X

ആഗോളതാപനത്തോടുള്ള സമീപനം: ട്രംപിന്റെ പേര് മണലിൽ തല പൂഴ്ത്തുന്ന കാഴ്ചശക്തിയില്ലാത്ത ജീവിക്കിട്ടു

പുതിയതായി കണ്ടെത്തിയ ജീവിക്ക് ട്രംപിന്റെ മുടിയും പുരികവും ചേർത്തുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

കാഴ്ചശക്തിയില്ലാത്ത, മണലിൽ തല പൂഴ്ത്തുന്ന ജീവിക്ക് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പേരിട്ടു. പുതിയതായി കണ്ടെത്തിയ ഉഭയജീവിക്കാണ് ട്രംപിന്റെ പേരിട്ടത്. ആഗോളതാപനത്തോട് യുഎസ് പ്രസിഡണ്ടിന്റെ സമീപനമാണ് ഈ പേരിടലിന് കാരണമായത്.

എൻവിറോബിൽഡ് എന്ന കമ്പനിയാണ് പുതിയ ജീവിക്കു വേണ്ടി ഈ പേര് കണ്ടെത്തിയത്. പേരിടാനുള്ള അവകാശത്തിനു വേണ്ടി ഈ കമ്പനി ലേലത്തിൽ പങ്കെടുക്കുകയും 25,000 ഡോളർ ചെലവിട്ട് ലേലം പിടിക്കുകയും ചെയ്തു. പരിസ്ഥിതിക്ക് കേടില്ലാത്ത തരം കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കമ്പനിയാണിത്.

പാനമയിലാണ് കാലില്ലാത്ത ചെറിയ ജീവിയെ കണ്ടെത്തിയത്. ഈ ജീവിക്ക് തന്റെ തല മണലിൽ പൂഴ്ത്തി കിടക്കാനാകും. കണ്ണ് കാണില്ലെന്ന പ്രത്യേകതയുമുണ്ട്. ആഗോളതാപനം എന്ന അതീവ ഗൗരവമുള്ള വിഷയത്തിൽ ഡോണൾഡ് ട്രംപ് കടുത്ത അന്ധത പ്രകടിപ്പിക്കുന്നതും തത്സംബന്ധിയായ ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറുന്നതും ചർച്ചയായ സാഹചര്യത്തിലാണ് ഈ പേരിടൽ നടക്കുന്നത്. കാലിഫോർണിയയിൽ അടുത്തിടെയുണ്ടായ തീപ്പിടിത്തം ആഗോളതാപനത്തിന്റെ അനന്തരഫലമെന്ന നിലയിൽ ലോകം മുഴുവൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ ട്രംപ് ഈ സംഭവത്തെ ആഗോളതാപനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നെന്ന നിലയിലാണ് സമീപിച്ചത്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

പുതിയതായി കണ്ടെത്തിയ ജീവിക്ക് ട്രംപിന്റെ മുടിയും പുരികവും ചേർത്തുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.