X

ഹോങ്കോങ് പ്രക്ഷോഭം: താൻ ചൈനയ്ക്കൊപ്പമെന്ന് നടി ലിയു; സിനിമ ബഹിഷ്കരിക്കുമെന്ന് സമരക്കാർ

ലിയു നായികയായി അഭിനയിച്ച ഡിസ്നിയുടെ മുലാന്‍ എന്ന ചിത്രം ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം.

ഹോങ്കോങ്ങില്‍ അരങ്ങേറുന്ന ജനാധിപത്യ പ്രക്ഷോഭത്തെ തള്ളിക്കളഞ്ഞുകൊണ്ട് പ്രമുഖ നടിയും ‘മുലാന്‍’ സ്റ്റാറുമായ ലിയു യിഫെ രംഗത്ത്. അതോടെ അവര്‍ നായികയായി അഭിനയിച്ച ഡിസ്നിയുടെ മുലാന്‍ എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ശക്തമാവുകയാണ്. അമേരിക്കന്‍ പൌരത്വം സ്വീകരിച്ചിട്ടുണ്ടെങ്കിലും താന്‍ ഇക്കാര്യത്തില്‍ ചൈനക്കൊപ്പമാണെന്ന് ലിയു യിഫെ പറയുന്നു. ഹോങ്കോങ് പോലീസിനെ പിന്തുണച്ചുകൊണ്ട് ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ താരം അഭിപ്രായം രേഖപ്പെടുത്തി. അതാണ്‌ അവരുടെ സിനിമ ബഹിഷ്കരിക്കണമെന്ന തരത്തിലുള്ള ഹാഷ്ടാഗുകള്‍ വ്യാപകമായി പ്രചരിക്കാന്‍ കാരണമായത്.

ബ്രിട്ടന്‍റെ ഈ മുന്‍കോളണിയുടെ മേല്‍ 22 വര്‍ഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്ക് ശക്തമായ വെല്ലുവിളിയാവുകയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം. 10 ആഴ്ചയോളമായി അത് നഗരത്തെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട്. ഐക്യരാഷ്ട്ര സംഘടനയും നിരവധി മനുഷ്യാവകാശ സംഘടനകളും ഹോങ്കോങ് പോലീസിന്‍റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ‘ഞാൻ ഹോങ്കോംഗ് പോലീസിനെ പിന്തുണയ്ക്കുന്നു’ എന്നാണ് യിഫെ വെയ്‌ബോയിൽ കുറിച്ചത്. പ്രക്ഷോഭം ‘ഹോങ്കോങ്ങിന് എന്തൊരു നാണക്കേടാണ്’ എന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഈ ആഴ്ച ആദ്യം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പ്രതിഷേധക്കാർ ആക്രമിച്ച സ്റ്റേറ്റ് പത്രമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് യിഫെ സമൂഹമാധ്യമത്തില്‍ തന്‍റെ അഭിപ്രായം പങ്കുവെച്ചത്. അതേസമയം അവര്‍ക്ക് വ്യാപകമായ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാൽ ചൈനയിൽ നിരോധനമുള്ള ട്വിറ്ററിൽ #BoycottMulan എന്ന ഹാഷ്‌ടാഗ് ട്രെന്‍ഡിംഗ് ആവുകയാണ്. പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെ നടി പിന്തുണയ്ക്കുന്നതാണ് ട്വിറ്റർ ഉപയോക്താക്കളെ ചോദിപ്പിക്കുന്നത്. കൂടാതെ ഒരു അമേരിക്കൻ പൗരയെന്ന നിലയിൽ അവൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിലേക്കും അവര്‍ വിരൽ ചൂണ്ടുകയും ചെയ്യുന്നു.

അത് 10 ആഴ്ചയോളമായി നഗരത്തെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട്. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.

This post was last modified on August 18, 2019 12:53 pm