X

സിറിയയിൽ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം: പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു

സിറിയിയിൽ നിന്നും പട്ടാളക്കാരെ പിൻവലിക്കാനുള്ള പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജി വെച്ചു. സഖ്യകക്ഷികളെയും വൈറ്റ് ഹൗസിനെത്തന്നെയും ഞെട്ടിച്ച ഈ തീരുമാനത്തോടുള്ള വിയോജിപ്പ് തന്റെ രാജിക്കത്തിൽ മാറ്റിസ് പ്രകടിപ്പിച്ചിട്ടുണ്ട്. “താങ്കൾക്ക് താങ്കളുടെ കാഴ്ചപ്പാടുകളോട് യോജിപ്പുള്ള ഒരു പ്രതിരോധ സെക്രട്ടറിയോടൊപ്പം പ്രവർത്തിക്കാനുള്ള അവകാശമുണ്ടെ”ന്ന് രാജിക്കത്തിൽ മാറ്റിസ് പറഞ്ഞു.

സിറിയയിൽ നിന്ന് 2000 പട്ടാളക്കാരെ പിൻവലിക്കുന്നതിനോട് മാറ്റിസ് കടുത്ത എതിർപ്പ് അറിയിച്ചിരുന്നെന്നാണ് അറിയുന്നത്. ഈ പിന്മാറ്റം ഒരു വലിയ നയതന്ത്രപരമായ മണ്ടത്തരമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതിനെ അവഗണിച്ചാണ് ട്രംപിന്റെ തീരുമാനം വന്നത്.

ഇരുവരും തമ്മിൽ വളരെ നേരത്തെ തന്നെ വിയോജിപ്പുകൾ വളർന്നിരുന്നു. ഇറാൻ ആണവക്കരാറിൽ നിന്നും ഏകപക്ഷീയമായി പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തോടും മാറ്റിസിന് എതിര്‍പ്പുണ്ടായിരുന്നു.

സ്പേസ് ഫോഴ്സ് എന്ന പേരിൽ ഒരു പുതിയ പട്ടാളവിഭാഗത്തെ രൂപീകരിക്കാൻ ട്രംപ് തീരുമാനിച്ചതിനോടും മാറ്റിസ് വിയോജിച്ചിരുന്നു. ഈ വിയോജിപ്പിനെ അവഗണിച്ച് പുതിയ സൈനികവിഭാഗത്തിന് രൂപം നൽകി ട്രംപ്. മെക്സിക്കൻ അതിർത്തിയിലേക്ക് ആയിരക്കണക്കിന് പട്ടാളക്കാരെ അയയ്ക്കേണ്ടി വന്നിരുന്നു മാറ്റിസ്സിന്. അതിർത്തി വഴി കുടിയേറ്റക്കാർ കടന്നുകയറുന്നുവെന്ന ഭീതി സൃഷ്ടിച്ച് ട്രംപ് നടത്തിയ നീക്കമായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള വിയോജിപ്പുകൾ ശക്തമായതിനാൽ മാറ്റിസിന്റെ വിടുതൽ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.

This post was last modified on December 21, 2018 8:13 am