X

ജമാൽ ഖഷോഗി വധം എഫ്ബിഐ അന്വേഷിക്കില്ല; യുഎൻ ആവശ്യം ട്രംപ് തള്ളി

മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച രാജ്യമാണു സൗദിയെന്ന് ട്രംപ്

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം എഫ്.ബി.ഐ അന്വേഷിക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ അഭ്യർത്ഥന ഡൊണാൾഡ് ട്രംപ് തള്ളി. സൗദി അറേബ്യയിലേക്കുള്ള അമേരിക്കയുടെ ആയുധ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ്‌ അങ്ങിനെയൊരു തീരുമാനം എടുത്തതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് യു.എന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. ‘ഉചിതമായ രീതിയിൽ അമേരിക്കയ്ക്കുള്ളിൽ ക്രിമിനൽ പ്രോസിക്യൂഷനുകൾ നടത്തുകയും വേണ’മെന്നും പറഞ്ഞിരുന്നു. അന്വേഷണത്തിന് എഫ്ബിഐയെ ചുമതലപ്പെടുത്തുമോയെന്ന ചോദ്യത്തിന് ‘ഇത് ഒരുപാട് അന്വേഷിക്കപ്പെട്ട കേസാണെന്നാണ്’ ട്രംപ് മറുപടി പറഞ്ഞത്. ആര് അന്വേഷിച്ചുവെന്ന് വീണ്ടും ചോദിച്ചപ്പോള്‍, ‘എല്ലാവരും’ എന്നായിരുന്നു മറുപടി. അതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദി ഭരണകൂടത്തിന്റെ സ്ഥിരം വിമർശകനും വാഷിങ്ടൺ പോസ്റ്റ് ലേഖകനുമായ ജമാല്‍ ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽ വച്ചാണ് കൊലചെയ്യപ്പെട്ടത്. ഖാഷോഗിയുടെ വരവിനു മുമ്പും ശേഷവും അജ്ഞാതരായ സൗദികൾ തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ അസ്വസ്ഥജനകമായ വിശദാംശങ്ങൾ യു.എൻ റിപ്പോർട്ടിൽ വിശദമായി പരാമർശിക്കുന്നുണ്ട്. ടർക്കിഷ് അധികൃതർ നൽകിയ ട്രാൻസ്ക്രിപ്റ്റുകളെ അടിസ്ഥാനമാക്കിയാണ് യു.എന്‍ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഖഷോഗി കോൺസുലേറ്റിലെത്തിയതിനുശേഷം നടത്തിയ സംഭാഷണങ്ങളുടെ പകർപ്പുകളിൽ ‘നിങ്ങൾ എനിക്ക് മയക്കുമരുന്ന് തരാൻ പോവുകയാണോ?’ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ‘നിങ്ങളെ അനസ്തേഷ്യ ചെയ്യാന്‍ പോവുകയാണ്’ എന്നായിരുന്നു മറുപടി. കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉന്നതോദ്യോഗസ്ഥർക്കും പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് യു.എൻ. റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇത്തരം ആരോപണങ്ങൾ എല്ലാം ട്രംപ് തള്ളിക്കളഞ്ഞു. മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച രാജ്യമാണു സൗദിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘അവര്‍ അമേരിക്കയുമായുള്ള ആയുധ ഇടപാടുകൾക്ക് 400 ബില്യൺ മുതൽ 450 ബില്യൺ ഡോളർ വരെ ചിലവഴിച്ചിട്ടുണ്ടെന്നും’ ട്രംപ് കൂട്ടിച്ചേർക്കുന്നു. ട്രംപ് ഭരണകൂടം സൗദി അറേബ്യയ്ക്ക് ആയുധം വിൽക്കുന്നത് തടയാൻ സെനറ്റ് കഴിഞ്ഞ ആഴ്ച വോട്ട് ചെയ്തിരുന്നു.

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി, കല്ലടയുടെ പേരില്‍ സര്‍ക്കാര്‍ മനപൂര്‍വം ദ്രോഹിക്കുന്നതായി ആരോപണം

This post was last modified on June 24, 2019 12:05 pm