X

കരിങ്കഴുത്തൻ മൈനകൾ: അദാനിയുടെ പദ്ധതിനിർദ്ദേശം ഓസ്ട്രേലിയ തള്ളി; ഖനി നിർമാണം വൈകും

അദാനി ഇതിനകം തന്നെ സംസ്ഥാന സർക്കാരിന്റെ മൈനിങ് ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്.

വംശനാശഭീഷണി നേരിടുന്ന കരിങ്കഴുത്തൻ മൈനകളുടെ സംരക്ഷണം സംബന്ധിച്ച് ഗൗതം അദാനി സമർപ്പിച്ച പദ്ധതി ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സംസ്ഥാനം തള്ളി. കമ്പനിയുടെ പദ്ധതിനിർദ്ദേശം തങ്ങളുടെ മാനദണ്ഡങ്ങളോട് യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ‌ തള്ളിയത്. ഒരു ബില്യൺ ഡോളറിന്റെ ഖനന പദ്ധതിക്കു വേണ്ടിയാണ് അദാനി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ പരിസ്ഥിതി വകുപ്പിന്റെ ഈ തീരുമാനം അദാനിയുടെ പദ്ധതിയെ വൈകിപ്പിക്കുമെന്ന് ഉറപ്പായി. ഈ ഖനന പദ്ധതിയെ വൈകിപ്പിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളാണ്. വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ച പദ്ധതിയാണിത്. മൈനകളുടെ സംരക്ഷണം, ജലവിഭവ സംരക്ഷണം എന്നീ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഖനി സ്വന്തമാക്കുന്നതിൽ നിന്ന് അദാനിയെ തടയുന്നത്.

മൈനകളുടെ പ്രശ്നത്തോടൊപ്പം ഭൂഗർഭജലത്തിന്റെ പ്രശ്നവും നിലനിൽക്കുന്നുണ്ട് എന്നതിനാൽ സർക്കാർ അനുമതികൾക്ക് ഇനിയും പണിപ്പെടേണ്ടി വരും. ഭൂഗർഭജലപ്രശ്നം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലാണുള്ളത്. മൈനകളുടെ സംരക്ഷണ പദ്ധതി നിലവിലെ രൂപത്തിൽ അംഗീകരിക്കാനാകില്ലെന്നാണ് അധികൃതർ പറയുന്നത്.

അതെസമയം അധികൃതരുടെ പുതിയ ആവശ്യങ്ങളെ പരിഗണിച്ച് പുതിയ രൂപരേഖ തയ്യാറാക്കാനുള്ള ശ്രമം അദാനി ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. തങ്ങൾ തിരക്കിട്ട് അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് അദാനിയുടെ ഓസ്ട്രേലിയൻ സിഇഒ ല്യൂകസ് ഡോവ് പറഞ്ഞു. തങ്ങളുടെ നോട്ടത്തില്‍ ഇപ്പോഴത്തെ പദ്ധതി നിര്‍ദ്ദേശത്തിന് കുഴപ്പമൊന്നുമില്ലെന്നും കാര്യങ്ങൾ ഒന്നുകൂടി വിലയിരുത്തുമെന്നും ഡോവ് പറഞ്ഞു.

അദാനി ഇതിനകം തന്നെ സംസ്ഥാന സർക്കാരിന്റെ മൈനിങ് ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്. ഖനി നിർമിക്കണമെങ്കിൽ ഇനി ചില മൈനകളുടെ സംരക്ഷണം, ജലവിഭവ സംരക്ഷണം എന്നീ പ്രതിബന്ധങ്ങൾ കൂടി കടന്നാൽ മതി.

This post was last modified on May 4, 2019 7:24 am