X

പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ; ഇമ്രാൻ ഖാന്റെ ‘യഥാർത്ഥ മുഖം’ വെളിപ്പെട്ടെന്ന് ആരോപണം

ഈ കൂടിക്കാഴ്ച സമാധാന ചർച്ചകൾ പുനരാരംഭിക്കലല്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പാകിസ്താനുമായു നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽ നിന്നും ഇന്ത്യ പിന്മാറി. കശ്മീരിലെ ഷോപിയാൻ ജില്ലയിൽ മൂന്ന് പൊലീസുകാരെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. കഴിഞ്ഞദിവസമാണ് ന്യൂയോർക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തുമ്പോൾ പാകിസ്താൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷ്‌മ സ്വരാജ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിനു പിന്നാലെ പാകിസ്താന്റെ ഭാഗത്തു നിന്നും ഭീകരാക്രമണമുണ്ടാകുകയായിരുന്നു.

“പാകിസ്താന്റെ ദുഷിച്ച പദ്ധതികൾ വെളിപ്പെടുകയാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർത്ഥ മുഖമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പാകിസ്താനുമായുള്ള ഏതൊരു ചർച്ചയും വ്യർത്ഥമാണ്” -ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ പറഞ്ഞു.

കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി ബുർഹാൻ വാനിയുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയ പാകിസ്താന്റെ നടപടിയും സംഭാഷണത്തിൽ നിന്നും പിന്മാറാനുള്ള കാരണങ്ങളിലൊന്നാണ്. കശ്മീരുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആധാരമാക്കി 20 പോസ്റ്റൽ സ്റ്റാമ്പുകൾ പാകിസ്താൻ പുറത്തിറക്കിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കശ്മീരിലെ ജനങ്ങളുടെ ‘പോരാട്ടം’ ലോകശ്രദ്ധയിൽ കൊണ്ടുവരാനാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയതെന്ന് പാകിസ്താൻ പോസ്റ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ 24നാണ് ഈ സ്റ്റാമ്പുകൾ പാകിസ്താൻ പോസ്റ്റ് പുറത്തിറക്കിയത്.

പാകിസ്താനുമായുള്ള സംഭാഷണങ്ങൾ മരവിപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് ഇന്ത്യ വീണ്ടും ചർച്ചയ്ക്ക് തയ്യാറെടുത്തത്. പഞ്ചാബിലെ ഇന്ത്യൻ ആർമി എയർ ഫോഴ്സ് ബേസ് പാകിസ്താൻ ആക്രമിച്ചതിനു ശേഷം യാതൊരുവിധ ചർച്ചകളും ഇരുരാജ്യങ്ങളും തമ്മിൽ വേണ്ടെന്ന് നിശ്ചയിച്ചിരുന്നു.

വരുന്ന തിങ്കളാഴ്ച ഐക്യരാഷ്ട്രസഭ അസംബ്ലിക്കിടയിൽ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി കൂടിക്കാഴ്ച നടത്താമെന്നതായിരുന്നു തീരുമാനം. ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് പരസ്പര സംഭാഷണങ്ങൾ പുനരാരംഭിക്കുന്നതിന് ഇന്ത്യ തയ്യാറായത്.

ഈ കൂടിക്കാഴ്ച സമാധാന ചർച്ചകൾ പുനരാരംഭിക്കലല്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. “ഒരു ‘കൂടിക്കാഴ്ച’ മാത്രമാണിത്. അവർ കൂടിക്കാഴ്ച ആവശ്യമാണെന്ന് പറഞ്ഞു. ഞങ്ങൾ സമ്മതിച്ചു” -വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ കഴിഞ്ഞദിവസം പറഞ്ഞു.

This post was last modified on September 21, 2018 8:40 pm