X

അനധികൃതമായി എണ്ണ കടത്തുന്ന വിദേശ കപ്പലിനെ പിടികൂടിയെന്ന് ഇറാൻ; ഡ്രോൺ വെടിവെച്ചിട്ടെന്ന് ട്രംപ്

ഡ്രോൺ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ന്യൂയോർക്കിലെ യുഎൻ സന്ദർശനത്തിലുള്ള ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞത്.

ഒരു വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാന്‍. ഇതോടെ ഇന്ധന കയറ്റുമതിയുടെ സുപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇരട്ടിയായി. അനധികൃതമായി എണ്ണ കടത്താന്‍ ശ്രമിച്ച കപ്പല്‍ പിടിച്ചെടുത്തു എന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ചുകൊണ്ട് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്തത്.

പേർഷ്യൻ ഗൾഫിലെ ലാറക് ദ്വീപിൽനിന്നും 1 മില്ല്യന്‍ മീറ്റർ ലിറ്റർ ഇന്ധനം കടത്തുകയായിരുന്ന ഒരു വിദേശ കപ്പലാണ് പിടിച്ചെടുത്തതെന്ന് ഇറാന്‍ അവകാശപെടുന്നു. തുടക്കത്തിൽ കപ്പലിനെയോ അതിന്റെ ഉടമകളെയോ ഇറാനികൾ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍, പാനമയുടെ ഫ്ലാഗുള്ള എംടി റിയ എന്ന കപ്പലാണ് അതെന്ന് ഔദ്യോഗിക ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ജൂലൈ 14 മുതലാണ്‌ കപ്പല്‍ കാണാതായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച പുലർച്ചെ കപ്പലില്‍നിന്നുള്ള സന്ദേശങ്ങള്‍ നിലച്ചിരുന്നു. അപകടാവസ്ഥയിലായ ഒരു കപ്പലിനെ സഹായിച്ചതായി റിയയുടെ പേരു പറയാതെ ഇറാന്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. അപ്പോഴും കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.

പിടിച്ചെടുത്തത് ദശലക്ഷക്കണക്കിന് ലിറ്റര്‍ എണ്ണ കടത്തിക്കൊണ്ടുപോകുകയായിരുന്ന ഒരു ചെറിയ കപ്പല്‍മാത്രമാണെന്നും, അത് വലിയ ടാങ്കറല്ലെന്നും, ഇത് സാധാരണ നടക്കുന്ന കാര്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.

അതിനിടെ, ഹോർമുസ് കടലിടുക്കിൽനിന്നും ഒരു ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി അമേരിക്കയും സ്ഥിരീകരിച്ചു. നിരവധിതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാതെ അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ബോക്സറിന്റെ 1,000 യാർഡിനുള്ളിൽ ഡ്രോൺ കടന്നതിനെതുടര്‍ന്നാണ്‌ പ്രധിരോധ നടപടിയെന്നോണം അത് വെടിവെച്ചിട്ടതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഡ്രോൺ ഉടൻ തന്നെ നശിപ്പിച്ചുവെന്ന് അവകാശപ്പെട്ട ട്രംപ് ആളില്ലാ വിമാനം അമേരിക്കൻ കപ്പലിനും അതിലെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയെന്നും, മറ്റു രാജ്യങ്ങള്‍ ഇറാന്റെ നടപടിയെ അപലപിക്കുകയും സ്വന്തം കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്നും പറഞ്ഞു.

എന്നാല്‍ ഡ്രോൺ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ന്യൂയോർക്കിലെ യുഎൻ സന്ദർശനത്തിലുള്ള ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞത്. ഡ്രോൺ എങ്ങനെയാണ് തകര്‍ത്തത് എന്നതുസംബന്ധിച്ച വിവരങ്ങളൊന്നും അമേരിക്ക പുറത്തുവിട്ടിട്ടില്ല. പ്രധിരോധ നടപടിയെന്നോണം ഒരു ഡ്രോൺ വെടിവെച്ചിട്ടുവെന്ന് പെന്റഗൺ വക്താവ് ജോനാഥൻ ഹോഫ്മാൻ വ്യക്തമാക്കിയെങ്കിലും അത് ഇറാന്റെ ആളില്ലാ വിമാനമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് വ്യോമപരിധി ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ അമേരിക്കയുടെ ഡ്രോൺ വെടിവച്ചു വീഴ്ത്തിയത്.

ഇതിനോടുള്ള പ്രതികരണമായി ഉപരോധങ്ങള്‍ അമേരിക്ക കൂടുതല്‍ ശക്തമാക്കിയിരുന്നു. അതോടെ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളടക്കം പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് വീണ്ടും സ്ഥിതിഗതികള്‍ രൂക്ഷമാക്കിക്കൊണ്ട് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ച ഇറാന്റെ ഭീമന്‍ കപ്പലായ (സൂപ്പര്‍ ടാങ്കര്‍) ജിബ്രാൾട്ടറിൽവെച്ച് ബ്രിട്ടണ്‍ തടഞ്ഞത്. അതിനു തൊട്ടുപിറകെയായി വന്ന പുതിയ സംഭവ വികാസങ്ങള്‍ പശ്ചിമേഷ്യയെ യഥാർത്ഥത്തില്‍ ഒരു യുദ്ധത്തിന്റെ വക്കോളമെത്തിച്ചിരിക്കുകയാണ്.

This post was last modified on July 19, 2019 8:46 am

Related Post
Leave a Comment