്‍ശിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

2016 ജനുവരി 24ന് നടന്ന ഇന്ത്യ-അറബ് സഹകരണ ഫോറത്തില്‍ വച്ച് പുതിയ പലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനം ‘കിഴക്കന്‍ ജെറുസലേം’ ആയിരിക്കുമെന്ന് ഇന്ത്യ അംഗീകരിച്ചകാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ അത് കഴിഞ്ഞ വര്‍ഷം സംഭവിച്ചതാണെന്നും അന്താരാഷ്ട്ര തലത്തില്‍ നടന്നിട്ടുള്ള പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിലപാട് ഉറപ്പിച്ച് പറയാന്‍ ഇന്ത്യ തയ്യാറാവണം എന്നുമാണ് അറബ് സ്ഥാനപതികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജറുസലേമിലേക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനം നടത്തിയിരുന്നു എന്നതും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരു ലോകരാജ്യ തലവനും ചെയ്യാത്ത നടപടിയാണ് മോദിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അന്ന് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

യുകെയും ഫ്രാന്‍സും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ മുഴുവന്‍ ട്രംപിന്റെ നടപടിയെ വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാട് സംശയാധിഷ്ടിതമാവുകയാണ്. ഏതൊരു ഏകപക്ഷീയ തീരുമാനവും പലസ്തീനും ഇസ്രായേലും തമ്മിലുള്ള സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, യുകെ തുടങ്ങിയ അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവണം എന്നാണ് അറബ് സ്ഥാനപതിമാര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

 

This post was last modified on December 15, 2017 2:50 pm