X

ജൂലിയന്‍ അസാഞ്ചിന്റെ ലോകവുമായുള്ള ബന്ധം മുറിച്ച് ഇക്വഡോര്‍

സര്‍ക്കാരുമായുള്ള ഉടമ്പടി ലംഘിച്ചതിനാലാണെന്ന് ഇക്വഡോറിന്റെ വിശദീകരണം

ജൂലിയന്‍ അസാഞ്ചിന് ഇന്റര്‍നെറ്റ് സൗകര്യം നിഷേധിച്ച് ഇക്വഡോര്‍. ആറ് വര്‍ഷത്തോളമായി ഇക്വഡോറിലെ ലണ്ടന്‍ എംബസിയിലാണ് വിക്കിലിക്‌സ് സ്ഥാപകനായ അസാഞ്ച് താമസിക്കുന്നത്. എംബസിയില്‍ ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതോടെ അദ്ദേഹത്തിന് ലോകവുമായി ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.

2017 അവസാനത്തോടെ സര്‍ക്കാരുമായി ഒപ്പിട്ടിരുന്ന ഒരു ഉടമ്പടി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇത്തരം ഒരു നീക്കമെന്നൊണ് ഇക്വഡോര്‍ ഗവണ്‍മെന്റ് പറയുന്നത്. ഈ ഉടമ്പടി പ്രകാരം മറ്റ് രാഷ്ട്രങ്ങളുടെ കാര്യത്തില്‍ ഇടപെടുന്ന യാതൊരു സന്ദേശങ്ങളും പുറപ്പെടുവിക്കാന്‍ പാടില്ല. അസാഞ്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ഇക്വഡോറും യു.കെ, യൂറോപ്യന്‍ യൂണിയന്‍, തുടങ്ങിയവയും തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കുന്ന തരത്തിലാണെന്നും ഇവര്‍ പറയുന്നു.

മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കും നേരെയുണ്ടായ രാസായുധ പ്രയോഗം റഷ്യയാണ് നടത്തിയതെന്ന ബ്രിട്ടീഷ് ആരോപണത്തെ വെല്ലുവിളിച്ച് കൊണ്ട് തിങ്കളാഴ്ച അസാഞ്ച് ട്വീറ്റ് ചെയ്തിരുന്നു. റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി കൊണ്ടുള്ള യു.കെയുടെയും മറ്റ് 20 രാഷ്ട്രങ്ങളുടേയും പ്രതികാര നടപടികളേയും വിക്കിലിക്‌സ് സ്ഥാപകന്‍ ചോദ്യം ചെയ്യുകയുണ്ടായി. ഈ പ്രസ്താവനകളെ തുടര്‍ന്ന് ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി അസാഞ്ചിനെ ‘നികൃഷ്ട കീടം എന്ന് വിളിക്കുകയും, എംബസി വിട്ട് ബ്രിട്ടീഷ് നിയമത്തിന് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

2012 മുതല്‍ അസാഞ്ച് എംബസിയിലാണ് താമസിക്കുന്നത്. എംബസി വിട്ടാല്‍ വിക്കിലിക്‌സ് വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇടപെടലുള്‍ ഒഴിവാക്കാന്‍ അന്നും അസാഞ്ചിന് ഇന്റര്‍നെറ്റ് സൗകര്യം നിഷേധിച്ചിരുന്നു

This post was last modified on March 30, 2018 10:27 am