X

ചെയിൻ സ്മോക്കർ കിം ജോങ് വലി വേണ്ടെന്നു വെച്ച ഒരു ദിവസം!

ഉത്തര കൊറിയയിൽ തിരിച്ചെത്തിയ മാത്രയിൽ കിം ഒരു സിഗരറ്റെടുത്ത് വലിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് മൂന്‍ ജേ ഇന്നും നടത്തിയ ചരിത്രപരമായ സമാധാന ഉച്ചകോടിയെ ലോകം ആഹ്ലാദത്തോടെയാണ് കണ്ടത്. ഈ ഉച്ചകോടിയെ കിം ജോങ് ഉൻ എത്ര പ്രാധാന്യത്തോടെയാണ് കണ്ടതെന്നതിന് പ്രത്യേകിച്ച് തെളിവുകളൊന്നും ഹാജരാക്കേണ്ടതില്ല. അന്നേദിവസം, ഒരു ചെയിൻ സ്മോക്കറായ കിം ഒരു സിഗരറ്റ് പോലും പൊതുസ്ഥലത്തു നിന്ന് വലിക്കുകയുണ്ടായില്ല എന്നത് അന്തർദ്ദേശീയ മാധ്യങ്ങൾ ആഘോഷത്തോടെ വാർത്തയാക്കിയിട്ടുണ്ട്. ഉച്ചകോടിയോട് എത്രത്തോളം ആവേശകരവും തുറന്നതുമായ സമീപനമായിരുന്നു കിമ്മിന്റേത് എന്നതിന് തെളിവായി ഇതിനെ കാണാവുന്നവരുണ്ട്.

2017 ജൂലൈയിൽ, ഒരു ബാലിസ്റ്റിക് മിസ്സൈല്‍ വിക്ഷേപിക്കുന്നതിനു തൊട്ടടുത്ത് നിന്നു പോലും സിഗരറ്റ് വലിച്ച പുള്ളിയാണ് കിം എന്നതു കൂടി ഇതോടൊപ്പം ചേർത്തു വായിക്കണം. അങ്ങേയറ്റം അപകടകാരിയായ, പെട്ടെന്ന് ബാഷ്പകരിക്കപ്പെടുന്ന ലിക്വിഡ് ഫ്യുവലിൽ പ്രവർത്തിക്കുന്ന റോക്കറ്റ് എന്‍ജിനരികില്‍ നിന്ന് വലിച്ചയാൾ സമാധാന ഉച്ചകോടി ദിനത്തിൽ സിഗരറ്റ് കൈകൊണ്ട് തൊട്ടില്ല!

ഉത്തര കൊറിയയിൽ തിരിച്ചെത്തിയ മാത്രയിൽ കിം ഒരു സിഗരറ്റെടുത്ത് വലിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

കിം നല്ലൊരു വലിക്കാരനാണെന്ന് തങ്ങൾ കേട്ടിരുന്നെന്നും എന്നാൽ, സമാധാന ഉച്ചകോടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അദ്ദേഹം പൊതുസ്ഥലത്ത് വെച്ച് സിഗരറ്റ് വലിക്കുകയുണ്ടായില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡണ്ടിന്റെ ഓഫീസ് വൃത്തങ്ങൾ ആഹ്ലാദത്തോടെ പറഞ്ഞു.

അതെസമയം, സിഗരറ്റിനോടുള്ള മനോഭാവമായിരുന്നില്ല മദ്യത്തോട് കിം കാണിച്ചതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിരുന്നിന്റെ സമയത്ത് വീര്യമേറിയ മദ്യം നൽകിയപ്പോഴെല്ലാം കിം വാങ്ങിക്കുടിച്ചു എന്നാണ് റിപ്പോർട്ടുകൾ.

പൂനൂര്‍ പുഴ വീണ്ടുമൊഴുകും; കോഴിക്കോട്ടുകാര്‍ അത് തീരുമാനിച്ചു കഴിഞ്ഞു

This post was last modified on May 1, 2018 6:29 pm