X

ഫ്രഞ്ച് സർക്കാറിന് എതിരായ ‘മഞ്ഞ കോട്ട്’ പ്രക്ഷോഭം അക്രമാസക്തമായി; പ്രതിഷേധക്കാരിൽ തീവ്ര സംഘടനകളുടെ സാന്നിധ്യമെന്ന് അധികൃതർ

ദേശീയ ഗാനം ആലപിച്ചും, മാകോണിന്റെ രാജി ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധങ്ങൾ.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് പാരീസ് തെരുവുകളില്‍ നടന്നുവന്ന പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായി. രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്കുള്‍പ്പെടെ കാരണം സര്‍ക്കാറിന്റെ വികലമായ സാമ്പത്തിക നയങ്ങളാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. രണ്ടാഴ്‌ത്തോളമായി തുടരുന്ന പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എലീസ് പാലസിന് സമീപത്ത് വരെയെത്തിയ പ്രതിഷേധക്കാര്‍ക്ക് നേരം പോലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും ഉപയോഗിച്ചു. ദേശീയ ഗാനം ആലപിച്ചും, മാക്രോണിന്റെ രാജി ആവശ്യപ്പെട്ടും നടത്തിയ പ്രതിഷേധങ്ങളില്‍ പ്രസിഡന്റ് കള്ളനാണെന്ന് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.

മഞ്ഞ നിറത്തിലുള്ള ഫ്‌ളൂറസെന്റ് ജാക്കറ്റുകള്‍ അണിഞ്ഞും വാഹനങ്ങള്‍ റോഡുകളില്‍ നിര്‍ത്തിയിട്ടുമാണ സമരക്കാര്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇന്ധന ഡിപ്പോകള്‍ ഉപരോധിച്ചും ഫാക്ടറികളുടെ പ്രവര്‍ത്തനം തടസപ്പെടത്തിയുമാണ് രാജ്യത്ത് ഉടനീളം പ്രക്ഷോഭങ്ങള്‍ നടക്കുന്നത്.

രാജ്യത്ത് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി മാക്രോണ്‍ പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള നടപടികളാണ് പ്രതിഷേധത്തിന് വഴിവച്ചത്. എന്നാല്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് നികുതിയിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പ്രതിഷേധക്കാരില്‍ തീവ്ര വലത്, ഇടത് പക്ഷ സംഘടനാ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറിയതാണ് സമരം അക്രമാസക്തമാവാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്. പാരീസില്‍ മാത്രം 30000ത്തിലധികം പേരാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ ശനിയാഴച നടന്ന അദ്യ യെല്ലോ പ്രതിഷേധങ്ങളില്‍ മുന്നു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പരിഷ്‌കരങ്ങള്‍ രാജ്യത്തെ സാധാരക്കാരുടെ ദിവസ വരുമാനത്തില്‍ 35 ശതമാനത്തിലധികം ഇടിവ് ഉണ്ടാക്കിയെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

This post was last modified on November 25, 2018 12:12 pm