X

കാലിഫോര്‍ണിയ കാട്ടുതീ വീട്ടിലെത്തി; നടി കിം കർഡാഷിയാനെ ഒഴിപ്പിച്ചു

വീടിനടുത്തുള്ള കാട് കത്തുന്നതിന്റെ വീഡിയോ കർഡാഷിയാൻ ഷെയർ ചെയ്തിരുന്നു.

റിയാലിറ്റി ടെലിവിഷൻ ഷോ താരം കിം കർഡാഷിയാനെ കാലിഫോർണിയ സ്റ്റേറ്റ് അധികൃതർ വീട്ടിൽ നിന്നും ഒഴിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിൽ പടർ‍‍ന്നുപിടിച്ച കാട്ടുതീ കര്‍ഡാഷിയാന്റെ വീടിനെയും ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചത്. കാലിഫോർണിയയിലെ നഗരമായ കാലബസാസിലാണ് കർഡാഷിയാന്റെ വീട് സ്ഥിതി ചെയ്യുന്നത്.

വീടിനടുത്തുള്ള കാട് കത്തുന്നതിന്റെ വീഡിയോ കർഡാഷിയാൻ ഷെയർ ചെയ്തിരുന്നു. തന്റെ ജെറ്റ് വിമാനത്തിൽ നിന്നെടുത്ത വീഡിയോയാണ് ഇവർ പങ്കുവെച്ചത്. തന്റെ നഗരത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് നടി ആരാധകരോട് ആവശ്യപ്പെട്ടു. ഹിഡൻ ഹിൽസിൽ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് താൻ മറ്റൊരിടത്തു നിന്ന് തിരിച്ചെത്തിയതായിരുന്നുവെന്നും പെട്ടെന്നാണ് കാട്ടുതീ പടർന്നെത്തിയതെന്നും അവർ പറഞ്ഞു.

തന്നെയും താൻ പാർക്കുന്ന സ്ഥലത്തെ ജനങ്ങളെയും രക്ഷിക്കാൻ സമയത്തിന് ഓടിയെത്തിയ അധികാരികളോടും കിം കർഡാഷിയാൻ നന്ദി പറഞ്ഞു. ഒഴിപ്പിക്കൽ നടക്കുന്നതിന്റെ വീഡിയോയും നടി പങ്കുവെച്ചിരുന്നു.

This post was last modified on November 10, 2018 4:09 pm