X

കൊറിയയിലെ സൈനികമുക്ത മേഖലയിൽ വെച്ച് കിം ജോങ് ഉന്നിനെ കാണണമെന്ന് ട്രംപ്; ഹസ്തദാനം ചെയ്യണം, ഒരു ഹലോ പറയണം

കഴിഞ്ഞ മാസം ഉത്തര കൊറിയ നിരവധി ആയുധ പരീക്ഷണങ്ങൾ നടത്തിയപ്പോൾ ട്രംപ് അത്ഭുതകരമായ മൃദു സമീപനമാണ് സ്വീകരിച്ചത്.

കൊറിയൻ ഉപദ്വീപിനെ വടക്കും തെക്കുമായി വിഭജിക്കുന്ന സൈനികമുക്ത മേഖലയില്‍വെച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി സംസാരിക്കണമെന്ന് ഡോണൾഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി-20 യോഗത്തിനു ശേഷം ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനിടെ ഉത്തര കൊറിയയുമായും ചര്‍ച്ചക്ക് സാധ്യതയുണ്ടോ എന്നാണ് അദ്ദേഹം നോക്കുന്നത്. കഴിഞ്ഞ ദിവസം ട്വീറ്ററിലൂടെയാണ് ട്രംപ് തന്റെ താൽപര്യം അറിയിച്ചത്.

കിമ്മുമായി സംസാരിക്കാമെന്നത് പെട്ടന്നു തോന്നിയ ഒരാശയമായിരുന്നെന്ന് ട്രംപ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘കിമ്മിന്റെ അഭിപ്രായം അറിയാന്‍ വേണ്ടി ഇട്ട ട്വീറ്റാണത്. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ നോര്‍ത്ത് കൊറിയയില്‍ ഉണ്ടായിരിക്കണമെന്നില്ല. നോക്കാം, അദ്ദേഹം അവിടെയുണ്ടെങ്കില്‍ രണ്ടുമിനിറ്റ് നേരത്തേക്ക് ഒന്ന് കാണാം, അത്രമാത്രം. പക്ഷെ അത് നന്നായിരിക്കുമെന്നാണ് തോന്നുന്നത്,’ ട്രംപ് പറഞ്ഞു.

അതെസമയം ട്രംപിന്റെ ക്ഷണത്തോട് ആഹ്ലാദത്തോടെ പ്രതികരിച്ച ഉത്തര കൊറിയ, തങ്ങൾക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന വസ്തുത അറിയിച്ചു.

ഇരുവരും തമ്മില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യം കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിലും, പിന്നീട് ഫെബ്രുവരിയിൽ ഹാനോയിലും. ഏറെ പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയ ഈ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ആണവ നിരായുധീകരണം സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാത്തതാണ് കാരണം. ഉത്തര കൊറിയന്‍ നേതാവുമായി കടുത്ത വാഗ്വാദങ്ങളിലേർപ്പെട്ടാണ് ട്രംപ് തന്റെ ഭരണം ആരംഭിച്ചതു തന്നെ. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ അതു വളര്‍ന്നിരുന്നു. എന്നാല്‍ സിംഗപ്പൂരിൽവെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയ ശേഷം ബന്ധം കൂടുതല്‍ ദൃഢമായി.

കഴിഞ്ഞ മാസം ഉത്തര കൊറിയ നിരവധി ആയുധ പരീക്ഷണങ്ങൾ നടത്തിയപ്പോൾ ട്രംപ് അത്ഭുതകരമായ മൃദു സമീപനമാണ് സ്വീകരിച്ചത്. അമേരിക്ക വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ട്രംപ് തന്റെ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതും ഉത്തര കൊറിയയുമായുള്ള നയതന്ത്ര പുരോഗതിയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. ‘ഞാനല്ലായിരുന്നു പ്രസിഡണ്ടെങ്കിൽ കൊറിയയുമായി യുദ്ധമുണ്ടായേനെ’ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

This post was last modified on June 29, 2019 12:13 pm