X

“കാലാവസ്ഥാമാറ്റം നമ്മളെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു”: കേരളത്തിലെ പ്രളയത്തെ പരാമർശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ

"കാലാവസ്ഥാമാറ്റം നമ്മളെക്കാൾ വേഗത്തിൽ സഞ്ചരിക്കുകയാണ്."

കേരളത്തിലെ പ്രളയവും പ്യൂട്ടോ റിക്കയിൽ കഴിഞ്ഞ വർ‌ഷമുണ്ടായ ഹരിക്കെയിനും കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ലോകം ഉയർന്ന ആശങ്ക പ്രകടിപ്പിക്കേണ്ട സമയമായതിന്റെ സൂചനകളാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. കാലാവസ്ഥാ വ്യതിയാനം കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് ലോകം മനസ്സിലാക്കണം. ഇനിയൊരിക്കലും തിരിച്ചു വരാനിടയില്ലാത്ത തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം ജാഗ്രതപ്പെടുത്തി.

“കാലാവസ്ഥാമാറ്റം നമ്മുടെ കാലത്തെ ഏറ്റവും നിർണായകമായ പ്രശ്നമാണ്. നമ്മളിപ്പോഴുള്ളത് ഏറ്റവും നിർണായകമായ സന്ദർഭത്തിലും. നമ്മൾ നിലനിൽപ്പിന്റെ ഭീഷണിയാണ് നേരിടുന്നത്. കാലാവസ്ഥാമാറ്റം നമ്മളെക്കാൾ വേഗത്തിൽ സഞ്ചരിക്കുകയാണ്.” -കാലാവസ്ഥാ വ്യതിയാന കർമപദ്ധതിയുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തുകയായിരുന്നു ഗുട്ടറെസ്.

ലോകത്തെമ്പാടും വർധിച്ചുവരുന്ന താപതരംഗങ്ങൾ, കാട്ടുതീകൾ, കൊടുങ്കാറ്റുകൾ, പ്രളയങ്ങൾ എന്നിവ ഗുട്ടറെസ് ചൂണ്ടിക്കാട്ടി. ജനങ്ങളെ മരണത്തിലേക്ക് നടത്തുകയോ അഭയാർത്ഥികളാക്കുകയോ ചെയ്യുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ അളവ് കൂടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ പദ്ധതികൾ അതിവേഗം തയ്യാറാക്കേണ്ട സാഹചര്യം നിലവിലുണ്ട്.

പ്യൂട്ടോ റികോയിൽ കഴിഞ്ഞ വർ‌ഷമുണ്ടായ മരിയ ചുഴലിക്കാറ്റിൽ 3,000 പേർ കൊല്ലപ്പെട്ടത് ഗുട്ടറസ് ചൂണ്ടിക്കാട്ടി. അമേരിക്ക അതിന്റെ ചരിത്രത്തിൽ കണ്ടിട്ടില്ലാത്തത്രയും വലിയ ചുഴലിക്കാറ്റായിരുന്നു അത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ വൻതോതിൽ അധികരിച്ചു വരുന്നതായി വേൾഡ് മെറ്റീറോളജിക്കൽ അസോസിയേഷൻ പറയുന്നതായും ഗുട്ടറസ് ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കൂടുതൽ നേതൃത്വം രംഗത്തിറങ്ങേണ്ടതുണ്ടെന്ന് ഗുട്ടറസ് പറഞ്ഞു. രണ്ടു വർഷം മുമ്പുണ്ടാക്കിയ പാരിസ് കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ കരാറിലെ നിബന്ധനകൾ പാലിക്കാനും നടപ്പാക്കാനും കൂടുതൽ പ്രതിബദ്ധത കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്തരീക്ഷ താപനില 2 ഡിഗ്രി സെൽഷ്യസിന് താഴെയാക്കി നിലനിര്‍ത്താൻ ശ്രമങ്ങളുണ്ടാകണം. ഇതാണ് കാറിലെ പ്രധാന നിബന്ധന. സാധ്യമാണെങ്കിൽ 1.5 ഡിഗ്രിയിലേക്ക് എത്തിക്കണം.

This post was last modified on September 11, 2018 4:35 pm