X

ഇന്ത്യയില്‍ എല്ലാം ഗംഭീരമെന്ന് ഹൂസ്റ്റണ്‍ റാലിയില്‍ മോദി, തന്നെ പോലൊരു സുഹൃത്തിനെ ഇന്ത്യക്ക് അമേരിക്കയില്‍ കിട്ടാനില്ലെന്ന് ട്രംപ്‌

ഇന്ത്യയിൽ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് വിവിധ ഭാഷകളില്‍ മോദി സദസ്സിനോട്‌ പറഞ്ഞു

യുഎസിലെ ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ സംഗമ വേദിയിൽ പരസ്പരം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ്  ഡൊണൾഡ് ട്രംപും. ടെക്സസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോട് സംവദിക്കുന്നതിനിടെയായിരുന്നു പരാമർശങ്ങൾ. സമ്മേളനത്തിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണ്. ഡൊണൾഡ് ട്രംപ് ഒരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റ് ആകട്ടെയെന്നും ആശംസിച്ച മോദി ഇന്ത്യയില്‍ എല്ലാം ഗംഭീരമെന്നും റാലിയില്‍ അവകാശപ്പെട്ടു.‌‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിയില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടുമെന്നും ട്രംപ് പറഞ്ഞു. തന്നെ പോലൊരു സുഹൃത്തിനെ ഇന്ത്യക്ക് അമേരിക്കയില്‍ കിട്ടാനില്ലെന്നും ട്രംപ്‌ പ്രസംഗത്തിൽ അവകാശപ്പെട്ടു. അതിര്‍ത്തികാവല്‍ ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണെന്ന് വ്യക്തമാക്കാനും ട്രംപ് ഹൂസ്റ്റൺ വേദിയിൽ തയ്യാറായി. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യവും യുഎസ് പ്രസിഡന്റ് പ്രകടിപ്പിച്ചു.

അരലക്ഷത്തിലേറെ ഇന്ത്യക്കാർ പങ്കെടുത്ത ‘ഹൗഡി മോദി’ സംഗമം ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ വർണാഭമായ സാംസ്കാരിക പരിപാടികളോടെയാണ് നടന്നത്. കലാപരിപാടികള്‍ക്ക് ശേഷം വേദിയിലെത്തിയ മോദിയെ ടെക്‌സാസ് ഗവര്‍ണറാണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്ത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം പരാമര്‍ശിച്ചും അഴിമതിക്കെതിരായ പ്രവർത്തനങ്ങള്‍ എടുത്തുപറഞ്ഞുമായിരുന്നു മോദി ഹൂസ്റ്റണിൽ പ്രസംഗിച്ചത്. ഭീകരവാദത്തിനെതിരെയും അത് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും നിര്‍ണായക പോരാട്ടത്തിനുള്ള സമയമായെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് വിവിധ ഭാഷകളില്‍ സദസ്സിനോട്‌ പറഞ്ഞുകൊണ്ടായിരുന്നു മോദി തന്റെ പ്രസംഗം ആരംഭിച്ചത്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മഹത്വം. അതാണ് ഇന്ത്യയുടെ ശക്തി. ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ വികസനം നഷ്ടമാക്കുകയായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

അഴിമതിയെ വെല്ലുവിളിക്കുകയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. ഞങ്ങള്‍ ഞങ്ങളോടാണ് മത്സരിക്കുന്നത്. ഞങ്ങള്‍ ഞങ്ങളെ തന്നെയാണ് വെല്ലുവിളിക്കുന്നത്. ഞങ്ങള്‍ ഞങ്ങളില്‍ മാറ്റം വരുത്തുകയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ വികസനത്തിന്റെ പാതയിലെത്തിയതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

അതേസമയം, അമേരിക്കയെ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിന് പങ്കുണ്ടെന്നും നിലവിൽ ഇന്ത്യാ- അമേരിക്ക ബന്ധം എക്കാലത്തേയും മികച്ച തലത്തിലെത്തിയെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യക്കാര്‍ നിരവധി വ്യവസായങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കി. അതിന് ഇന്ത്യന്‍ വംശജരോട് നന്ദി പറയുന്നു.   ഇന്ത്യക്കായി അസാധാരണമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മോദി. മോദിയോടൊപ്പം വേദി പങ്കിടാനായതില്‍ സന്തോഷിക്കുന്നെന്നും വ്യക്തമാക്കിയ ട്രംപ് ഇസ്ലാമിക ഭീകരതയെ ഇരുരാജ്യങ്ങളും ഒരുമിച്ച് നേരിടുമെന്നും പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

This post was last modified on September 23, 2019 10:03 am