X

സുഡാനില്‍ സൈന്യത്തെ പുറത്താക്കാന്‍ നിയമലംഘന സമരത്തിന് പ്രതിപക്ഷ സഖ്യത്തിന്റെ ആഹ്വാനം

അധികാരം ഒരു ജനാധിപത്യ സര്‍ക്കാരിന് കൈമാറണം എന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്

സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് പ്രതിപക്ഷത്തിന്‍റെ ആഹ്വാനം. വലിയ രീതിയിലുള്ള അറസ്റ്റും ഭീഷണിയും വകവക്കാതെയാണ് ജനങ്ങള്‍ സമരം ശക്തമാക്കുന്നത്. രാജ്യഭരണം പിടിച്ചടക്കിയ സൈന്യം എത്രയും പെട്ടന്നുതന്നെ അധികാരം ഒരു ജനാധിപത്യ സര്‍ക്കാരിന് കൈമാറണം എന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

തലസ്ഥാന നഗരിയായ ഖാര്‍ത്തൂമിലും അയല്‍ നഗരമായ ഓംദുര്‍മാനിലും കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. എല്ലാ തെരുവുകളും ശൂന്യമാണ്. കഴിഞ്ഞ ദിവസം ഇരു നഗരങ്ങളിലുമായി നടന്ന അക്രമാസക്തമായ സമരത്തില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായി. നൂറിലധികം പേരുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങാന്‍ സുഡാനിലെ പ്രധാന പ്രതിപക്ഷമായ സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന്‍ (എസ്.പി.എ) ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘സൈന്യത്തെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ഏറ്റവും വേഗത്തിലും ഫലപ്രദമായും ചെയ്യാന്‍ കഴിയുന്ന സമരമുറ നിസ്സഹകരണവും ദേശവ്യാപക നിയമലംഘനവുമാണ്’ എന്ന് എസ്.പി.എ പറഞ്ഞു.
സുഡാനിലെ ഏകാധിപതിയായ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയിരുന്നു. അതിന് ആദ്യം പിന്തുണ നല്‍കിയ സൈന്യംതന്നെ പിന്നീട് അധികാരം ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന ആവശ്യം പല കാരണങ്ങള്‍ പറഞ്ഞു സൈന്യം നിരാകരിച്ചു. അതാണ്‌ സൈന്യത്തിനെതിരെ സമരം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.

രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംയുക്ത പ്രതിപക്ഷ സഖ്യമായ ഫ്രീഡം ആന്‍റ് ചെയ്ഞ്ച് അലയന്‍സിന്‍റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സമരം ചെയ്യന്നത്. രണ്ട് പ്രതിപക്ഷ നേതാക്കളെ സൈന്യം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എത്യോപ്യന്‍ പ്രധാനമന്ത്രി അബീ അഹമ്മദിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടയിലാണ് അറസ്റ്റ് നടന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ മുഹമ്മദ് ഇസ്മത്, വിമത വിഭാഗമായ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റ് നോര്‍ത്തിന്‍റെ നേതാവ് ഇസ്മാഈല്‍ ജലാബ് എന്നിവരാണ് അറസ്റ്റിലായത്.

ഇതില്‍ രോഷാകുലരായ പ്രതിപക്ഷം ദേശവ്യാപക നിയമലംഘന സമരം കൂടുതല്‍ ശക്തമാക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. സൈന്യം ജനങ്ങള്‍ക്ക് ഭരണം കൈമാറുന്നത് വരെ നിയമലംഘന സമരം തുടരുമെന്ന് എസ്.പി.എ വ്യക്തമാക്കി. സമരക്കാര്‍ക്ക് നേരെ കഴിഞ്ഞ ദിവസം സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ 108 പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Read More: പ്രശസ്ത നാടകകൃത്ത് ഗിരീഷ് കര്‍ണാട് അന്തരിച്ചു

This post was last modified on June 10, 2019 11:33 am