X

ട്രംപും കിമ്മും സമഗ്ര ധാരണാപത്രത്തിൽ ഒപ്പുവെച്ചു: ആണവനിരായുധീകരണം നടത്തും; യുദ്ധത്തടവുകാരെ കൈമാറും

ലോകത്തിനു തന്നെ അപകടം സൃഷ്ടിച്ചേക്കാവുന്ന ഒരു പ്രശ്നത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയാണ് തങ്ങളെന്ന് ട്രംപ് പറഞ്ഞു.

U.S. President Donald Trump and North Korean leader Kim Jong Un walk in the Capella Hotel after their working lunch, on Sentosa island in Singapore June 12, 2018. Anthony Wallace/Pool via Reuters

യുഎസ്സിന്റെയും ഉത്തരകൊറിയയുടെയും തലവന്മാർ തമ്മിൽ ചരിത്രത്തിലാദ്യമായി നടന്ന കണ്ടുമുട്ടലിൽ നിർണായകമെന്ന് വിളിക്കാവുന്ന മുന്നേറ്റമാണ് സംഭവിച്ചത്. ഇരുരാജ്യങ്ങളും ഒരു ‘സമഗ്ര ധാരണാപത്ര’ത്തിൽ ഒപ്പുവെച്ചു. കൊറിയൻ ഉപദ്വീപിൽ പൂർണമായും ആണവനിരായുധീകരണം നടത്താനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

സമാധാനപരവും സുസ്ഥിരവുമായ ഒരു വ്യവസ്ഥ രൂപപ്പെടുത്താൻ ഇരുരാജ്യങ്ങളും പ്രതിബദ്ധത അറിയിച്ചിട്ടുണ്ട് കരാറിൽ. കൊറിയൻ യുദ്ധകാലത്ത് പിടിക്കപ്പെട്ടവരിൽ ആരെങ്കിലും ജയിലുകളിൽ ഇനിയുമുണ്ടെങ്കിൽ അവരെ പരസ്പരം കൈമാറാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ധാരണാപത്രവുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടിക്രമങ്ങൾ മുമ്പോട്ടു നീക്കാൻ ഇരുരാജ്യങ്ങളും സാധ്യമായത്ര വേഗത്തിൽ കൂടിക്കാഴ്ചകൾ നടത്തും.

സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയിൽ ധാരണാപത്രത്തിൽ ഒപ്പിടുന്നതിനു മുമ്പായി ട്രംപും കിമ്മും ഹ്രസ്വമായി സംസാരിച്ചു. തങ്ങളൊരുമിച്ച് കുറെ നല്ല നേരങ്ങൾ ചെലവിട്ടെന്നും മികച്ചൊരു ബന്ധം സൃഷ്ടിക്കപ്പെട്ടെന്നും ട്രംപ് പറഞ്ഞു. ഭൂതകാലത്തെ പിന്നിലുപേക്ഷിക്കാൻ തങ്ങൾ തീരുമാനിച്ചെന്ന് കിം ജോങ് ഉൻ പ്രതികരിച്ചു.

കൊറിയൻ ഭാഷയിലാണ് കിം ആശയവിനിമയം നടത്തിയത്. കൂടെ ഒരു വിവർത്തകനും ഉണ്ടായിരുന്നു. ലോകത്തിനു തന്നെ അപകടം സൃഷ്ടിച്ചേക്കാവുന്ന ഒരു പ്രശ്നത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയാണ് തങ്ങളെന്ന് ട്രംപ് പറഞ്ഞു. ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് നടന്നത്. ഒരു മണിക്കൂറിനുള്ളിൽ അവസാനിച്ച ഈ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും പുറത്തെത്തി. മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ഇരുവരും മറ്റൊരു കൂടിക്കാഴ്ചയ്ക്കായി ഉദ്യോഗസ്ഥർക്കൊപ്പം നീങ്ങി. ‘ലോകം മുഴുവൻ ഇപ്പോൾ നമ്മെ കണ്ടുകൊണ്ടിരിക്കുകയായിരിക്കും. ഒരു ഫാന്റസിയെന്ന പോലെ, ഒരു സയൻസ് ഫിക്ഷൻ മൂവിയിലെ രംഗങ്ങളെന്ന പോലെ’ എന്ന് ഈ ഘട്ടത്തിൽ കിം പറഞ്ഞു. കിമ്മിന്റെ കൂടെ ഉത്തരകൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ വൈസ് ചെയർമാൻ റി സു യോങ്ങും ഉണ്ടായിരുന്നു.

ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷപ്രകാരം, സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പുതിയൊരു ബന്ധം പടുത്തുയർത്തുന്നതായി പറഞ്ഞു കൊണ്ടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ധാരണാപത്രം തുടങ്ങുന്നത്. കൊറിയൻ ഉപദ്വീപിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രയത്നിക്കുമെന്ന് ധാരണാപത്രം പറയുന്നു. തങ്ങളുടെ രാജ്യത്ത് പൂർണമായ ആണവനിരായുധീകരണം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കൊറിയ ധാരണാപത്രത്തിൽ പ്രതിബദ്ധരായി. ഇരുരാജ്യങ്ങളും തങ്ങളുടെ പിടിയിലുള്ള കൊറിയൻ യുദ്ധ ഭടന്മാരെ മോചിപ്പിക്കും.

ഈ ധാരണാപത്രത്തെ വളരെ അടിസ്ഥാനപരം എന്നാണ് വിശേഷിപ്പിക്കേണ്ടത്. നേടേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് പറഞ്ഞു പോകുകയാണ് ഇതിൽ ചെയ്യുന്നത്. ഇരുകൂട്ടരും അംഗീകരിക്കുന്ന വിഷയങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. എന്നാൽ അവയത്ര എളുപ്പത്തിൽ സാധിക്കില്ലെന്നതിനാൽ തന്നെ അവയുടെ നടപ്പാക്കൽ എങ്ങനെ വേണമെന്ന് വ്യക്തമാക്കിയിട്ടില്ല. സാധ്യമായ അത്രയും വേഗത്തിൽ ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടത്തും. സാധ്യമായ കാര്യങ്ങൾ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള നടപടികളിലേക്ക് നീങ്ങും. ഇത്രയുമാണ് ഇന്നത്തെ ഉച്ചകോടിയുടെ ഫലങ്ങൾ.

This post was last modified on June 12, 2018 4:37 pm