X

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ ദക്ഷിണകൊറിയൻ പ്രസിഡണ്ടിനെ കാണുന്നു; ചരിത്രമുഹൂര്‍ത്തമെന്ന് കിം

"കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി നമുക്ക് ഒരു ആശയവിനിമയം പോലും സാധ്യമായിരുന്നില്ല. ഇന്നാകട്ടെ ഒരു ദിവസം മുഴുവൻ നമുക്ക് സംസാരിക്കാം."

ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൻ ജേ ഇന്നുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ നടത്തുന്ന സമാധാന ഉച്ചകോടിക്ക് തുടക്കമായി. ‘ഒരു പുതിയ ചരിത്രത്തിന് ഇവിടെ തുടക്കമാകുന്നു’ എന്ന് കിം പ്രഖ്യാപിച്ചു. 1953നു ശേഷം ദക്ഷിണ കൊറിയൻ പ്രവിശ്യയിലേക്ക് കടക്കുന്ന ആദ്യത്തെ ഉത്തര കൊറിയൻ നേതാവായി കിം ഇതോടെ മാറി.

ഇന്നു രാവിലെ ഉത്തര-ദക്ഷിണ കൊറിയകളുടെ അതിർത്തിപ്രദേശത്തു വെച്ച് നടക്കുന്ന ഉച്ചകോടിയിലേക്ക് ഒരു കറുപ്പ് ലിമോസിനിൽ കിം ജോങ് ഉൻ എത്തിച്ചേരുകയായിരുന്നു. കിം ജോങ് ഉന്നിനെ വരവേൽക്കാർ ദക്ഷിണ കൊറിയ ചുവപ്പു പരവതാനി വിരിച്ച് തയ്യാറായി നിന്നിരുന്നു. പ്രസിഡണ്ട് മൂൻ ജേ നേരിട്ടെത്തി ജോങ് ഉന്നിനെ പരവതാനിയിലൂടെ ‘ശാന്തി ഭവന’ത്തിലേക്ക് ആനയിച്ചു.

മൂന്ന് നിർണായക വിഷയങ്ങൾ

ഇന്ന് മുഴുവൻ നീളുന്നതാണ് ഉച്ചകോടി. ലോകത്തെ മുഴുവൻ‌ ബാധിക്കുന്ന മൂന്ന് നിർണായക വിഷയങ്ങളിൽ ചർച്ചകൾ നടക്കും. കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവായുധരഹിതമാക്കുക എന്നതാണ് അവയിലൊന്ന്. സമാധാന ഉടമ്പടിയിലെത്തിച്ചേരാനുള്ള നടപടിയാണ് മറ്റൊന്ന്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തലാണ് ഒടുവിലത്തേത്.

“എന്തുകൊണ്ടാണ് ഈ ദൂരം മറികടക്കാൻ ഇത്രയധികം പ്രയാസപ്പെട്ടത്?”

ഒരു മേശക്കിരുപുറവുമിരുന്ന രണ്ടു നേതാക്കളും സംഭാഷണമാരംഭിച്ചപ്പോൾ കിം തുടങ്ങിയത് ഈ വാചകങ്ങളോടെയാണ്. തങ്ങൾക്കിടയിലുള്ള വിഭജനരേഖ മുറിച്ചുകടക്കാൻ പ്രയാസം നേരിടുന്നത്ര ഉയരത്തിലൊന്നും ആയിരുന്നില്ല. വളരെ എളുപ്പത്തിൽ നടന്നുവരാമായിരുന്ന ഒരിടത്തേക്ക് എത്തിപ്പെടാൻ 11 വർഷം നീണ്ട പ്രയത്നം വേണ്ടി വന്നെന്നും കിം പറഞ്ഞു.

കിം ജോങ് ഉൻ എടുത്ത ധീരമായ തീരുമാനത്തെ മൂൻ പ്രശംസിച്ചു. “കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി നമുക്ക് ഒരു ആശയവിനിമയം പോലും സാധ്യമായിരുന്നില്ല. ഇന്നാകട്ടെ ഒരു ദിവസം മുഴുവൻ നമുക്ക് സംസാരിക്കാം.” -മൂൻ പറഞ്ഞു.

കിം ജോങ് ഉൻ തന്റെ സഹോദരി കിം യോ ജോങ്ങിനൊപ്പമാണ് ഉച്ചകോടിക്കെത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഉത്തര കൊറിയയിലെ പ്യോംങ്ങ്യാങ്ങിൽ 2018 വിന്റർ ഒളിമ്പിക്സ് നടന്നപ്പോൾ ഉത്തരകൊറിയൻ സംഘത്തെ നയിച്ചത് ഇവരായിരുന്നു. നിലവിൽ‌ ഉത്തര കൊറിയൻ രാഷ്ട്രീയത്തിൽ ഇവര്‍ കാര്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

This post was last modified on April 27, 2018 9:33 am