X

ഇറാന്‍ ബന്ധവും മുസ്ലിം ബ്രദര്‍ഹുഡ് മുതല്‍ ഹമാസിനു വരെ സഹായവും; ഖത്തറിനെതിരേ ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങള്‍

ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നില്ല എന്ന് ഖത്തര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഗാസ മുനമ്പിലെ ഹമാസ് സേനകള്‍ക്ക് പ്രധാന സാമ്പത്തിക സഹായം നല്‍കുന്നത് ഖത്തറാണ് എന്നാണ് ആരോപണം

ഇസ്ലാമിക ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയും ഇറാനുമായി സൗഹൃദം പുലര്‍ത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ബഹറിനും ഈജിപ്തും സൗദി അറേബ്യയും യുഎഇയും അടക്കം ഏഴു രാജ്യങ്ങള്‍ വിച്ഛേദിച്ചതോടെ ഗള്‍ഫ് – അറബ് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്.

തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായും അമീറിന്റെ പേരില്‍ ഇറാനെയും ഇസ്രായലിനേയും കുറിച്ച് വ്യാജപരാമര്‍ശങ്ങള്‍ സൈറ്റില്‍ വന്നതായും മേയ് അവസാനം ഖത്തര്‍ ആരോപിച്ചിരുന്നു. ഖത്തറിന്റെ അറബ് അയല്‍രാജ്യങ്ങള്‍ ഇതില്‍ കുപിതരാവുകയും ദോഹ ആസ്ഥാനമായുള്ള അല്‍-ജസീറ ഉള്‍പ്പെടെയുള്ള വാര്‍ത്ത മാധ്യമങ്ങളെ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇറാനിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൂഹാനിയെ അഭിനന്ദിക്കുന്നതിനായി ഖത്തറിലെ ഭരണാധികാരി തമീം ബിന്‍ അഹമ്മദ് അല്‍ താനി മേയ് 27ന് വിളിച്ചതോടെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളായത്. ഷിയകള്‍ക്ക് മേധാവിത്വമുള്ള ഇറാനെ പ്രധാന ശത്രുവായി കാണുകയും മേഖലയിലെ സമാധാനത്തിന് വെല്ലുവിളിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം പൊറുക്കാനാവാത്തതായി മാറി.

ഇസ്ലാമിക ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നു എന്ന ആക്ഷേപം മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ കുറെക്കാലമായി നേരിടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ രാജഭരണത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍ സൗദിയും യുഎഇയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച മുസ്ലീം ബ്രദര്‍ഹുഡ് എന്ന സംഘടനയെ ഖത്തര്‍ അംഗീകരിക്കുന്നതാണ് മുഖ്യവിരോധത്തിന് കാരണം. ബ്രദര്‍ഹുഡില്‍ അംഗമായിരുന്ന അന്നത്തെ ഈജിപ്ത് പ്രധാനമന്ത്രി മുഹമ്മദ് മൊര്‍സിയെ ഖത്തര്‍ പിന്തുണച്ചതും വിരോധത്തിന് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് 2014 മാര്‍ച്ചില്‍ സൗദി അറേബ്യയും യുഎഇയും ബഹറിനും തങ്ങളുടെ സ്ഥാനപതിമാരെ ഖത്തറില്‍ നിന്നും മടക്കി വിളിച്ചിരുന്നു. ചില ബ്രദര്‍ഹുഡ് അംഗങ്ങളെ രാജ്യത്ത് നിന്നും ഖത്തര്‍ പുറത്താക്കുകയും മറ്റുള്ളവരെ നിശബ്ദരാക്കുകയും ചെയ്തതിനെ തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് നയതന്ത്രബന്ധങ്ങള്‍ പുഃസ്ഥാപിച്ചത്. എന്നാല്‍ 2014ലെ പ്രതിസന്ധിയില്‍ ഇപ്പോഴത്തേത് പോലെ കടല്‍, കര ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.

ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നില്ല എന്ന് ഖത്തര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ഗാസ മുനമ്പിലെ ഹമാസ് സേനകള്‍ക്ക് പ്രധാന സാമ്പത്തിക സഹായം നല്‍കുന്നത് ഖത്തറാണ് എന്നാണ് ആരോപണം. നാടുകടത്തപ്പെട്ട ഹമാസ് നേതാവ് ഖലീദ് മഷാല്‍ 2012 മുതല്‍ ഇവിടെയാണ് അഭയം നേടിയിരിക്കുന്നത്. സിറിയയിലെ അല്‍-ഖ്വയ്ദ വിഭാഗമായ നുസ്രയ്ക്ക് ഖത്തറാണ് ധനസഹായം നല്‍കുന്നതെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ നിരന്തരമായി ഉന്നയിക്കുന്ന ആരോപണമാണ്. ലിബിയ, ഈജിപ്ത്, സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളിലെ സംഭവവികാസങ്ങളില്‍ ഇടപെടാന്‍ തങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിക്കുന്ന ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ തീരുമാനം ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കും. യമനിലെ യുദ്ധമുഖത്ത് നിന്നും ഖത്തര്‍ സൈനികരെ പിന്‍വലിക്കണമെന്ന് സൗദി ഇതിനകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.

പ്രദേശത്ത് അസ്ഥിരത സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവിധ ഭീകരവാദി വിഭാഗങ്ങളെ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്നതാണ് കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് സൗദി അറേബ്യ പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡ്, അല്‍-ക്വയ്ദ, ഐഎസ്‌ഐഎസ്, ഇറാന്റെ പിന്തുണയുള്ള ചില വിഭാഗങ്ങള്‍ എന്നീ സംഘടനകളെ അവര്‍ എടുത്ത് പറയുന്നു. ഈജിപ്തിനെതിരെ ഖത്തര്‍ ശത്രുതാപരമായ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി ആരോപിച്ചു.

This post was last modified on June 9, 2017 3:52 pm