X

ഇത് വെറുമൊരു കാട്ടുതീയല്ല; ലോകം ആശങ്കപ്പെടേണ്ട ചിലതുണ്ടീ ഉഷ്ണതരംഗത്തിൽ

ആഗോള കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഈ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്നു പറയാം.

കാട്ടുതീ ലോകത്തെവിടെയും ഒരു സാധാരണപ്രതിഭാസമാണ്. എന്നാൽ, ഇക്കഴിഞ്ഞയാഴ്ചയിൽ സ്വീഡനിൽ കാട്ടുതീ ആളിപ്പടർന്നപ്പോൾ അത് ലോകമെങ്ങും വലിയൊരു ചർച്ചയായി മാറി. സ്വതവേ തണുപ്പും മഞ്ഞു നിറഞ്ഞ സ്വീഡനിലെ കാലാവസ്ഥയിൽ ഏറെ നാളുകളായി അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ചയിൽ മാത്രം അമ്പതിലധികം കാട്ടുതീകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാട്ടുതീ നിയന്ത്രിക്കാൻ കഴിയാതെ സ്വീഡൻ അന്താരാഷ്ട്ര സമൂഹത്തോട് സഹായാഭ്യർത്ഥന നടത്തി. നോർവ്വേ, ഇറ്റലി എന്നീ രാജ്യങ്ങൾ അഗ്നിശമന സജ്ജീകരണങ്ങളുള്ള വിമാനങ്ങള്‍ സ്വീഡനിലേക്കയച്ചു.

ഇത് സ്വീഡനിലെ മാത്രം പ്രശ്നമല്ല എന്നതും, ഒട്ടും താൽക്കാലികമായ പ്രശ്നമല്ല എന്നതുമാണ് ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത്. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ ഒരു ഉഷ്ണതരംഗം രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ അമേരിക്ക, ആർക്ടിക്, വടക്കൻ യൂറോപ്പ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെല്ലാം ഈ തരംഗം സജീവമാണ്. വടക്കൻ അൾജീരിയയുടെ തലസ്ഥാനമായ ഊർഗ്‌ലയിൽ താപനില 51.3 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തപ്പെട്ടു. ആഫ്രിക്കയിൽ റെക്കോർഡ് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണിത്.

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ജപ്പാനിൽ താപക്കെടുതിയിൽ മുപ്പതോളം പേർ മരിച്ചത്. നിരവധിയാളുകൾ ചികിത്സയിലാണ്. ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ. 40 ഡിഗ്രി വരെ ഉയർന്നും ഇവിടുത്തെ ചൂട്. ഈ താപനിലസ ജപ്പാനിൽ അസാധാരണമാണ്.

സ്കോട്‌ലാൻഡിലെ ഗ്ലാസ്കോയിലുള്ള സയൻസ് സെന്ററിന്റെ മേൽക്കൂര ഉരുകിയൊലിക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി മാറിയതും ഈയിടെയാണ്. ചൂടിന്റെ കാഠിന്യം യുകെയെയും പിടികൂടിക്കഴിഞ്ഞെന്നതിന്റെ സൂചനയായിരുന്നു പ്രസ്തുത വാർത്തകളിൽ നിറയെ.

ഈ ഉഷ്ണതരംഗത്തെ ചെറുതായിക്കാണാൻ കഴിയില്ല. ഭൂമിയിൽ ജീവിക്കുന്ന ഒരാളും ഇതിൽ നിന്നും സുരക്ഷിതരുമല്ല. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ ജീവജാലങ്ങളെയും ബാധിക്കാനിരിക്കുന്ന ഒരു കാലാവസ്ഥാമാറ്റത്തിന്റെ സൂചകങ്ങളാണ് ഈ സംഭവങ്ങൾ. ഈ സംഭവങ്ങൾ ഇപ്പോൾ നടക്കുന്ന സ്ഥലവുമായുള്ള ഭൂമിശാസ്ത്രപരമായ അകലത്തെ ആശ്രയിച്ച് സുരക്ഷിതരാണെന്ന് ആശ്വസിക്കാൻ ഒരാൾക്കും സാധ്യമല്ല.

ആഗോള കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഈ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്നു പറയാം. അതായത്, മറ്റു ചില കാരണങ്ങൾ കൂടിയുണ്ടാകാം എന്ന് ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഡാൻ മിച്ചേല്‍ പറയുന്നു. മാറ്റങ്ങളുടെ ഉത്തരവാദിത്വം കാലാവസ്ഥാ വ്യതിയാനത്തിൽ അമിതമായി ആരോപിക്കുന്നത് കാര്യങ്ങളെ ശരിയായി മനസ്സിലാക്കുന്നതിന് തടസ്സമാകും.

ഭൂമിക്കു മുകളിൽ അഞ്ചോ ആറോ മൈലകലെ പടിഞ്ഞാറു നിന്നും കിഴക്കോട്ട് വീശിയടിക്കുന്ന ജെറ്റ് സ്ട്രീമിൽ വരുന്ന ചില വ്യതിയാനങ്ങളും ഇപ്പോഴത്തെ ഉഷ്ണതരംഗത്തിന് ഒരുപക്ഷെ കാരണമായിട്ടുണ്ടാകാമെന്നാണ് മിച്ചേൽ ഊഹിക്കുന്നത്. നിലവിൽ ഈ സ്ട്രീം വളരെ ദുർബലമാണ്. ഇതിന്റെ ഫലമായി ഉയർന്ന അന്തരീക്ഷമർദ്ദം വളരെ ഉയരുന്നു. അത് ഒരിടത്ത് ഏറെക്കാലം നിലനിൽക്കുകയും ചെയ്യുന്നു.

This post was last modified on July 23, 2018 6:25 pm

Related Post
Leave a Comment