X

യുഎസ്സുമായുള്ള സംഘർഷത്തിനിടെ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാൻ ഇറാൻ തയ്യാറെടുക്കുന്നു

ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഗള്‍ഫിലെ സൈനികസന്നാഹം ശക്തമാക്കുന്നതിന് അമേരിക്ക ആദ്യമായി എഫ്-22 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ചു.

തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണശേഷി വർധിപ്പിക്കാനുള്ള പ്രവൃത്തികളാരംഭിച്ചുവെന്ന് വീണ്ടും ഇറാൻ. അമേരിക്കയുമായുള്ള ആണവക്കരാർ റദ്ദാക്കപ്പെട്ടാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ ശേഷി വർധിപ്പിക്കുമെന്ന് ഇറാന്റെ അണ്വായുധ പ്രവർത്തനങ്ങളുടെ മേധാവി അലി അക്ബർ സലേഹി നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണവോർജ ഏജൻസിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

വിയന്നയില്‍വെച്ച് നടന്ന കമ്മീഷൻ മീറ്റിംഗില്‍ ഇറാന്റെ ന്യായമായ ആവശ്യങ്ങൾപോലും അംഗീകരിക്കാത്ത സാഹചര്യത്തില്‍ കരാര്‍ പ്രകാരം നിര്‍ണ്ണയിച്ച യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോയില്‍ നിന്നും ഉയര്‍ത്താനുള്ള തീരുമാനം എടുത്തതായി പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘അല്‍-ജസീറ’ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇറാൻ ആണവായുധ നിർമ്മാണം ഗണ്യമായി കുറയ്ക്കുന്നതിനു പകരം അവർക്കുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു 2015-ലെ ആണവ കരാർ.

എന്നാൽ, കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽ നിന്നു പിൻമാറുകയും ഇറാനുമേല്‍ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രതിസന്ധിയിലായ ഇറാന്‍ കരാറില്‍നിന്ന് പിന്മാറുകയായിരുന്നു. റഷ്യ, ചൈന, യുകെ, ഫ്രാൻസ്, ജർമനി, എന്നീ രാജ്യങ്ങളാണ് അമേരിക്കയെക്കൂടാതെ കരാറിലുള്ളത്.

അതെസമയം, ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഗള്‍ഫിലെ സൈനികസന്നാഹം ശക്തമാക്കുന്നതിന് അമേരിക്ക ആദ്യമായി എഫ്-22 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ചു. യൂറോപ്പില്‍ നിന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍ എത്തിയതിന് പിന്നാലെയാണ് എഫ്-22 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ചത്. യുഎസ് സൈന്യത്തിന്റെ കീഴിലുള്ള ഏറ്റവും അത്യാധുനിക പോര്‍വിമാനങ്ങളാണിത്. യുഎസ് സെന്‍ട്രല്‍ കമാന്റിന്റെ ആഭ്യര്‍ഥന മാനിച്ചാണ് യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഭീഷണി നിലനില്‍ക്കുന്നതായും ഇത് നേരിടാനാണ് യുദ്ധവിമാനങ്ങള്‍ തയ്യാറാക്കുന്നതെന്നുമാണ് യുഎസ് ഭാഷ്യം.

ദിവസങ്ങൾക്ക് മുൻപാണ് വ്യോമപരിധി ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ അമേരിക്കയുടെ ഡ്രോൺ വെടിവച്ചു വീഴ്ത്തിയത്. ഇറാനെതിരെ ഏതു പരമ്പരാഗതയുദ്ധവും ജയിക്കാനുള്ള സന്നാഹം അമേരിക്കയ്ക്കുണ്ട്. എന്നാല്‍ ഇറാന്‍ പഴയ ഇറാനല്ലെന്നുള്ള വ്യക്തമായ സന്ദേശം കൊടുക്കുകയാണ് ഡ്രോൺ തകർത്തതിലൂടെ ഇറാന്‍ ചെയ്തത്. അതോടെ, ഇറാന്റെ പരമോന്നത നേതാവടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം തിരിച്ചടിച്ചു. വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിയന്നയില്‍ നടന്ന നീണ്ട ചര്‍ച്ചയ്ക്കു ശേഷവും യു.എസ് ഉപരോധം തടയാന്‍ യൂറോപ്യന്‍ യൂനിയന്‍ വേണ്ടത്ര ശ്രമിച്ചിട്ടില്ല. അതോടെയാണ് യുറേനിയം സമ്പുഷ്ടീകരണം കൂട്ടാന്‍ ഇറാന്‍ തയ്യാറെടുക്കുന്നത്.

This post was last modified on June 30, 2019 12:34 pm