X

കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലി കൊടുത്തെന്ന് സോഷ്യൽ മീഡിയ പ്രചാരണം: ബംഗ്ലാദേശിൽ 8 പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

ഏറ്റവും പുതിയ മൂന്ന് കൊലപാതകങ്ങൾ കഴിഞ്ഞയാഴ്ചയാണ് നടന്നതെന്ന് പോലീസ് പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച അഭ്യൂഹത്തെ തുടർന്ന് ജനക്കൂട്ടം എട്ടുപേരെ തല്ലിക്കൊന്നു. ബംഗ്ലാദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പാലം പണിക്ക് വേണ്ടി കുട്ടികളെ നരബലി നല്‍കിയെന്ന വ്യാജ സന്ദേശമാണ് പ്രചരിച്ചത്. തലസ്ഥാനമായ ധാക്കയുടെ തെക്ക് ഭാഗത്തുള്ള പദ്മ നദിക്കു കുറുകെ 300 കോടി ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന പാലം പണിയാൻ മനുഷ്യരുടെ തലകള്‍ വേണമായിരുന്നുവെന്നും, അതിനായി കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ബലി കൊടുത്തുവെന്നുമായിരുന്നു പ്രചാരണം.

എന്നാല്‍ കൊല്ലപ്പെട്ട ആര്‍ക്കും കുട്ടികളെ തട്ടിക്കൊണ്ടുപോയതില്‍ യാതൊരു പങ്കും ഇല്ലായിരുന്നെന്ന് പോലീസ് മേധാവി ജാവേദ് പട്വാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ട എട്ട് പേരിൽ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ തസ്ലിമ ബീഗവും ഉൾപ്പെടുന്നു. അഭ്യൂഹങ്ങളെ തുടർന്ന് മുപ്പതോളം പേരാണ് ആക്രമിക്കപ്പെട്ടത്.

ഏറ്റവും പുതിയ മൂന്ന് കൊലപാതകങ്ങൾ കഴിഞ്ഞയാഴ്ചയാണ് നടന്നതെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച, ധാക്കയിലെ ഒരു സ്കൂളിന് പുറത്ത് നില്‍ക്കുകയായിരുന്ന ബീഗത്തെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളാണെന്ന് സംശയിച്ച ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ തന്റെ കുട്ടിയുടെ അഡ്മിഷന്‍ ആവശ്യത്തിനാണ് ബീഗം അവിടെച്ചെന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

രണ്ടാഴ്ച മുമ്പാണ് സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിനായി കൂടുതലും ഫേസ്ബുക്ക് പോസ്റ്റുകളും യൂട്യൂബ് വീഡിയോകളുമാണ് ഉപയോഗിച്ചിരുന്നത്. നെട്രോകോനയില്‍ ഒരു യുവാവ് കുട്ടിയുടെ ഛേദിക്കപ്പെട്ട തലയുമായി പോകുന്നത് കണ്ടുവെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. അതാണ്‌ പെട്ടന്ന് ജനക്കൂട്ടം സംഘടിക്കാന്‍ കാരണം. വാട്ട്സ്ആപ്പ് പോലുള്ള മാധ്യമങ്ങള്‍ വഴി അഭ്യൂഹം വ്യാപകമായി പ്രചരിക്കപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 60 ഓളം ഫേസ്ബുക്ക് പേജുകളും 25 യൂട്യൂബ് ചാനലുകളും 10 വെബ്‌സൈറ്റുകളും സര്‍ക്കാര്‍ പൂട്ടിച്ചു. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

This post was last modified on July 25, 2019 11:06 am