X

1922 കമ്മിറ്റി യോഗത്തിൽ തെരേസ മേയുടെ വൈകാരിക പ്രസംഗം; എംപിമാർ സ്വാധീനിക്കപ്പെട്ടിരിക്കാമെന്ന് റിപ്പോർട്ടുകൾ

45 മിനിറ്റ് നേരത്തോളം പാർട്ടിയുടെ ബാക്ക്ബെഞ്ചർ എംപിമാരോട് മേ സംസാരിച്ചു.

കൺസെർവ്വേറ്റീവ് പാർട്ടിയുടെ ‘ബാക്ക്ബെഞ്ചർ’ എംപിമാരെ അഭിസംബോധന ചെയ്തുള്ള യോഗത്തിൽ തെരേസ മേ തനിക്കനുകൂലമായ വികാരം സൃഷ്ടിച്ചെടുത്തുവെന്ന് റിപ്പോർട്ടുകൾ. തെരേസ മേ നടത്തിയ വൈകാരികതയും വ്യക്തിപരതയും നിറഞ്ഞ പ്രസംഗം എംപിമാരെ വീഴ്ത്തിയിരിക്കാമെന്നും മേയുടെ ബ്രെക്സിറ്റ് നിലപാടുകളോട് അനുഭാവം വളർന്നിരിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. മറ്റ് സർക്കാർ പദവികളൊന്നും വഹിക്കാത്ത പാർലമെന്റ് മെമ്പർമാരെയാണ് ബാക്ക്ബെഞ്ചർ എംപിമാർ അഥവാ 1922 കമ്മിറ്റി എന്നു വിളിക്കുന്നത്.

തെരേസ മേയുടെ ബ്രെക്സിറ്റ് വ്യവഹാര നയങ്ങളിൽ ബാക്ക്ബെഞ്ചർ എംപിമാർക്ക് വിയോജിപ്പുണ്ടെന്ന വസ്തുത നിലനിൽക്കെയാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. മേയുടെ നയങ്ങളോട് കടുത്ത എതിർപ്പുള്ള ബാക്ക്ബെഞ്ചർ എംപിമാരിലൊരാളായ നാദിൻ ഡോറിസ്സും സർ എഡ്വാർഡ് ലേയും ഫിലിപ്പ് ഡേവീസുമെല്ലാം അത്ര രുചികരമല്ലാത്ത ചില ചോദ്യങ്ങളുമായി യോഗത്തിൽ എഴുന്നേറ്റുവെങ്കിലും മേയുടെ വൈകാരികത കലർത്തിയ പ്രസംഗത്തിന് അവയെയെല്ലാം മറികടക്കാനായി എന്നാണ് കേൾക്കുന്നത്.

45 മിനിറ്റ് നേരത്തോളം പാർട്ടിയുടെ ബാക്ക്ബെഞ്ചർ എംപിമാരോട് മേ സംസാരിച്ചു. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് താൻ എല്ലാം ചെയ്യുന്നതെന്നും എല്ലാം അംഗങ്ങളും തനിക്കു പിന്നിൽ അണിനിരക്കണമെന്നും അവർ ആവശ്യപ്പെട്ടു. മേ ഒന്നും എഴുതിക്കൊണ്ടു വരാതെയായിരുന്നു സംസാരിച്ചത്. വളരെ ഹൃദയഹാരിയായിരുന്നു മേയുടെ സംസാരമെന്ന് മുൻ ആഭ്യന്തരമന്ത്രി ആംബർ റുഡ്ഢ് പറഞ്ഞു.

മറ്റൊരു എംപി പറഞ്ഞത് തെരേസ മേയെ തന്റെ അമ്മയെപ്പോലെ തോന്നിച്ചെന്നാണ്.