X

ട്രംപ്-റഷ്യ: അറ്റോർണി ജനറലിന്റെ കത്ത് കാര്യം മനസ്സിലാക്കാതെയെന്ന് മ്യുള്ളര്‍

വില്യം ബാർ തന്റെ റിപ്പോർട്ടിന്റെ സന്ദർഭവും സ്വഭാവവും സത്തയും മനസ്സിലാക്കിയിട്ടില്ലെന്ന് മ്യുള്ളർ എഴുതിയ കത്തിൽ പറഞ്ഞു.

ഡോണൾ‌ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ റഷ്യൻ സ്വാധീനം അന്വേഷിച്ച സ്പെഷ്യൽ കൗൺസൽ റോബർട്ട് മ്യൂള്ളർ, തന്റെ അന്വേഷണത്തെക്കുറിച്ച് യുഎസ് അറ്റോർണി ജനറൽ വില്യം ബാർ നടത്തിയ പരാമർശങ്ങൾക്കെതിരെ രംഗത്ത്. ബാറിന്റെ പരാമർശങ്ങളിൽ തനിക്കുള്ള നൈരാശ്യം പ്രകടിപ്പിച്ച് മ്യുള്ളർ അദ്ദേഹത്തിന് കത്തെഴുതി. തന്റെ അന്വേഷണത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് ബാർ എഴുതിയ നാല് പേജ് വരുന്ന കത്ത് കാര്യങ്ങളെ ശരിയായി മനസ്സിലാക്കാതെയാണെന്ന് മ്യുള്ളർ പറഞ്ഞു. മാർച്ച് 24നാണ് ബാറിന്റെ സംഗ്രഹം പുറത്തുവന്നത്. ഇതിൽ പറയുന്നതു പ്രകാരം മ്യുള്ളറിന്റെ റിപ്പോർട്ടിൽ ട്രംപ് പ്രചാരക സംഘവും റഷ്യയും തമ്മിൽ ഒരു ബന്ധവും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതുകൂടാതെ പ്രസിഡണ്ട് ട്രംപ് നീതി നടപ്പാക്കുന്നതിനെ തടയാൻ ശ്രമിച്ചെന്നതിലേക്ക് യാതൊരു സൂചനകളും മ്യുള്ളർ നൽകിയിട്ടില്ലെന്നുമുള്ള അനുമാനമാണ് ബാറിന്റെ സംഗ്രഹത്തിലുള്ളത്.

വില്യം ബാർ തന്റെ റിപ്പോർട്ടിന്റെ സന്ദർഭവും സ്വഭാവവും സത്തയും മനസ്സിലാക്കിയിട്ടില്ലെന്ന് മ്യുള്ളർ എഴുതിയ കത്തിൽ പറഞ്ഞു. താൻ നടത്തിയ അന്വേഷണം എത്തിച്ചേന്ന നിഗമനങ്ങളെപ്പറ്റി പൊതുജനത്തിനിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ബാർ ചെയ്യുന്നതെന്ന് മ്യുള്ളർ പറയുന്നു.

അതെസമയം ഈ വിഷയത്തിൽ പ്രതികരിക്കാൻ മ്യുള്ളറുടെ വക്താവ് വിസമ്മതിച്ചു. അതെസമയം മ്യുള്ളറുടെ കത്ത് കിട്ടിയയുടനെ വില്യം ബാർ അദ്ദേഹത്തെ വിളിച്ചുവെന്നും ഇരുവരും ഊഷ്മളമായ സംഭാഷണത്തിൽ ഏർപ്പെട്ടെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വക്താവ് കെറി ക്യൂപെക് അറിയിച്ചു. അറ്റോർണി ജനറലിന്റെ ജനറൽ മാർച്ച് 24ന് എഴുതിയ കത്ത് തെറ്റാണെന്ന് മ്യുള്ളറിന് അഭിപ്രായമില്ലെന്ന് ക്യൂപെക് പറഞ്ഞു. ബാർ തന്റെ റിപ്പോർട്ടിന്റെ സന്ദർഭം തിരിച്ചറിയാതെയാണ് പ്രതികരിച്ചതെന്നതാണ് മ്യുള്ളറുടെ പരാതിയെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on May 1, 2019 3:46 pm