ജൂൺ മാസത്തിൽ തന്റെ സിംഗപ്പൂർ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മധുബനി പെയിന്റിങ് വാങ്ങിയത് വാർത്തയായിരുന്നു. പെയിന്റിങ്ങിനെക്കുറിച്ചായിരുന്നില്ല, മറിച്ച് മോദി അത് വാങ്ങാനുപയോഗിച്ച കാർഡിനെക്കുറിച്ചായിരുന്നു വാർത്ത. രൂപേ കാർഡ് ഉപയോഗിച്ചാണ് മോദി പെയിന്റിങ് വാങ്ങിയതെന്ന് വാർത്തകൾ പറഞ്ഞു. മോദി തന്നെയും പിന്നീട് ട്വിറ്ററിൽ ‘ഞാൻ രൂപേ കാർഡ് ഉപയോഗിച്ച് ഒരു മധുബനി പെയിന്റിങ് വാങ്ങി’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രി റുപേ കാർഡിന്റെ പരസ്യക്കാരനായി മാറിയത് മറ്റ് സേവനദാതാക്കളെ അതൃപ്തരാക്കിയിരുന്നു. ഈ പ്രശ്നം ഇപ്പോൾ ആഗോള പേയ്മെന്റ് ദാതാക്കള്‍ നേരിട്ട് പരാതി നൽകുന്നതിലേക്ക് എത്തിയിരിക്കുകയാണ്.
അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ‘മാസ്റ്റർ കാർഡ്’ ഗുരുതരമായ ആരോപണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. നരേന്ദ്ര മോദി ദേശീയതാ വികാരത്തെ ആഭ്യന്തര പേയ്മെന്റ് നെറ്റ്‌വർക്കുകളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്നു എന്നാണ് മാസ്റ്റർ കാർഡിന്റെ പരാതി. ജൂൺ മാസത്തിൽ മാസ്റ്റർ കാർഡ് നൽകിയ പരാതി റൂയിട്ടേഴ്സ് ഇപ്പോൾ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്.
രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന 100 കോടിയോളം ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളിൽ പകുതിയും രൂപേ കാർഡുകളാണ്. വിപണിയിൽ ആധിപത്യം വർധിപ്പിക്കാൻ അധാർമികമായ വഴികൾ തേടുകയാണ് റുപേ കാർഡ് എന്നാണ് മാസ്റ്റർകാർഡിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിന് തുറന്ന പിന്തുണയാണ് കൊടുക്കുന്നതെന്നും പൊതുപരിപാടികളിൽ വരെ റുപേ കാർഡിനു വേണ്ടി സംസാരിക്കാറുണ്ടെന്നും മാസ്റ്റർകാർഡ് യുനൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് പറയുന്നു.
ജൂൺ മാസത്തിൽ റുപേ കാർഡ് ഉപയോഗിക്കുന്നത് ‘ദേശസേവനമാണെ’ന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നതായി പരാതിയിലുണ്ട്. മോദി ഡിജിറ്റൽ പേയ്മെന്റിനു വേണ്ടി നടത്തുന്ന പ്രചാരണങ്ങൾ നല്ലതാണെങ്കിലും സ്വദേശി കാർഡുകളെ പ്രത്യേകമായി സംരക്ഷിക്കുന്ന രീതി ഇതര രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളെ നശിപ്പിക്കുമെന്ന് മാസ്റ്റർകാർഡിന്റെ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡണ്ട് സാഹ്ര ഇംഗ്ലീഷ് അയച്ച പരാതിയിൽ പറയുന്നു.
പേയ്മെന്റ് സേവന ദാതാക്കളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് മാസ്റ്റർകാർഡ്. റുപേ കാർഡിന് പ്രാധാന്യം നൽകണമെന്ന് തുടർച്ചയായി പ്രധാനമന്ത്രി പറയുന്നത് യുഎസ് പേയ്മെന്റ് സേവനദാതാക്കൾക്ക് വിപണിയിലേക്കുള്ള ശരിയായ പ്രവേശനത്തിന് വിഘാതമാകുന്നതായി മാസ്റ്റർകാർഡ് ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതികരണം ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
This post was last modified on November 2, 2018 5:08 pm
Leave a Comment