X

ഇറാന്റെ കരാർ ലംഘനങ്ങൾ സാരമായതല്ല; പുതിയ നീക്കങ്ങളിൽ നിന്നും പിൻവാങ്ങാൻ ഇറാനെ ക്ഷണിക്കുന്നു: യൂറോപ്യൻ യൂണിയൻ

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതായി സംശയിക്കുന്ന ഇറാനിയൻ ഓയിൽ ടാങ്കർ ഈ മാസം ആദ്യം യുകെ പിടിച്ചെടുത്തതിനെ തുടർന്ന് സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായിരിക്കുകയാണ്.

ഇറാന്‍ ആണവക്കരാര്‍ ലംഘിച്ചത് അത്ര സാരമായതല്ലെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവി ഫെഡറിക മൊഗെരിനി. എല്ലാം പഴയപടിയാക്കാന്‍ സാധിക്കുമെന്ന് അവർ പറഞ്ഞു. ‘നിലവിലെ നടപടികളെല്ലാം പൂര്‍ണ്ണമായും പിന്‍വലിച്ചു പഴയപടിയാക്കാന്‍ ഇറാനെ ഞങ്ങള്‍ ക്ഷണിക്കുകയാണെ’ന്നും മൊഗെരിനി പ്രസ്താവിച്ചു. സിറിയയ്ക്ക് എണ്ണ നൽകുന്നതും, സമ്പുഷ്ട യുറേനിയം ഉൽപാദിപ്പിക്കുന്നതും അടക്കമുള്ള ഇറാന്റെ നീക്കങ്ങളെയാണ് മൊഗെരിനി ഉദ്ദേശിക്കുന്നത്.

ലോകശക്തികളുമായി 2015-ല്‍ ഉണ്ടാക്കിയ ആണവ കരാറാണ് ഇറാന്‍ ലംഘിച്ചത്. അമേരിക്കയാണ് ആദ്യം കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറിയത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായി. ഹോര്‍മുസ് കടലിലെ കപ്പല്‍ ആക്രമണ ആരോപണവും, അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതും കൂടിയായപ്പോള്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതോടെ ഇറാൻ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടങ്ങൾ നഷ്ടപ്പെടുകയും രാജ്യത്തെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. അതോടെ, തങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചു.

മെയ് മാസത്തോടു കൂടി സമ്പുഷ്ട യുറേനിയത്തിന്റെ ഉൽപാദനം ഇറാൻ വർധിപ്പിച്ചിരുന്നു. ആണവ റിയാക്ടറുകൾക്കുള്ള ഇന്ധനവും അണുബോംബുകളും നിർമിക്കാൻ ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയം ഉൽപാദനം വർധിപ്പിച്ചത് ഏകപക്ഷീയമായി കരാറിൽ നിന്നും പിൻവാങ്ങിയ യുഎസ്സിനുള്ള മറുപടി കൂടിയായിരുന്നു.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതായി സംശയിക്കുന്ന ഇറാനിയൻ ഓയിൽ ടാങ്കർ ഈ മാസം ആദ്യം യുകെ പിടിച്ചെടുത്തതിനെ തുടർന്ന് സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായി. കാലങ്ങളായി ഇറാനെതിരെ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉപരോധം പിന്‍വലിച്ചുകൊണ്ടാണ് ആണവക്കരാര്‍ ഉണ്ടാക്കിയത്. സാങ്കേതികമായി സ്വീകരിച്ച എല്ലാ നടപടികളിലും ഞങ്ങള്‍ ഖേദിക്കുന്നുവെന്നും അത് തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മൊഗേരിനി പറഞ്ഞു. കരാറിൽ ഒപ്പിട്ടവരാരും ഈ ലംഘനങ്ങൾ കാര്യമായി കാണുന്നില്ല, അതുകൊണ്ടുതന്നെ കൂടുതല്‍ ഉപരോധങ്ങളിലേക്ക് കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുമില്ല എന്നും അവര്‍ പറഞ്ഞു. ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യൻ രാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ അമേരിക്കന്‍ ഉപരോധത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് കരാറില്‍ അവശേഷിക്കുന്ന കക്ഷികൾ, പ്രത്യേകിച്ചും യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങള്‍, കൂടുതൽ ഒന്നും ചെയ്യാത്തിടത്തോളം കാലം കരാറിലെ ചില വ്യവസ്ഥകള്‍ അവഗണിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ആണവ ഉടമ്പടി മരിച്ചിട്ടില്ലെന്നും രക്ഷപ്പെടുത്താൻ ഒരു ചെറിയ ജാലകം തുറന്നുകിടപ്പുണ്ടെന്നും ബ്രിട്ടൻ അഭിപ്രായപ്പെട്ടു. അമേരിക്ക തങ്ങളുടെ സഖ്യകക്ഷിയാണെങ്കിലും ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് ബ്രിട്ടീഷ‌് വിദേശ സെക്രട്ടറി ജെറെമി ഹണ്ട‌് മാധ്യമങ്ങളോട‌് പറഞ്ഞത്. ഉടമ്പടി സംരക്ഷിക്കാൻ യൂറോപ്പ‌് ഒറ്റക്കെട്ടായി നിൽക്കണമെന്ന‌് ഫ്രഞ്ച‌് വിദേശമന്ത്രി ഴാങ‌് യവ‌്സ‌് ലെ ദ്രിയാൻ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ തെറ്റായ തീരുമാനത്തോട‌് ഇറാൻ തെറ്റായാണ‌് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം തങ്ങൾ പിടിച്ചു വെച്ചിട്ടുള്ള ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് ആണ് ഇക്കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിനെ അറിയിച്ചത്. ‘ഗ്രേസ് 1’ എന്ന എണ്ണ കപ്പലാണ് ബ്രിട്ടന്റെ കസ്റ്റഡിയിലുള്ളത്. മേഖലയിലെ സംഘര്‍ഷാവസ്ഥയും പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ഇറാന്‍ താല്‍പര്യപ്പെടുന്നത് എന്നും അല്ലാതെ ആളിക്കത്തിക്കാനല്ല എന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിക്കുകയുണ്ടായി. ഗ്രേസ് വണ്ണിനെ പിടിച്ചുവച്ചത് സിറിയയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളത് കൊണ്ടാണ് എന്നും അല്ലാതെ കപ്പല്‍ ഇറാന്റേതായത് കൊണ്ടല്ല എന്നു ജെര്‍മി ഹണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണ കപ്പല്‍ ആക്രമിക്കപ്പെട്ടതോടെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. പിന്നില്‍ ഇറാന്‍ ആണെന്ന് യുഎസും യുകെയും ആരോപിച്ചു. അതേസമയം ഇറാന്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കപ്പല്‍ ആക്രമിക്കുന്നതിന്റെ തെളിവ് എന്ന് പറഞ്ഞ് ഒരു വീഡിയോ യുഎസ് പുറത്തുവിട്ടിരുന്നു.

This post was last modified on July 16, 2019 4:32 pm