X

കോഹൻ ടേപ്പിനെക്കുറിച്ച് ചോദിച്ചു: സിഎൻഎൻ മാധ്യമപ്രവർത്തകയ്ക്ക് വൈറ്റ് ഹൗസിന്റെ വിലക്ക്

'അലക്ഷ്യവും ദുർബലവുമായ തീരുമാനം' എന്നാണ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.

ഡോണൾ‌ഡ് ട്രംപിനോട് രുചിക്കാത്ത ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവർത്തക, കൈറ്റ്‍ലാൻ കോളിൻസിന് വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ യൂറോപ്യന്‍ യൂണിയൻ കമ്മീഷൻ പ്രസിഡണ്ട് ജീൻ ക്ലോഡ് ജാൻകറുമായി ചേർന്ന് അമേരിക്കൻ പ്രസിഡണ്ട് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ വിലക്ക്. സിഎൻഎന്നിന്റെ വൈറ്റ് ഹൗസ് റിപ്പോർട്ടറാണ് ഇവർ. മാധ്യമമേഖലയിൽ സിഎൻഎന്നിന്റെ എതിരാളിയെന്നറിയപ്പെടുന്ന ഫോക്സ് ന്യൂസ് ഈ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷനും പ്രതിഷേധിച്ചു.

‘അലക്ഷ്യവും ദുർബലവുമായ തീരുമാനം’ എന്നാണ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.

എല്ലാ മാധ്യമപ്രവർത്തകർക്കും പങ്കെടുക്കാന്‍ അവസരം നൽകിയിരുന്നു റോസ് ഗാർഡനിലെ പരിപാടിയിൽ. കാരണമായി വൈറ്റ് ഹൗസ് അധികൃതർ അനൗദ്യോഗികമായി നൽകിയ വിശദീകരണം മുൻ വാർത്താ സമ്മേളനത്തിൽ കൈറ്റ്‍ലാൻ കോളിൻസ് ‘അനുചിതമായ’ ചോദ്യങ്ങൾ ചോദിച്ചു എന്നതായിരുന്നു.

ട്രംപിനെ പ്രകോപിപ്പിച്ചത് രണ്ട് ചോദ്യങ്ങൾ

കാരെൻ മക്ഡോഗൽ എന്ന പ്ലബോയ് സുന്ദരി തനിക്ക് ഡോണൾഡ് ട്രംപുമായുണ്ടായിരുന്ന ബവ്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നാഷണൽ എൻക്വയറർ എന്ന ഗോസ്സിപ്പ് മാസികയ്ക്ക് 150,000 ഡോളർ വിലയ്ക്ക് വിറ്റു. ഈ കച്ചവടം ഉറപ്പിക്കുന്നതു സംബന്ധിച്ച് ട്രംപും അദ്ദേഹത്തിന്റെ വക്കീലും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പ് ഇക്കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ട്രംപിന്റെ തലതിരിഞ്ഞ പൂർവ്വകാല ജീവിതത്തിലേക്കും വലിയ അഴിമതിയിലേക്കുമെല്ലാം വിരൽചൂണ്ടുന്ന ഈ സംഭവത്തെക്കുറിച്ച് ട്രംപിനോട് നേരിട്ട് കൈറ്റ്‍ലാൻ കോളിൻസ് ചോദ്യമുന്നയിക്കുകയുണ്ടായി. ഇതാണ് ‘അനുചിത’മെന്ന് വൈറ്റ് ഹൗസിന് തോന്നിയത്.

ട്രംപിനെ പ്രകോപിപ്പിച്ച കൈറ്റ്‍ലാൻ കോളിൻസിന്റെ അടുത്ത ചോദ്യം റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ അമേരിക്കൻ സന്ദർശനം നീട്ടിവെച്ചതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. 2016 തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായി എന്ന അതീവഗുരുതരമായ ആരോപണത്തിൽ അന്വേഷണം നടക്കുകയാണിപ്പോൾ‌. കഴിഞ്ഞ റഷ്യൻ സന്ദർശനത്തിൽ ഈ പ്രശ്നത്തെ പൂർണമായും മറന്ന്, റഷ്യക്ക് കീഴടങ്ങിയെന്നും ട്രംപിനെതിരെ ആരോപണമുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ പുടിന്റെ സന്ദർശനം അടുത്ത വർഷത്തേക്ക് മാറ്റി വെച്ചിരുന്നു. ഇതു സംബന്ധിച്ച കൈറ്റ്‍ലാൻ കോളിൻസിന്റെ ചോദ്യവും ട്രംപിനെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്.