ആൽപ്സ് പർവ്വതനിരകളുടെ കിഴക്കൻ പ്രദേശത്തു നിന്നാണ് മഞ്ഞിൽ പുതഞ്ഞുകിടന്ന ‘വേട്ടക്കാരന്റെ’ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്നാണ് നിഗമനം. 1991ൽ കണ്ടെത്തുമ്പോൾ ഈ മൃതദേഹം മമ്മി രൂപത്തിലായിരുന്നു. ക്രിസ്തുവിനു മുമ്പ് 3400നും 3100നും ഇടയിലായിരിക്കണം ഇദ്ദേഹം ജീവിച്ചിരുന്നത് എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഓറ്റ്സി എന്നാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്ന പേര്.
ഓറ്റ്സിയെ പലവിധത്തിലുള്ള പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കി വരികയാണ് ശാസ്ത്രജ്ഞരും സമൂഹപഠിതാക്കളും. ഇതിൽ ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്ന വാർത്ത, നായാട്ടിന് പോകും മുമ്പ് ഓറ്റ്സി എന്താണ് കഴിച്ചിരുന്നതെന്ന് കണ്ടെത്തിയെന്നതാണ്.
ഓറ്റ്സിയുടെ വയറിനെ ഇക്കഴിഞ്ഞ ദിവസമാണ് ആഴത്തിലുള്ള പരിശോധനകൾക്ക് വിധേയമാക്കിയത്. ഉയർന്ന അളവിൽ കൊഴുപ്പുള്ള ഭക്ഷണമാണ് ഓറ്റ്സി കണ്ടെത്തിയിരിക്കുന്നത്. ഇത് മൃഗക്കൊഴുപ്പാണ്. വിശകലനങ്ങള്‍ക്കൊടുവിൽ ശാസ്ത്രജ്ഞർ ഏതാണ് മൃഗമെന്നും കണ്ടെത്തി. ആൽപൈൻ ഐബെക്സ് എന്ന പേരിലറിയപ്പെടുന്ന കാട്ടാടിനെയാണ് വേട്ടയ്ക്കു പോകും മുമ്പ് ഓറ്റ്സി കഴിച്ചത്.
വളരെ നാളുകളായി ഇദ്ദേഹത്തിന്റെ അവസാനഭക്ഷണം എന്തായിരുന്നു എന്നറിയാനുള്ള ശ്രമം നടന്നുവരികയായിരുന്നു. ഓറ്റ്സിയുടെ വയർ കണ്ടെത്താൻ തന്നെ ഏറെ സമയമെടുത്തു. ഒടുവിൽ ഒരു സിടി സ്കാൻ വഴിയാണ് വയർ കണ്ടെത്താനായത്. വാരിയെല്ലുകൾക്കടിയിൽ, ചുരുങ്ങിയ ശ്വാസകോശത്തിനൊപ്പമാണ് ഓറ്റ്സിയുടെ വയർ കിടന്നിരുന്നത്.
അവിശ്വസനീയമാം വിധം ഉയർന്ന അളവിലുള്ള കൊഴുപ്പാണ് ഓറ്റ്സി കഴിച്ചിരുന്നത്. കൊഴുപ്പ് ധാരാളം കഴിക്കുന്നത് ഉയർന്ന ഊർജം നൽകുമെന്ന് അറിയുന്ന ആളായിരുന്നു ഓറ്റ്സിയെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞരിപ്പോൾ. ഇക്കാരണത്താലാണ് അദ്ദേഹം കൂടിയ അളവിൽ കൊഴുപ്പുള്ള ഭക്ഷണം വേട്ടയ്ക്ക് പോകും മുമ്പ് കഴിച്ചതെന്നാണ് കരുതേണ്ടത്. കൂടാതെ ഉയരമേറിയ പ്രദേശത്തെ കാലാവസ്ഥയിൽ അതിജീവിക്കാനും ഈ ഭക്ഷണരീതി സഹായിച്ചിരിക്കണം.
ഓറ്റ്സിക്ക് മരിക്കുമ്പോൾ 45 വയസ്സ് പ്രായമുണ്ടായിരുന്നിരിക്കണം. തുകൽ കൊണ്ടുണ്ടാക്കിയ പാദുകം ധരിച്ചിരുന്നു. ചെമ്പ് കൊണ്ടുണ്ടാക്കിയ ഒരു മഴു കൈയിൽ കരുതിയിരുന്നു. കത്തിയും അമ്പും ഉണ്ടായിരുന്നു.
നിലവിൽ ഓറ്റ്സിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് മൈനസ് ആറ് ഡിഗ്രി സെൽഷ്യസ് തണുപ്പിലാണ്.
Leave a Comment